ആദ്യം ആര്‍എസ്എസ്, പിന്നെ കോണ്‍ഗ്രസ് അനുകൂല സംഘടനാംഗം; എന്തിന് രാഷ്ട്രീയം മറച്ചുവെന്ന് കെടി ജലീല്‍
മലപ്പുറം: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ രാഷ്ട്രീയം എല്ലാവരും മറച്ചുവെക്കുന്നത് എന്തുകൊണ്ടാകും എന്ന ചോദ്യവുമായി കെടി ജലീല്‍ എംഎല്‍എ. പ്രതി കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകനാണെന്നും ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആര്‍എസ്എസുകാരനായിരുന്നുവെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ബന്ധപ്പെട്ട വാര്‍ത്താ ശകലവും അദ്ദേഹം പങ്കുവച്ചു.
മലപ്പുറം താനൂരില്‍ ശ്രീകൃഷ്ണ ജയന്തി ശോഭ യാത്രയ്ക്ക് നേരെ ബോംബെറിയാന്‍ പദ്ധതിയിട്ട സംഭവവും കെടി ജലീല്‍ ഓര്‍മിപ്പിച്ചു. അന്ന് കൊല്ലപ്പെട്ട ശ്രീകാന്തിനെ കുറിച്ചും മലപ്പുറത്തെ കുറിച്ചും പോലീസ് സൂപ്രണ്ട് പറഞ്ഞത് അദ്ദേഹം സൂചിപ്പിക്കുന്നു. കൂടാതെ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്ന ആസൂത്രിതമായ ശ്രമങ്ങള്‍ സംബന്ധിച്ചും കെടി ജലീല്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...

ഡോ: വന്ദനയുടെ ഘാതകൻ്റെ രാഷ്ട്രീയം മറച്ചുവെച്ചത് എന്തുകൊണ്ട്?
ഡോ: വന്ദന ദാസിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ ജി സന്ദീപ് കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ KPSTA യുടെ സജീവ പ്രവർത്തകനാണെന്ന വിവരം മാധ്യമങ്ങളും പ്രതിപക്ഷവും ബി.ജെ.പിയും മറച്ചുവെച്ചത് എന്തുകൊണ്ടാകും? 2006 ൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചതു മുതൽ കോൺഗ്രസ് അനുകൂല സംഘടനയുടെ പരിപാടികളിലെല്ലാം സജീവ സാന്നിദ്ധ്യമായി സന്ദീപ് ഉണ്ടായിരുന്നു. ജോലിയിൽ പ്രവേശിക്കും വരെ സന്ദീപ് ആർ.എസ്.എസ് പ്രവർത്തകനായിരുന്നു.
മാധ്യമങ്ങളിൽ ഒന്നു പോലും ഈ വസ്തുത പറഞ്ഞില്ല. ഇടതുപക്ഷ പാർട്ടികളോടെങ്ങാനും ഇയാൾക്കൊരു വിദൂര ബന്ധം ഉണ്ടായിരുന്നെങ്കിൽ എന്താകും സ്ഥിതി? വെറുതെ ഒന്നാലോചിച്ച് നോക്കൂ. ഏത് കേസിലാണെങ്കിലും പ്രതിയുടെ രാഷ്ട്രീയം മാധ്യമങ്ങളും പ്രതിപക്ഷവും ബി.ജെ.പിയും പറയുന്നില്ലെങ്കിൽ ഉറപ്പിക്കുക അയാൾക്ക് കോലീബി ബന്ധം നിശ്ചയമായും ഉണ്ടെന്ന്.
"ഠാക്കൂർ സേനയിലെ"അംഗങ്ങൾ എത്ര ജാഗ്രതയോടെയാണ് നാടിനെ നടുക്കിയ ഒരു കൊലപാതകിയുടെ രാഷ്ട്രീയം മറച്ചുവെച്ചത്? ക്ഷേത്ര വളപ്പിലേക്ക് ആരും കാണാതെ മനുഷ്യ മാലിന്യങ്ങൾ എറിഞ്ഞ് കേരളത്തിൽ പിടിയിലായതും ഒരു സംഘിയാണെന്ന കാര്യം മറക്കണ്ട.
പശുവിനെ അറുത്ത് അവശിഷ്ടങ്ങൾ ക്ഷേത്രകവാടത്തിന് മുന്നിലേക്കെറിഞ്ഞ് ഹിന്ദു-മുസ്ലിം കലാപത്തിന് ശ്രമിച്ചതിന് പിടിയിലായത് ഒരുപറ്റം സംഘികളാണെന്ന വസ്തുത വിസ്മരിക്കരുത്?
വർഷങ്ങൾക്ക് മുമ്പ് താനൂരിൽ ശോഭയാത്രക്കു നേർക്ക് ബോംബെറിയാൻ ലക്ഷ്യമിട്ട് നടത്തിയ പദ്ധതി കയ്യോടെ പിടികൂടിയ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് അന്ന് പറഞ്ഞത് "മലപ്പുറത്തെ ദൈവം രക്ഷിച്ചു" എന്നാണ്.
അധികാരം കിട്ടാനും കിട്ടിയത് നിലനിർത്താനും എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് സംഘ് പരിവാരങ്ങൾ. അവരുടെ ലക്ഷ്യം ഒന്നുമാത്രം! ഹിന്ദു-മുസ്ലിം ലഹള!
നൂറ്റാണ്ടുകളായി സ്നേഹത്തിലും സൗഹൃദത്തിലും കഴിയുന്ന ഹൈന്ദവ മുസ്ലിം ക്രൈസ്തവ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ സംഘ മിത്രങ്ങൾ നടത്തുന്ന കുൽസിത നീക്കങ്ങൾ കേരളം കരുതിയിരിക്കണം! അവരുടെ ചതിക്കുഴിയിൽ ആരും വീണുപോകരുത്.












Click it and Unblock the Notifications