Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞയെന്ന് മുഖ്യമന്ത്രി;അനുശോചിച്ച് പ്രമുഖർ

ദില്ലി; ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രമുഖർ. ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്കറെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്കർക്കുള്ളതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

lath-1644126515.jp

സ്പീക്കർ എംബി രാജേഷ്- ഇന്ത്യയുടെ വാനമ്പാടി യാത്രയായിരിക്കുന്നു. ഭാരതരത്നം ലതാ മങ്കേഷ്കറിൻ്റെ നിര്യാണത്തോടെ സംഭവബഹുലമായ ഒരു യുഗം അവസാനിക്കുന്നു. ലോകമെങ്ങുമുള്ള ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന മഹത്തായൊരു ശക്തിയാണ് ലതാ മങ്കേഷ്കർ. സമസ്ത വികാരങ്ങളും സാന്ദ്രീകരിച്ച് ലത പാടുമ്പോൾ അത് കേൾക്കുന്നവർ തങ്ങളുടെ സകല ദുഃഖങ്ങളും മറക്കുന്നു. അങ്ങനെ സംഗീതത്തെ മനുഷ്യ സേവനത്തിനുള്ള വലിയ ഉപാധിയാക്കി മാറ്റി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെന്ന വികാരം വളർത്തുന്നതിൽ അവരുടെ പങ്ക് നിസ്സീമമാണ്. ലതയുടെ സംഗീതം കേട്ട് നെഹ്റു പോലും ആർദ്രഹൃദയനായത് ചരിത്രം. ഇന്ത്യയുടെ ഐക്യവും ദേശീയോദ്ഗ്രഥനവും വളർത്തുന്നതിൽ ലതയുടെ ഓർമ്മ നമുക്ക് പ്രചോദനമാകും. ലോകമെങ്ങുമുള്ള ആരാധകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സജി ചെറിയാൻ-ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ വിടവാങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ എന്നല്ല ലോകസംഗീതത്തിലെ തന്നെ ലെജൻഡ് എന്ന് വിളിക്കുവാൻ അർഹതയുള്ള മഹാപ്രതിഭയെ ആണ് നമുക്ക് നഷ്ടമായിരിക്കുന്നത്. പിതാവിന്റെ സംഗീതനാടകങ്ങളിൽ ബാലതാരമായി അഞ്ചാം വയസിൽ കലയുടെ ലോകത്തെത്തിയ അവർ കഴിഞ്ഞ എട്ടരപതിറ്റാണ്ട് കാലം തന്റെ സംഗീതസപര്യയാൽ നമ്മളെയൊന്നാകെ ആരാധകരാക്കി മാറ്റി. എത്രയെത്ര മനോഹര ഗാനങ്ങളാണ് ലതാജിയുടെ സ്വരമാധുര്യത്താൽ കാലാതീതമായി ഇന്നും ആസ്വാദകർ മൂളിനടക്കുന്നത്. ആപ്കി നസറോം നെ സംഝാ, ലഗ് ജാ ഗലെ, പ്യാർ കിയാ തൊ ഡർനാ ക്യാ, അജീബ് ദാസ്താം ഹെ യെ തുടങ്ങിയ അനശ്വരഗാനങ്ങൾ എക്കാലത്തെയും വലിയ ഹിറ്റുകളാണ്. മുപ്പത്തിയാറോളം ഭാഷകളിലായി മുപ്പതിനായിരം ഗാനങ്ങളാണ് ആ മഹാഗായികയുടെ സ്വരമാധുരിയിൽ കേൾക്കുവാൻ നമുക്ക് സാധിച്ചത്. പദ്മഭൂഷൺ, ദാദാ സാഹെബ് ഫാൽക്കെ അവാർഡ്, മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഫ്രാൻസിന്റെ ലീജിയൻ ഓഫ് ഓണർ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലതാജിയെ തേടിയെത്തി. ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി നമ്മുടെ രാജ്യം അവർക്ക് ആദരവ് സമർപ്പിച്ചു.
ലതാ മങ്കേഷ്കറുടെ നിര്യാണത്തോടെ പകരം വെക്കാനില്ലാത്ത പ്രതിഭയെയാണ് നമുക്ക് നഷ്ടപ്പെടുന്നത്. കലാകാരന്മാർ വിടവാങ്ങിയാലും അവരുടെ സൃഷ്ടികൾ എന്നെന്നും അനശ്വരമായി നമുക്കൊപ്പമുണ്ടാകും. ലതാജിയുടെ ഗാനങ്ങളും അവരുടെ ലെഗസിയും കാലാതിവർത്തിയായി നിലകൊള്ളും. ആദരാഞ്ജലികൾ.

മന്ത്രി പി രാജീവ്- സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനു ശേഷം അതിദീർഘ കാലവും ഇന്ത്യൻ സിനിമാ സംഗീതമെന്നാൽ ലതാ മങ്കേഷ്കർ എന്ന ഗായിക മാത്രമായി പരിഗണിക്കപ്പെട്ടതിൽ അതിശയോക്തി ഇല്ല. സിനിമാ സംഗീതം ഇന്ത്യൻ ദേശീയ ബോധത്തിൻ്റെ വളർച്ചയുമായി അത്രയേറെ കെട്ടു പിണഞ്ഞു കിടന്ന കാലത്താണ് ഗായിക എന്ന നിലയിലുള്ള ലതാജിയുടെ വളർച്ച. വളരെ പ്രതികൂലമായി സാമൂഹ്യ ചുറ്റുപാടിൽ നിന്നാണ് സഹോദരൻ ഹൃദയനാഥ് മങ്കേഷ്കറുടെ പ്രേരണയാൽ അവർ ബോംബെയിൽ എത്തിയത്.
കെ എൽ സൈഗാൾ, മുഹമ്മദ് റാഫി, മുകേഷ്, മന്നാഡേ, കിഷോർ എന്നിവരുടെ ജനപ്രിയതക്കൊപ്പമോ അതിനു മുകളിലോ ആയിരുന്നു ലതാജിയുടെ സ്ഥാനം. ഇന്ത്യൻ സ്ത്രീകൾ സാമൂഹ്യ ജീവിതത്തിലേക്ക് ഇരങ്ങിവരാൻ മടിച്ച കാലത്താണ് ലതാജി സിനിമാ സംഗീതത്തിൻ്റെ ചക്രവർത്തിനി പദത്തിലേക്ക് വളർന്നത്. രാജ്യത്തെ പ്രമുഖരായ എല്ലാ സംഗീതജ്ഞർക്കൊപ്പവും പ്രവർത്തിച്ച അവർ എല്ലാ ഇന്ത്യൻ ഭാഷകളിലും, നിരവധി വിദേശ ഭാഷകളിലും പാടി. നമ്മുടെ മലയാളത്തിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് സിനിമയിൽ സലിൽ ചൗധരി ഈണമിട്ട പാട്ട് പാടിയത് അഭിമാനകരമാണ്. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം, ഭാരതരത്നം എന്നിവ നേടി. ലോകത്തിലെ എല്ലാ സംഗീത പ്രണയികളുടെയും ഒപ്പം ലതാജിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. സംഗീത ലോകത്തിൻ്റെയാകെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി.

കെ സി വേണുഗോപാൽ- സംഗീതത്തിന് ഭാഷയും ദേശവുമില്ലെന്ന് തെളിയിച്ച്, ആരാധക ഹൃദയങ്ങളെ ഏഴുപതിറ്റാണ്ടായി കീഴടക്കുന്ന ദൈവികനാദമാണ് ഇന്ന് നിലച്ചത്. ലതാ മങ്കേഷ്‌കര്‍ എന്ന പേര് ഇന്ത്യയുടെ അഭിമാനമുദ്രയായിരുന്നു; വാനമ്പാടിയെന്ന് ആലങ്കാരികമായ് വിളിച്ചിരുന്നതല്ല. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ശബ്ദസാന്നിധ്യം അടയാളപ്പെടുത്തി തലമുറകളെ കോരിത്തരിപ്പിച്ചുകൊണ്ടിരുന്ന ഇത്ര മധുരമായൊരു ശബ്ദം വേറെയുണ്ടാവില്ല. ഇന്ത്യയുടെ ബഹുസ്വരതയെ കോര്‍ത്തിണക്കിയ നാദപ്രവാഹമായിരുന്നു അത്.
മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങളിലേക്ക് പടര്‍ന്ന ലതാജിക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചതിലൂടെ രാജ്യം എത്രമാത്രം ആ സ്വരമാധുരിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് അടിവരയിടുന്നു.
ആകാശവാണിയിലൂടെയും ബ്ലാക്ക് ആന്റ് വൈറ്റ് വെള്ളിത്തിരകളിലൂടെയും ഒഴുകിയെത്തിയ ലത മങ്കേഷറെന്ന വൈകാരിക സ്വരഭാവം കാലപ്രവാഹത്തിലും ഒരു പോറലുമേല്‍ക്കാതെ നിലനിന്നുവെന്നത് വിസ്മയമാണ്. ആപ്കി നസറോം നെ സംഝാ, ലഗ് ജാ ഗലെ, പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ, അജീബ് ദാസ്താം ഹെ യെ, ശീഷാ ഹോ യാ ദില്‍ ഹൊ...,തേരേ ബിനാ സിന്തഗി ... മതിയാവാതെ കേട്ടുകൊണ്ടിരുന്ന ഗാനങ്ങളുടെ പട്ടിക നീളുകയാണ്.
ഇന്ത്യ എന്ന വികാരത്തിനൊപ്പം, ഇന്ത്യയുടെ ഹൃദയമാധുര്യമായ് ആ ശബ്ദം എക്കാലവും ഒഴുകും. പ്രിയപ്പെട്ട വാനമ്പാടിക്ക് അന്ത്യാഞ്ജലി....

ഉമ്മൻചാണ്ടി- ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ആദരാഞ്ജലികൾ. ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. വരും തലമുറകൾക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.
സംഗീത ലോകത്ത് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് വിടപറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+