'പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചു': മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കെഎസ്‌യു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടനെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു രംഗത്ത്. രതീഷ് കാളിയാടന്റെ പി എച്ച് ഡി പ്രബന്ധം കോപ്പിയടിച്ചതെന്നാണ് കെ എസ് യു ആരോപിക്കുന്നത്. രതീഷിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.
തലശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2009- 17 കാലത്ത് മുഴുവന്‍ സമയ അധ്യാപകനായി ശമ്പളം വാങ്ങി ജോലി ചെയ്യുമ്പോള്‍ 2012-14 സമയത്ത് അസം സര്‍വ്വകലാശാലയില്‍ നിന്ന് ചട്ട വിരുദ്ധമയാണ് പി എച്ച് ഡി നേടിയതെന്നാണ് കെ എസ് യു ആരോപിക്കുന്നത്. ഈ പ്രബന്ധത്തില്‍ മൊത്തം കോപ്പിയടി തോത് ടേണ്‍ ഇന്‍ സോഫ്‌റ്റ്വെയര്‍ പ്രകാരം 70 ശതമാനമാണെന്നും കെ എസ് യു ആരോപിക്കുന്നു.

image credit: ratheesh kaliyadan fb
മൂന്ന് വര്‍ഷം പി എച്ച് ഡി ചെയ്യാന്‍ വേണമെന്ന നിബന്ധന ഇരിക്കെ രതീഷ് രണ്ട് വര്‍ഷം കൊണ്ടാണ് പി എച്ച് ഡി പൂര്‍ത്തിയാക്കിയത്. യു ജി സി നിഷ്‌കര്‍ഷിക്കുന്ന കോഴ്‌സ് വര്‍ക്ക് ചെയ്തിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അസമില്‍ 80 ശതമാനം ഹാജര്‍ നേടിയത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ തള്ളി രതീഷ് കാളിയാടന്‍ രംഗത്തെത്തി. തനിക്കെതിരെയുള്ള ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications