ലൈഫ് മിഷൻ അഴിമതി കേസ്; 5.38 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ 5.38 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. സന്തോഷ് ഈപ്പൻ ഏഴാം പ്രതിയുമാണ്.
ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കേസ്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി രൂപയോളം കോഴ നൽകിയെന്നായിരുന്നു നിർമാണ കരാറുകാരനായിരുന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. ഇതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടിൽ കണ്ടെത്തിയ തുകയെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു സ്വപ്നയുടെ അക്കൗണ്ടിൽ നിന്നും ഈ പണം ഇഡി കണ്ടെത്തിയത്.

കേസിൽ ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇഡി കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികളിലൊരാളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നിലവിൽ ജാമ്യത്തിലാണ്. സ്വപ്ന സുരേഷിൻറെ മൊഴിയാണ് കേസിൽ ശിവശങ്കറിനെ കുടുക്കിയത്.ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്ന ഇഡിക്ക് നൽകിയ മൊഴി.












Click it and Unblock the Notifications