'ബിജെപി നേതാക്കൾ വിരട്ടിയാൽ വാല് ചുരുട്ടി മാളത്തിലൊളിക്കുന്നവർ ഉണ്ടാകും', കെ സുരേന്ദ്രനോട് കെടി ജലീൽ
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി മുന്‍ മന്ത്രി കെടി ജലീല്‍. സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കെടി ജലീലിന് എതിരെ കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. കോൺസുൽ ജനറലുമായ് ഇടപെടാനുള്ള എന്ത് അധികാരമാണ് കെടി ജലീലിനുള്ളത് എന്നാണ് കെ സുരേന്ദ്രൻ ചോദിച്ചത്. കെടി ജലീൽ സത്യപ്രതിഞ്ജാലംഘനമാണ് നടത്തിയത് എന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
കെടി ജലീലിന്റെ പ്രതികരണം: '' മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി UAE കോൺസുലേറ്റിൽ നടന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും UAE നേഷണൽ ഡേ ചടങ്ങുകൾക്കുമാണ് കോൺസുലേറ്റിൽ പോയത്. അതിന് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാവായ സുരേന്ദ്രനെ വിളിക്കാൻ കഴിയാത്തത് കൊണ്ടാകും അവർ എന്നെ ക്ഷണിച്ചിട്ടുണ്ടാവുക. കോൺസുലർ ജനറൽ 'സലാം' ചൊല്ലിയാൽ മടക്കണമെങ്കിൽ മോദിജിയുടെ അനുവാദം വാങ്ങണമെന്നാണ് സുരേന്ദ്രന്റെ വാദമെങ്കിൽ അതിന് മനസ്സില്ല.

മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരു ചുക്കും ചെയ്യാൻ പറ്റിയിട്ടില്ല. എന്നിട്ടല്ലേ സുരേന്ദ്രൻ ജീ അങ്ങ്. ബിജെപി നേതാക്കൾ വിരട്ടിയാൽ വാല് ചുരുട്ടി മാളത്തിലൊളിക്കുന്നവർ ഉണ്ടാകും. എന്നെ ആ ഗണത്തിൽ കൂട്ടേണ്ട. മൊസാദും ഇന്റെർപോളും സിഐഎയും എല്ലാം ഒത്തുചേർന്നുളള ഒരന്വേഷണം എന്റെ കാര്യത്തിൽ നടത്താൻ കേന്ദ്ര സർക്കാറിനോട് ശുപാർശ ചെയ്യാൻ സുരേന്ദ്രൻ തയ്യാറായാൽ അതിനെ ആയിരം വട്ടം ഞാൻ സ്വാഗതം ചെയ്യും.
വിദേശ നയതന്ത്ര പ്രതിനിധികളോട് നയതന്ത്ര കാര്യങ്ങൾ സംസാരിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങേണ്ടത്. അല്ലാതെ കണ്ടാൽ മിണ്ടാനോ നയതന്ത്രപരമായതല്ലാത്ത കാര്യങ്ങൾ സംസാരിക്കാനോ ഏതൊരു പൗരനും അവകാശമുണ്ട്. അത് ലോകം മുഴുവൻ അംഗീകരിക്കുന്ന തത്ത്വമാണ്. എക്സിക്യൂട്ടീവ് ഓഫീസുകളുടെ ഡോറുകൾക്കൊക്കെ ഹൈഡ്രോളിക് ഡോർ ക്ലോസർ വെച്ചിട്ടുണ്ടാകും. ആര് വാതിൽ തുറന്ന് അകത്ത് കടന്നാലോ പുറത്തേക്ക് പോന്നാലോ അത് താനേ അടയും. അതാണ് സുരേന്ദ്രൻജി "അടഞ്ഞ റൂം".
സ്വപ്ന സുരേഷിന്റെ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ കെടി ജലീൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. '' സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും. എന്തൊക്കെയായിരുന്നു പുകിൽ? എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!!!'' എന്നാണ് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.












Click it and Unblock the Notifications