'ആനവണ്ടി' ഇനി വേറെ ലെവൽ; ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെ പ്രവർത്തിക്കും
തിരുവനന്തപുരം: മലയാളികളുടെ ഇഷ്ടപ്പെട്ട പൊതുഗതാഗത സംവിധാനമായ 'ആനവണ്ടി'യെന്ന് ചുരുക്കപേരുള്ള കെഎസ്ആർടിസിയിൽ പുത്തൻ പരിഷ്കാരത്തിന് കൂടി തുടക്കമിടുകയാണ് സർക്കാർ. വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വിജയിച്ച ആർട്ടിഫിഷൽ ഇൻറലിജൻസ് സംവിധാനം കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തിലോടുന്ന ബസുകളിൽ നടപ്പിലാക്കും.രണ്ടു മാസത്തിനകം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജുപ്രഭാകർ 'വൺ ഇന്ത്യ മലയാളത്തോട് ' പറഞ്ഞു.
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വിജയിച്ച ട്രാൻസ്പോർട്ട് മാനേജ്മെൻറ് സംവിധാനമാണ് കെഎസ്ആർടിസിയിൽ നടപ്പിലാക്കാനൊരുങ്ങുന്നത്. കേരളത്തിലെ പൊതു ഗതാഗത സംവിധാനമായ കെഎസ്ആർടിസിയിൽ അടിമുടി ഉടച്ചുവാർക്കലുകൾക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമാണ് പുതിയ പരിഷ്കാരം.
ബസുകളെ ആധുനികരീതിയിൽ സജ്ജീകരിക്കുന്നതിനൊപ്പം കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ തലത്തിൽ നടന്നുവരുന്നുണ്ട്. കെഎസ്ആർടിസിയിൽ അടുത്തിടെ ഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങളും പുതിയ ബസ്സുകളുടെ പുറത്തിറക്കലുമെല്ലാം ഇത്തരം പുത്തൻ സംവിധാനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയതാണ്.

പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റവുമാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെ കോർപ്പറേഷനിൽ നടപ്പിലാക്കുന്ന ന്യൂതനാശയം. പദ്ധതിക്ക് ഉദ്യോഗസ്ഥരിൽ നിന്നും ജനങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭിക്കുമെന്നാണ് കോർപ്പറേഷൻ്റെ പ്രതീക്ഷ.

കോർപ്പറേഷൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഫ്ലീറ്റ് മാനേജ്മെൻറ് സിസ്റ്റം, കേന്ദ്രീകൃത കൺട്രോൾ മാനേജ്മെൻറ് സിസ്റ്റം എന്നിവയും പുതുതായി നടപ്പിലാക്കുന്ന സംവിധാനത്തിലുണ്ടാകും. രണ്ടുമാസത്തിനകം പദ്ധതിയുടെ ആദ്യഘട്ടത്തിൻ്റെ പൂർത്തീകരണം നടത്തുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.

നാലേമുക്കാൽ കോടിയോളം രൂപ ചിലവ് വരുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. സർക്കാർ പുതിയ പരിഷ്കാരങ്ങൾക്കും കെഎസ്ആർടിസിയെ വേദിയാക്കുന്നുണ്ട്. ഇതിലൂടെ പൊതുഗതാഗത സംവിധാനത്തിൻ്റെ മേന്മയാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാർക്ക് യാത്രപോകുന്നതിടുത്തേക്കുള്ള കെഎസ്ആർടിസിയുടെ റൂട്ടുകളും ബസ് എത്തുന്ന സമയവുമെല്ലാം ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് ട്രാൻസ്പോർട്ട് മാനേജ്മെൻറ് സംവിധാനം വഴി അറിയാനാകും. കൂടാതെ, ജിപിഎസ് ട്രാക്കിംഗ് ഉപയോഗിച്ച് ബസ് എവിടെ എത്തിയെന്നും ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

ബസ്സുകളിലെ ടിക്കറ്റ് മെഷീനും ഇതിലൂടെ ബന്ധിപ്പിക്കും. യാത്രക്കാരുടെ എണ്ണം, ബസ്സുകളിൽ ലഭിക്കുന്ന പ്രതിദിന കളക്ഷൻ എന്നിവയും പുതിയ സംവിധാനത്തിലൂടെ മനസ്സിലാക്കാനാകും. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓരോ റൂട്ടിലെയും കൃത്യമായ വിവരങ്ങൾ വിലയിരുത്തി ലാഭം കിട്ടുന്ന റൂട്ടുകളിൽ കൂടുതൽ സംവിധാനം മെച്ചപ്പെടുത്താനും കഴിയുമെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.

കേന്ദ്രീകൃത കൺട്രോൾ മാനേജ്മെൻറ് സിസ്റ്റം വരുന്നതോടെ മുഴുവൻ സർവ്വീസുകളും ജീവനക്കാരും ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമിൻ്റെ കുടക്കീഴിലാകും. കൂടാതെ, ഓരോ പ്രവർത്തനവും കൺട്രോൾ റൂമിലിരുന്ന് നിയന്ത്രിക്കാനും, തെറ്റുകളോ വീഴ്ചകളോ സംഭവിച്ചാൽ പോരായ്മകൾ മനസ്സിലാക്കി നിർദ്ദേശങ്ങൾ നൽകുവാനും ഉദ്യോഗസ്ഥർക്ക് കഴിയും.
അതേസമയം, ജീവനക്കാരുടെ പ്രവർത്തനം നിഷ്പക്ഷമായി വിലയിരുത്തുന്നതിനും കോർപ്പറേഷൻ സംവിധാനം ഏർപ്പെടുത്തും. ജീവനക്കാരുടെ ഡ്യൂട്ടി, ലീവ്, ഓവർടൈം ജോലി, മറ്റുതരത്തിലുള്ള ഇളവുകൾ എന്നിവ മുൻനിർത്തി ഇൻസൻസിറ്റീവ് സിസ്റ്റം നടപ്പിലാക്കാനും ഇൻഫർമേഷൻ സിസ്റ്റവും വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റവും സഹായിക്കും.












Click it and Unblock the Notifications