സംഘപരിവാർ പോലീസ് രാജ് നടപ്പാക്കുമ്പോൾ എൽഡിഎഫ് മതനിരപേക്ഷത സംരക്ഷിക്കുന്നു;എംവി ജയരാജന്‍
ദില്ലി: സംഘപരിവാർ പോലീസ് രാജ് നടപ്പാക്കുമ്പോൾ എൽ ഡി എഫ് മതനിരപേക്ഷത സംരക്ഷിക്കുകയാണെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. ഉത്തരേന്ത്യൻ മാതൃകയിൽ ന്യൂനപക്ഷ വേട്ട കേരളത്തിലും നടത്താനാണ് ബി ജെ പിയും ആർ എസ് എസും കിണഞ്ഞു പരിശ്രമിക്കുന്നത്. മതനിരപേക്ഷ പാരമ്പര്യമുള്ള കേരളത്തിലെ ജനങ്ങൾ അത് അനുവദിക്കുന്നില്ല. അപ്പോഴാണ് ഇത്തരം ഏഴാംകൂലികളെ രംഗത്തിറക്കുന്നത്. എസ്ഡിപിഐ മോഡൽ വർഗീയ സംഘടന ഒരു വിഭാഗത്തിനിടയിൽ ഉണ്ടാക്കാൻ ഈ മുൻ എം എൽ എയെ ബി ജെ പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയതായി അറിയുന്നു. അദ്ദേഹത്തിന് എന്തും പറയാനുള്ള ലൈസൻസും ബി ജെ പി കൊടുത്തിട്ടുണ്ട്. ഇതൊന്നും കേരളത്തിൽ ചിലവാകില്ല. ഉത്തരേന്ത്യയിലെ പോലെയല്ല, കേരളത്തിൽ മതസ്പർദ്ധ ഇളക്കിവിടാൻ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിക്കുന്നു. എംവി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...
സംഘപരിവാർ പോലീസ് രാജ് നടപ്പാക്കുമ്പോൾ എൽഡിഎഫ് മതനിരപേക്ഷത സംരക്ഷിക്കുന്നു.
ആസാമിലെ പോലീസ് ഗുജറാത്തിലെത്തി സ്വതന്ത്ര എംഎൽഎ ജിഘ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോൾ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നുവന്നു. പ്രധാനമന്ത്രിയെ ട്വിറ്ററിലൂടെ വിമർശിച്ചുവെന്നതാണ് മേവാനി ചെയ്ത തെറ്റ്. സംഘപരിവാറുകാർ ഗുജറാത്തിൽ അല്ല പരാതി നൽകിയത്്, ആസ്സാമിലാണ്. അസം ഭരിക്കുന്ന ബി ജെ പി സർക്കാർ പോലീസിനെ ഉടൻ ഗുജറാത്തിലേക്ക് അയച്ചു. എം എൽ എ യെ കയ്യാമം വച്ചു കൊണ്ടുവന്നു. ദേശീയോത്ഗ്രഥനം തകർക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന, സമാധാനം തകർക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് ജയിലിൽ അടച്ചു.
കള്ളക്കേസാണ് എന്ന് തിരിച്ചറിഞ്ഞ കോടതി മേവാനിക്ക് ജാമ്യം അനുവദിച്ചു. ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മറ്റൊരു കള്ളക്കേസെടുത്ത് വീണ്ടും മേവാനിയെ ആസ്സാം പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ജീപ്പിൽ ഉണ്ടായിരുന്ന വനിതാ പോലീസുകാരിയെ മേവാനി ഭീഷണിപ്പെടുത്തി എന്നതാണ് രണ്ടാമത്തെ കള്ളക്കേസ്! ഇത്തവണ കെട്ടിച്ചമച്ച കേസാണെന്ന്പറയുക മാത്രമല്ല, ആസ്സാമിൽ ജനാധിപത്യം തകർത്ത് പോലീസ് രാജ് നടപ്പാക്കുന്നുവെന്നും ഇതിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കാൻ കഴിയുമോ എന്നും നോക്കേണ്ടതുണ്ട് എന്നുകൂടി കോടതി പറഞ്ഞു വെച്ചു. ഇതാണ് സംഘപരിവാറിന്റെ ജനാധിപത്യ കശാപ്പ്.
കേരളത്തിൽ ഒരു മുൻ എം എൽ എ സംഘപരിവാർ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ഒരു മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തി. അത് ഈ കുറിപ്പിൽ ആവർത്തിക്കാത്തത് അദ്ദേഹത്തിന്റെ നിലവാരത്തകർച്ച എനിക്കില്ലാത്തതുകൊണ്ടാണ്. അപ്പോഴേക്കും ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ മലയാളി രംഗത്തെത്തുന്നു. കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. മതവിദ്വേഷ പ്രസംഗം നടത്തുന്നതാണോ അഭിപ്രായപ്രകടനസ്വാതന്ത്ര്യം? ഉത്തരേന്ത്യൻ മാതൃകയിൽ ന്യൂനപക്ഷ വേട്ട കേരളത്തിലും നടത്താനാണ് ബിജെപിയും ആർഎസ്എസും കിണഞ്ഞു പരിശ്രമിക്കുന്നത്. മതനിരപേക്ഷ പാരമ്പര്യമുള്ള കേരളത്തിലെ ജനങ്ങൾ അത് അനുവദിക്കുന്നില്ല.
അപ്പോഴാണ് ഇത്തരം ഏഴാംകൂലികളെ രംഗത്തിറക്കുന്നത്. എസ്ഡിപിഐ മോഡൽ വർഗീയ സംഘടന ഒരു വിഭാഗത്തിനിടയിൽ ഉണ്ടാക്കാൻ ഈ മുൻ എം എൽ എയെ ബിജെപി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയതായി അറിയുന്നു. അദ്ദേഹത്തിന് എന്തും പറയാനുള്ള ലൈസൻസും ബി ജെ പി കൊടുത്തിട്ടുണ്ട്. ഇതൊന്നും കേരളത്തിൽ ചിലവാകില്ല. ഉത്തരേന്ത്യയിലെ പോലെയല്ല, കേരളത്തിൽ മതസ്പർദ്ധ ഇളക്കിവിടാൻ ഒരാളെയും അനുവദിക്കില്ല.