KSU Strike | സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തും. വ്യാജന്മാരുടെ കൂടാരമായ എസ് എഫ് ഐ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ പാതയിലാണ്. ഭരണത്തിന്റെ മറവില്‍ എസ് എഫ് ഐ നേതൃത്വം വ്യാജന്മാരുടെ വക്താക്കളായി മാറിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമേഖലയെ തച്ചുതകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ക്കഥയായിട്ടും നിശബ്ദത തുടരുന്ന സംസ്ഥാന സര്‍ക്കാരിന്റെ മൗനത്തിനെതിരെ സംസ്ഥാന വ്യാപകമായി കെ എസ് യു പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിക്കുകയാണ്'- കെ എസ് യു പത്രക്കുറിപ്പില്‍ അറിയിച്ചു.
ആലപ്പുഴ എം എസ് എം കോളേജിലെ എസ് എഫ് ഐ വിദ്യാര്‍ത്ഥി നിഖില്‍ തോമസിന്റെ ഡിഗ്രി വിവാദങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എം കോം പ്രവേശനത്തിന് നിഖില്‍ തോമസ് നല്‍കിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പരാതിയാണ് ഉയര്‍ന്നത്. 2018-20 കാലഘട്ടത്തിലാണ് നിഖില്‍ തോമസ് കായംകുളം എം എസ് എം കോളേജില്‍ ബി കോം ചെയ്തത്.
എന്നാല്‍ ഡിഗ്രി പാസാകാന്‍ നിഖിലിനെ കൊണ്ട് സാധിച്ചില്ല. ഡിഗ്രി പരീക്ഷ തോറ്റ നിഖില്‍ പ്രവേശനത്തിനായി 2019 - 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗമാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. ഒരേ സമയത്ത് എങ്ങനെയാണ് കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് പരാതിക്കാരി ചോദിച്ചത്.
എന്നാല്‍ നിഖില്‍ കലിംഗ സര്‍വ്വകലാശാലയില്‍ നിഖില്‍ പഠിച്ചിട്ടില്ലെന്നാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ അറിയിച്ചത്. വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ നിയമനടപടിക്ക് നീക്കം തുടങ്ങിയെന്നും സര്‍വ്വകലാശാല നിയമവിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള സര്‍വ്വകലാശാല ഇതുമായി ബന്ധപ്പെട്ടാല്‍ മറുപടി നല്‍കുമെന്നും രജിസ്ട്രാര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications