യൂസഫ് അലിയും സർക്കാറും 5 ലക്ഷം വീതം ധനസഹായം നല്‍കും: വീണ ജോർജ് കുവൈത്തിലേക്ക്
തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തതില്‍ മരിച്ച മലയാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരും മലയാളി വ്യവസായികളും. കുവൈത്തിലെ തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവർ കുവൈത്തിൽ എത്തുന്നത്.

മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്‌നിബാധ മരണങ്ങളിൽ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച 19 മലയാളികൾ മരണമടഞ്ഞു എന്നാണ് മനസിലാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്‌ക്കും ഗ്ലോബൽ കോൺടാക്ട് സെൻററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.ഇന്ത്യ ഗവൺമെൻറ് കുവൈത്തിൽ നടത്തുന്ന ഇടപെടലുകളിൽ സംസ്ഥാന സർക്കാർ പൂർണ്ണപിന്തുണ നൽകും. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്.
അതേസമയം, തീപ്പിടുത്തതില്‍ പരിക്കേറ്റ മുപ്പതോളം പേർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാന്‍ വിദേശകാര്യ സഹമന്ത്രി കെ.വി സിങ് കുവൈത്തില്‍ എത്തിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാ കാര്യങ്ങളും സജ്ജീകരിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വ്യക്തമാക്കി. 'കുവൈത്തിൽ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടുകയും, സര്‍ക്കാര്‍ ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ സജ്ജമാണെന്ന് ഉറപ്പാക്കുകയും ചെയ്തു.' സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
കുവൈറ്റിൽ ഉള്ള ഭാരതീയർക് സുരക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയാണ്.
നമ്മുടെ എല്ലാ സഹോദരങ്ങളും സുരക്ഷിതരായിരിക്കുകയും, ഈ ദുരന്തം ഒരുമിച്ച് അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications