എഐസിസി നിർദ്ദേശിച്ച പേരുകളെ ചൊല്ലി പൊരിഞ്ഞ തർക്കം; കെപിസിസി പുനഃസംഘടന അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം; ദില്ലിയിൽ ചർച്ചകളെല്ലാം പൂർത്തിയാക്കി കെ പി സി സി പുനഃസംഘടന പട്ടിക ഇന്ന് ഹൈക്കമാന്റിന് കൈമാറുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്. എന്നാൽ പട്ടിക സമർപ്പിക്കാനാകാതെ പാർട്ടി സംസ്ഥാന അധ്യകഷൻ കെ സുധാകരൻ ദില്ലിയിൽ നിന്ന് മടങ്ങിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. എ ഐ സി സി മുന്നോട്ട് വെച്ച പേരുകളിൻമേലാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നതെന്നാണ് സൂചന. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

ഡി സി സി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറികൾ ആവർത്തിക്കാതിരിക്കാൻ ഗ്രൂപ്പ് മാനേജർമാരായ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും മൂന്ന് ഘട്ട ചർച്ചകൾ കെ പി സി സി നേതൃത്വം ചർച്ച പൂർത്തിയാക്കിയിരുന്നു. 250 ഓളം വരുന്ന ജംബോ കമ്മിറ്റി 51 ലേക്ക് ചുരുക്കുന്നതിനായി നേതാക്കളുമായി കൂടിയാലോചിച്ച് പ്രത്യേക മാനദണ്ഡങ്ങളും തയ്യാറാക്കിയിരുന്നു. ഇതുപ്രകാരം നേതാക്കൾ നിർദ്ദേശിച്ചവർ ഉൾപ്പെടെയുള്ളവരുടെ പട്ടികയുമായാണ് കെ സുധാകരും വി ഡി സതീശനും ദില്ലിക്ക് പുറപ്പെട്ടത്.

ജാതി-മത-യുവ-വനിതാ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ളതായിരുന്നു പട്ടികയെന്നാണ് നേതൃത്വം അവകാശപ്പെട്ടത്.
മുൻ കൊല്ലം ഡി സി സി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണ, പദ്മജ വേണുഗോപാൽ,വി പി സജീന്ദ്രൻ, വി എസ് ശിവകുമാർ,തൃശൂർ മുൻ ഡി സി സി അധ്യക്ഷൻ എം പി വിൻസെന്റ്, വി ടി ബൽറാം, കെ എസ് ശബരീനാഥൻ തുടങ്ങിയ നേതാക്കളുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന പാലക്കാട് നിന്നുള്ള നേതാവായ എ വി ഗോപിനാഥിനേയും പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

എന്നാൽ ദില്ലയിൽ എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ സി വേണുഗോപാൽ എന്നിവരുമായി കെപിസിസി നേതൃത്വം നടത്തിയ ചർച്ച അന്തിമ ഘട്ടത്തിലേക്ക് കടന്നതോടെ പല പേരുകളിലും തട്ടി ചർച്ച വഴിമുട്ടിയെന്നാണ് സൂചന. എ ഐ സി സി നിർദ്ദേശിച്ച പേരുകളെ ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. കെ സി വേണുഗോപാൽ മുന്നോട്ട് വെച്ച പേരുകളോടും നേതൃത്വം എതിർപ്പ് അറിയിച്ചിട്ടുണ്ടത്രേ.

അതിനിടെ പട്ടികയെ ചൊല്ലി മുൻ കെ പി സി സി അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനുമാണ് ആക്ഷേപം ഉയർത്തിയത്. പട്ടികയില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പോലും അറിയില്ലെന്നും ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നുമാണ് നേതാക്കൾ ഉന്നയിച്ച ആരോപണം. എം എം ഹസനും പട്ടികയെക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഡി സി സി അധ്യക്ഷൻമാരുടെ പ്രഖ്യാപനം ഉണ്ടായപ്പോൾ സമാന ആരോപണമായിരുന്നു മുതിർന്ന നേതാക്കൾ ഉയർത്തിയത്. ആ അതൃപ്തികൾ ഏറെ പണിപ്പെട്ടായിരുന്നു പുതിയ നേതൃത്വം പരിഹരിച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു രമേശ് ചെന്നിത്തലയുമായു ഉമ്മൻ ചാണ്ടിയുമായും ചർച്ച നടത്തിയത്. അതേസമയം ദില്ലിയിലെ ചർച്ചകൾ പൂർത്തിയാക്കിയാൽ ഒരു തവണ കൂടി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്ന് നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതിനിടെ ചില നേതാക്കൾക്ക് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതും ഗ്രൂപ്പ് നേതാക്കളിൽ പലരേയും ചൊടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് അതീതമെന്ന് ആവർത്തിക്കുമ്പോഴും തങ്ങൾക്ക് പ്രിയപ്പെട്ടവരായ നേതാക്കൾക്ക് വേണ്ടി നേതൃത്വം കണ്ണടയ്ക്കുകയാണെന്ന ആക്ഷേപമാണ് ഇവർ ഉന്നയിക്കുന്നത്. എന്തായാലും പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇക്കുറിയെങ്കിലും ഇല്ലാതാകുമെന്ന് പ്രതീക്ഷിച്ച നേതൃത്വത്തിനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാകുമെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications