അതിരപ്പള്ളി-വാഴച്ചാൽ വഴി മലക്കപ്പാറയിലേക്ക്; കൂട്ടിന് മഴയും കോടയും കെഎസ്ആർടിസിയും..പോകുവല്ലേ?
തൊടുപുഴ: വന മേഖലയിലെ മഴ, അതിന്റെ രസം അനുഭവിച്ച് തന്നെ അറിയണം അല്ലേ. കോട മഞ്ഞും ആർത്തലച്ച് പെയ്യുന്ന മഴയും കാടും വെള്ളച്ചാട്ടവും എല്ലാം ചേർന്ന് നമ്മളിലെ യാത്രാപ്രേമിയെ സന്തോഷിപ്പിക്കുന്ന രസമുള്ള കാഴ്ചകൾ, കേൾക്കുമ്പോൾ തന്നെ ബാഗ് പാക്ക് ചെയ്ത് അത്തരമൊരു റൂട്ട് പിടിക്കാൻ പ്ലാൻ ഉണ്ടോ?
എന്നാൽ പിന്നെ കൂടുതൽ ഒന്നും ആലോചിക്കേണ്ട നേരെ വിളിച്ചോളൂ തൊടുപുഴ കെഎസ്ആർടി ഡിപ്പോയിലേക്ക്. വനത്തിന്റെ വന്യതയും വെള്ളച്ചാട്ടത്തിന്റെ രസവുമെല്ലാം ആസ്വദിക്കാനായി അതിരപ്പള്ളി-മലക്കപ്പാറ യാത്രയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 13 നാണ് യാത്ര. കൂടുതൽ അറിയാം

രാവിലെ ഏഴ് മണിക്ക് തൊടുപുഴയിൽ നിന്നും ആരംഭിക്കുന്നതാണ് ഈ യാത്ര. രാത്രി 9 ഓട് കൂടി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. രാവിലെ മലയാറ്റൂർ നക്ഷത്ര തടാകം കഴിഞ്ഞ് വെറ്റില പ്ലാന്റേഷനിലേക്ക് കയറി കേരളത്തിലെ ഏറ്റവും വലിയ എണ്ണപനത്തോട്ടമായ അതിരപ്പള്ളി എണ്ണ പനത്തോട്ടത്തിലൂടെയായിരിക്കും വണ്ടി നീങ്ങുക. ആദ്യ കാഴ്ച അതിരപ്പള്ളി വെള്ളച്ചാട്ടമാണ്.
മഴക്കാലത്തെ അതിരപ്പള്ളിയുടെ കാഴ്ച കാണേണ്ടത് തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 24 മീറ്റർ ഉയരത്തിൽ നിന്ന് പതിക്കുന്നതാണ് അതിരപ്പുഴ വെള്ളച്ചാട്ടം. കേരളത്തിന്റെ നയാഗ്ര എന്നാണ് അതിരപ്പള്ളി വെള്ളച്ചാട്ടം അറിയപ്പെടുന്നത്. വാഹനം നിർത്തിയിടത്ത് നിന്ന് അൽപം താഴെക്കേ ഇറങ്ങി പോയാലാണ് വെള്ളം ചാട്ടം കാണാൻ സാധിക്കുക. ഇറക്കത്തിൽ തന്നെ വെള്ളം കുത്തിയൊലിക്കുന്ന ശബ്ദം കേൾക്കാനാകും. മെല്ലെ മെല്ലെ കാണാൻ കാത്തിരുന്ന ആ സുന്ദരമായ കാഴ്ച നമ്മുക്ക് മുന്നിലുണ്ടാകും. അതിരപ്പള്ളിയുടെ സൗന്ദര്യം ആവോളം കണ്ട് കഴിഞ്ഞാൽ പിന്നെ വണ്ടി നേരെ പോകുന്നത് വാഴച്ചാലിലേക്കാണ്. കേരളത്തിലെ ഏറ്റവും വലിയ മഴക്കാടാണ് വാഴച്ചാൽ വനമേഖല.
അതിരപ്പള്ളിയിൽ നിന്നും അഞ്ച് കിമി മാത്രം അകലെയുള്ള വാഴച്ചാൽ വെള്ളച്ചാട്ടവും അതിരപ്പള്ളി പോലെ കുത്തിയൊഴുകുന്നതണെന്ന് തെറ്റിധരിക്കേണ്ട കേട്ടോ. അധികം ഉയരത്തിൽ നിന്നല്ലാതെ പതിഞ്ഞ താളത്തിലാണ് വരവ്, എങ്കിലും മനസിൽ നിന്നും മായാത്ത കാഴ്ചകൾ വാഴച്ചാലും നിങ്ങൾക്ക് സമ്മാനിക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.
വാഴച്ചാലിൻ്റെ മാസ്മരികതയും ആസ്വദിച്ച് കഴിഞ്ഞാൽ മാനും മയിലും, കാട്ടുപോത്തും കരിങ്കൊരങ്ങും മലയണ്ണാനും കാട്ടാനകളും നിറഞ്ഞ ഉൾവനത്തിലൂടെ 60 കിലോമീറ്റർ സഞ്ചരിച്ച് കോടമഞ്ഞിൻ്റെ മനോഹാരിതയിൽ പുതഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ മലക്കപ്പാറയുടെ മടിത്തട്ടിലെത്തും. ഇവിടുത്ത ഗ്രാമക്കാഴ്ചകൾ ആവോളം ആസ്വദിക്കാം. അപൂർവ്വമായ പല കാഴ്ചകളും നമ്മുക്കിവിടെ കാണാനാകും കേട്ടോ. ഭാഗ്യമുണ്ടെങ്കിൽ കടുവയേയും കാണാനാകുമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. മുൻപ് പല കെഎസ്ആർടിസി സർവ്വീസുകൾക്ക് മുൻപിലും കടുവ എത്തിപ്പെട്ടിട്ടുണ്ടത്രേ.
യാത്രക്കിടയിൽ ഷോളയാർ റിസർവോയറിന്റേയും പവർഹൗസിന്റേയും ദൂരക്കാഴ്ചകൾ കാണാനും അവസരം ഉണ്ടാകും. മഴയും കൂടി ആയാൽ പിന്നെ രസം പറയേണ്ടി വരില്ല, അതും സ്വന്തം കെഎസ്ആർടിസിയിൽ, തയ്യാറല്ലേ? എന്നാൽ ഈ നമ്പറിൽ ബന്ധപ്പെട്ടോളൂ -9400262204,8304889896,9744910383, 9605192092. 650 രൂപയാണ് പാക്കേജ്.












Click it and Unblock the Notifications