കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ ഇരു സര്‍ക്കാരുകളും ഒരേ തൂവൽ പക്ഷികളാണ്, വിമർശനവുമായി മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും സി.പി.എം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരും ജനങ്ങളുടെ ശത്രുക്കളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ എ.ഐ.സി.സി ആഹ്വാന പ്രകാരം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം പിഎംജി ഓഫീസിന് മുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

mullappally

ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തില്‍ ഇരു സര്‍ക്കാരുകളും ഒരേ തൂവല്‍ പക്ഷികളാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത് മൂലധന ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിട്ടാണ്. ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്ത് അതിക്രമിച്ച് കടക്കുമ്പോള്‍ കോടികളാണ് ചൈനീസ് കമ്പനികളില്‍ നിന്നും പ്രധാനമന്ത്രിയുടെ പി.എം.കെയറിലേക്ക് ഒഴുകിയെത്തിയത്. ചൈനയെ തള്ളിപ്പറയാന്‍ സി.പി.എം നേതൃത്വവും തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്ധനവില വര്‍ധനവിന്റെ ഏറ്റവും വലിയ കെടുതി അനുഭവിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ്.ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളും കേരളത്തിന് പുറത്ത് നിന്നാണ് വരുന്നത്. ചരക്കുഗതാഗത്തിന് ചെലവേറുമ്പോള്‍ അവശ്യസാധനങ്ങള്‍ക്കും ആനുപാതിക വിലവര്‍ധനവ് ഉണ്ടാകും. വരുമാനം നഷ്ടമായ സാധാരണ ജനങ്ങള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ പ്രയാസപ്പെടുമ്പോഴാണ് ഇന്ധനവില വര്‍ധനവിന്റെ പേരിലുള്ള ഇരുട്ടടി. അയല്‍ രാജ്യങ്ങളില്‍പ്പോലും ഇത്ര ഉയര്‍ന്ന ഇന്ധനവിലയില്ല. ഇന്ത്യയെ അപേക്ഷിച്ച് സാമ്പത്തികമായി ഒട്ടും മെച്ചമല്ലാത്ത പാകിസ്ഥാന്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ പോലും ഇന്ധനവില ഉയര്‍ത്താന്‍ തയ്യാറായിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

ഡീസല്‍ വില ചരിത്രത്തിലാദ്യമാണ് പെട്രോള്‍ വിലയെക്കാള്‍ ഉയരുന്നത്. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോളിനേക്കാള്‍ മുകളിലാണ്.അനിയന്ത്രിതമായി ഇന്ധനവില വര്‍ധിക്കുന്നതിനെ കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും പെട്രോളിയം മന്ത്രിയും തയ്യാറാകുന്നില്ല.മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഒരക്ഷരം മിണ്ടാന്‍ തയ്യാറായില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയിട്ടാണ് വിലവര്‍ധിപ്പിക്കുന്നതെന്ന അനൗദ്യോഗിക മറുപടിമാത്രമാണ് ലഭിക്കുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. 3.2 ലക്ഷം കോടിമാത്രമാണ് ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നത്. ബാക്കിയുള്ളത് ബാങ്ക് വായ്പകളും മറ്റുമാണ്. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വരുമാനത്തിലൂടെ കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം 3.5 ലക്ഷം കോടി ലഭിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 20000 കോടിയുടെ സാമ്പത്തിക പാക്കേജിന്റെയും അവസ്ഥ ഇതിനു സമാനമാണ്.14000 കോടി കോണ്‍ട്രാക്ടര്‍മാരുടെ കടം തീര്‍ക്കാനാണ് നല്‍കിയത്. ജനങ്ങള്‍ക്ക് നേരിട്ട് ഒരു പ്രയോജനവുമില്ല. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പകല്‍ക്കൊള്ളയ്ക്കെതിരെ പ്രതിഷേധിക്കാന്‍ എല്‍.ഡി.എഫിന് ഒരു യോഗ്യതയുമില്ല. കേന്ദ്രം ഇന്ധനനികുതി വര്‍ധിക്കുമ്പോള്‍ അതിന്റെ നേട്ടം കേരള സര്‍ക്കാരിനും ലഭിക്കുന്നു. 2052 കോടിരൂപയാണ് ഇതിലൂടെ കേരള സര്‍ക്കാരിന്റെ ഖജനാവില്‍ വന്ന് ചേരുന്നത്. അത് വേണ്ടന്ന് വച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡോ.മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ 125000 കോടിരൂപ പ്രതിവര്‍ഷം പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കിയതും കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ധനവില വര്‍ധനവിലൂടെ ലഭിക്കുമായിരുന്ന 619 കോടി രൂപയുടെ അധികവരുമാനം വേണ്ടന്ന് വച്ചതും ഇരുസര്‍ക്കാരുകളും ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചത് കൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

English summary
KPCC President Mullappally Ramachandran criticizes Center and State Governments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X