പൊതുജനത്തിന് വീണ്ടും പ്രഹരം; ബസ് ചാര്‍ജ് കൂട്ടുന്നു... എല്‍ഡിഎഫില്‍ ധാരണ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും യോഗം ചുമതലപ്പെടുത്തി. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഇന്ധന വില നൂറ് കടന്നത് കടുത്ത വെല്ലുവിളി ആയിരിക്കെയാണ് ബസ് ചാര്‍ജും വര്‍ധിക്കാന്‍ പോകുന്നത്. സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനമാണിത്. മിനിമം ചാര്‍ജ് 10 രൂപയാക്കാനാണ് സാധ്യത എന്നാണ് സൂചനകള്‍.
ഇന്ന് മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിരുന്നു. നിരക്ക് കൂട്ടാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സമരം മാറ്റിവയ്ക്കുകയായിരുന്നു. മിനിമം ചാര്‍ജ് കൂട്ടണമെന്ന ആവശ്യത്തിന് പുറമെ, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് മിനിമം ആറ് രൂപയാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെടുന്നു. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കുറിപ്പ് ഗതാഗത മന്ത്രി എല്‍ഡിഎഫ് നേതാക്കള്‍ക്ക് കൈമാറിയിരുന്നു.

മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കി ഉയര്‍ത്തുമെന്നാണ് സൂചന. കഴിഞ്ഞദിവസം രാത്രി കോട്ടയത്ത് സ്വകാര്യ ബസ്സുടമകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഉറപ്പ് പരിഗണിച്ചാണ് ബസ് സമരം മാറ്റിവച്ചതെന്ന് ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ സൂചിപ്പിച്ചു.
ഡീസല്‍ ലിറ്ററിന് 63 രൂപയായിരിക്കെ 2018ലാണ് മിനിമം ചാര്‍ജ്ജ് എട്ടുരൂപയാക്കിയത്. ഇപ്പോള്‍ ഡീസല്‍ വില നൂറുരൂപയ്ക്ക് അടുത്തെത്തിയപ്പോഴും മിനിമം ചാര്‍ജ്ജ് പഴയത് തന്നെയാണെന്നും യോഗത്തില്‍ ബസ്സുടമകള്‍ ശക്തമായി വാദിച്ചതോടെയാണ് നിരക്ക് വര്‍ധനയാവാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞത്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുന്നതില്‍ സര്‍ക്കാര്‍ കാര്യമായ എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാവില്ലെന്ന് മന്ത്രി ഉറച്ചനിലപാടെടുത്തു. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവരുമായി ചര്‍ച്ചനടത്തിയ ശേഷമേ ഉണ്ടാവൂ.
നോക്കി നിന്നു പോകും!! മഹാരാജാവും രാജ്ഞിയും... വിനയന്‍ സിനിമയുടെ വൈറല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷവും നിരക്ക് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. പകരം കിലോമീറ്ററിന് 70 പൈസയില്‍ നിന്ന് 90 പൈസയാക്കി ഉയര്‍ത്തി. മിനിമം ചാര്‍ജ് ദൂരം 5 കിലോമീറ്ററില്‍ നിന്ന് 2.5 കിലോമീറ്ററാക്കി കുറയ്ക്കുകയും ചെയ്തു.


Click it and Unblock the Notifications