നിപയില്‍ വലിയ ആശ്വാസം; ചികിത്സയിലുള്ള ഒമ്പത് വയസുകാരനടക്കം രണ്ട് പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതിയില്‍ ആശ്വാസം. നിപ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ രോഗമുക്തരായി. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞ ഒമ്പത് വയസുകാരനടക്കം രണ്ട് പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും ഭാര്യാസഹോദരനുമാണ് രോഗമുക്തരായിരിക്കുന്നത്.
ഇവര്‍ വെള്ളിയാഴ്ച തന്നെ ആശുപത്രി വിട്ടേക്കും. എന്നാല്‍ രണ്ടുപേരും രണ്ടാഴ്ചയോളം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദേശം. മരുതോങ്കര സ്വദേശി എടവലത്ത് മുഹമ്മദ് ആണ് സംസ്ഥാനത്ത് നിപ ബാധിച്ച് ആദ്യം മരിച്ചത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരായിരുന്നു മകനും ഭാര്യാസഹോദരനും. മുഹമ്മദ് നിപ ബാധിച്ചാണ് മരിച്ചത് എന്ന് സംശയം ഉയര്‍ന്നപ്പോള്‍ തന്നെ സമാനലക്ഷണങ്ങളുള്ള ഇരുവരേയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

ആഗസ്റ്റ് 30 നായിരുന്നു മുഹമ്മദ് മരിച്ചത്. ഗുരുതരമായ ശ്വാസ തടസവും അപസ്മാരത്തിന്റെ ലക്ഷണങ്ങളും ഉള്ള ഒമ്പത് വയസുകാരനെ സങ്കീര്‍ണാവസ്ഥയിലും രോഗമുക്തനാക്കാന്‍ സാധിച്ചത് ആരോഗ്യ വിഭാഗത്തിന്റെ കരുതല്‍ ഒന്ന് കൊണ്ട് മാത്രമാണ്. ചുമയും മറ്റ് ലക്ഷണങ്ങളും ഉണ്ടായിരുന്നെങ്കിലും ഭാര്യാ സഹോദരന്റെ ആരോഗ്യ നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല
ഭര്‍ത്താവിനെ നഷ്ടപ്പെടുകയും എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന മകന്‍ ഗുരുതരാവസ്ഥയിലാകുകയും സഹോദരന്‍ നിപ ബാധിതനാകുകയും ചെയ്തതോടെ ആകെ തകര്‍ന്നിരിക്കുകയായിരുന്നു കുട്ടിയുടെ ഉമ്മ. മകനും സഹോദരനും രോഗമുക്തി നേടുന്നത് ഇവരുടെ സങ്കടത്തിന് ആശ്വാസം പകരും. ഈ മാസം 27- ന് ലഭിച്ച പരിശോധന ഫലത്തിലാണ് ഇരുവര്‍ക്കും നിപ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെ ഒരു ഫലം കൂടി വന്ന ശേഷമായിരിക്കും ഡിസ്ചാര്‍ജ് നടപടികള്‍ സ്വീകരിക്കുക. അതേസമയം നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 216 പേരെ കൂടി പട്ടികയില്‍ നിന്ന് ഒഴിവാക്കി. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 649 പേരാണ്. പുതുതായി ആരെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം ലഭിച്ച മൂന്ന് ഫലങ്ങളും നെഗറ്റിവ് ആണ്. നിലവില്‍ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യ നിലയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ കോഴിക്കോട്ടെയും ഫറോക്കിലേയും നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.












Click it and Unblock the Notifications