കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു; ആക്ടീവ് കേസുകള്‍ നാലായി
കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ നിപ ആക്ടീവ് കേസുകളുടെ എണ്ണം നാലായി. നേരത്തെ നിപ വൈറസ് ബാധിച്ച് മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല എന്നാണ് പ്രാഥമിക വിവരം.
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ ഇദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ സമ്പര്‍ക്ക പട്ടികയില്‍ അധികം പേരുണ്ടാകില്ല എന്നാണ് വിശ്വാസം. അതേസമയം കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് കോഴിക്കോട്ടെ നിപ ബാധിത മേഖലയില്‍ പരിശോധന നടത്തും. ഡോ ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

ഒപ്പം മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ഇന്ന് നടക്കും. വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 11 മണിക്ക് പ്രശ്ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
നിലവില്‍ നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആണ്. ഇതില്‍ 287 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 213 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്ളത്. ഇവരില്‍ 15 പേരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്.
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക പൊലീസ് സഹായതത്തോടെ മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്തും. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്നലെ നിപ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്താന്‍ 5161 വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications