'പക്വതയും പാകതയും സൗമ്യതയും മുഖമുദ്രയാക്കിയ നേതാവ്', കോടിയേരിയെ അഭിനന്ദിച്ച് കെടി ജലീൽ
കോഴിക്കോട്: മൂന്നാമതും സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണനെ അഭിനന്ദിച്ച് കെടി ജലീൽ. ഇന്ന് അവസാനിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരിക്ക് വീണ്ടും ചുമതല നൽകിയത്. പക്വതയും പാകതയും സൗമ്യതയും മുഖമുദ്രയാക്കിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് കെടി ജലീൽ അഭിപ്രായപ്പെട്ടു. വ്യക്തിഹത്യ നടത്തി വേട്ടയാടാൻ രാഷ്ട്രീയ ശത്രുക്കൾ ശ്രമിച്ചപ്പോൾ ഭൂമിയോളം അദ്ദേഹം ക്ഷമിച്ചു, രാഷ്ട്രീയ വിയോജിപ്പുള്ളവർ പോലും കോടിയേരിയോട് ഊഷ്മളമായ സുഹൃദ് ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നത് അദ്ദേഹത്തിൻ്റെ തിളക്കമാർന്ന വ്യക്തിത്വത്തിൻ്റെ മികവാണ് എന്നും കെടി ജലീൽ പറഞ്ഞു.
കെടി ജലീലിന്റെ കുറിപ്പ്: '' കേരളത്തിലെ ഏറ്റവും വലിയ ബഹുജനാടിത്തറയുള്ള മത നിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ കമ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റിനെ നയിക്കാൻ വീണ്ടും നിയുക്തനായ സഖാവ് കോടിയേരിക്ക് അകം നിറഞ്ഞ അഭിനന്ദനങ്ങൾ. പക്വതയും പാകതയും സൗമ്യതയും മുഖമുദ്രയാക്കിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. എല്ലാ രാഷ്ട്രീയ നേതാക്കളോടും അടുത്ത വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനായ കമ്യൂണിസ്റ്റ് നേതാവ് എന്ന വിശേഷണവും കോടിയേരിക്കുണ്ട്.

പുതിയ കാലത്തിൻ്റെ കുളമ്പടി ശബ്ദം കേട്ട് തൊഴിലാളികളെയും കർഷകരെയും മധ്യവർഗത്തെയും ബഹുജനങ്ങളെയും ദിശാ ബോധത്തോടെ മുന്നോട്ട് നയിക്കാൻ പ്രതിജ്ഞാബദ്ധമായ സി.പി.ഐ (എം) എന്ന ജനകീയ സംഘടനയുടെ അമരത്തിരിക്കാൻ എല്ലാ അർത്ഥത്തിലും യോഗ്യനാണ് കോടിയേരി. അധ:സ്ഥിതരോടും മർദ്ദിത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളോടും കോടിയേരിക്കുള്ള ആത്മബന്ധം സുവിദിതമാണ്. വ്യക്തിഹത്യ നടത്തി വേട്ടയാടാൻ രാഷ്ട്രീയ ശത്രുക്കൾ ശ്രമിച്ചപ്പോൾ ഭൂമിയോളം അദ്ദേഹം ക്ഷമിച്ചു. തൻ്റെ മുന്നിലെത്തുന്നവരെ നിറപുഞ്ചിരിയോടെ സ്വീകരിക്കാറുള്ള കോടിയേരി, പരിചയപ്പെട്ടവരുടെ മനസ്സിൽ സ്നേഹത്തിൻ്റെ ഒരു സാന്ത്വന സ്പർശം എക്കാലത്തേക്കുമായി ബാക്കിവെക്കും.
യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
കമ്മ്യൂണിസ്റ്റ് പാർട്ടിയോട് രാഷ്ട്രീയ വിയോജിപ്പുള്ളവർ പോലും കോടിയേരിയോട് ഊഷ്മളമായ സുഹൃദ് ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നത് അദ്ദേഹത്തിൻ്റെ തിളക്കമാർന്ന വ്യക്തിത്വത്തിൻ്റെ മികവാണ്. കേരളത്തിൽ ചെങ്കൊടി ഇനിയും വാനിൽ പാറിപ്പറപ്പിക്കാൻ സഖാവ് പിണറായിക്കൊപ്പം സഖാവ് കോടിയേരിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ലക്ഷോപലക്ഷം മനുഷ്യരും ഒരു ബിന്ദുവായ് അലിഞ്ഞ് ചേരുമ്പോൾ തിരുത്തിക്കുറിക്കപ്പെടുന്ന ഭാവി രാഷ്ട്രീയത്തെ ഓർത്ത് നമുക്ക് അഭിമാനിക്കാം. ഒരിക്കൽകൂടി സഖാവ് കോടിയേരിക്കും പുതിയ സംസ്ഥാന കമ്മിറ്റിക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ''.












Click it and Unblock the Notifications