ചുംബനസമരത്തിനെത്തുന്നവരെ അടിച്ചോടിക്കണമെന്ന് ഗൗരിയമ്മ
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ക്ക് പിറകെ ഇതാ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായ സഖാവ് ഗൗരിയമ്മയും ചുംബന സമരത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നു. കോഴിക്കോട്ടെ സമരത്തിന് ശേഷം ചുംബനസമരം ആലപ്പുഴയിലേക്കെത്തുമ്പോഴാണ് കെആര്‍ ഗൗരിയമ്മയുടെ വിമര്‍ശനം.
ചുംബന സമരം നാട്ടില്‍ അരാജകത്വം സൃഷ്ടിക്കും എന്നാണ് ഗൗരിയമ്മയുടെ മുന്നറിയിപ്പ്. സമരം ചെയ്യാന്‍ ആലപ്പുഴയില്‍ എത്തുന്നവരെ തല്ലിയോടിക്കണം എന്നും സഖാവ് ഗൗരിയമ്മ ആഹ്വാനം ചെയ്യുന്നു. കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്തരം സമരങ്ങളെന്നും അവര്‍ പറഞ്ഞു.

യുവാക്കള്‍ സംസ്‌കാരത്തെ തിരിച്ചറിയണം . മുമ്പത്തേയും ഇപ്പോഴത്തേയും സംസ്‌കാരങ്ങളെ മനസ്സിലാക്കാന്‍ തയ്യാറാകണം. ചുംബന സമരങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഗൗരിയമ്മ ആരോപിച്ചു.
ചുംബന സമരങ്ങളെ ആഭാസ സമരങ്ങള്‍ എന്നാണ് ഗൗരിയമ്മ വിശേഷിപ്പിച്ചത്. ചുംബന സമരത്തിനെതിരെ യുവാക്കള്‍ രംഗത്ത് വരണം എന്നും അവര്‍ ആവശ്യപ്പെട്ടു.
പണ്ട് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മ ജെഎസ്എസ് എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പമായിരുന്നു. അടുത്തിടെയാണ് പാര്‍ട്ടി പിളരുകയും ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫ് വിട്ടുപോരുകയും ചെയ്തത്. ഇടതുമുന്നണിയില്‍ പ്രവേശനം ലഭിച്ചിട്ടില്ലെങ്കിലും ഇടതുപക്ഷത്തോടൊപ്പമാണ് ഗൗരിയമ്മ ഇപ്പോഴുള്ളത്.
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ജീവനോടെ ശേഷിക്കുന്ന ഏക വ്യക്തിയാണ് കെആര്‍ ഗൗരിയമ്മ.












Click it and Unblock the Notifications