കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിനിയെ മഹത്വവൽക്കരിക്കുന്നതിൽ തെറ്റില്ല.. ശമ്പളത്തിന് വേണ്ടി മാത്രമുള്ള സേവനമല്ലെന്ന് ദീപ നിശാന്ത്

Google Oneindia Malayalam News

കോഴിക്കോട്: മനുഷ്യരിൽ നിന്നും പരസ്പരം എളുപ്പം പടരുന്ന വൈറസാണ് നിപ്പ. അതുകൊണ്ട് തന്നെയാണ് നിപ്പ വൈറൽ പനി ബാധിച്ചവരെ ചികിത്സിക്കുന്നവരും പരിചരിക്കുന്നവരും അതീവസൂക്ഷമത പാലിക്കേണ്ടതും. പനി ബാധിച്ച് ലിനി എന്ന നഴ്സ് മരിച്ചതും ചില നഴ്സുമാർ ചികിത്സയിലിരിക്കുന്നതും അതീവ ഗൌരവകരമായ വിഷയമാണ്. ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ ജീവന് ആരാണ് ഉത്തരവാദി എന്ന വലിയൊരു ചോദ്യമുണ്ട്.

അപകടത്തിന് നടുവിലും രോഗികളെ ശുശ്രൂഷിച്ച്, ഒടുക്കം പ്രിയപ്പെട്ടവന് കത്തെഴുതി വെച്ച് മരണത്തിലേക്ക് നടന്ന് പോയ ലിനിയുടെ സേവനത്തെ ഒരുതരത്തിലും കുറച്ച് കാണാനാകില്ല. അത് മഹത്തരം തന്നെയാണ്. ലിനിയെ മാലാഖ എന്ന് തന്നെ വിളിക്കണം. എന്നാൽ ലിനിയുടെ മരണത്തിന് കാരണമായ പരിതസ്ഥിതിയെ പരിഗണിക്കാതെയുള്ള പൈങ്കിളിവത്ക്കരണം ശരിയല്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടർ വാദിക്കുന്നത്. ആ വാദത്തിന് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തിന് മറുപടിയുണ്ട്. വായിക്കാം:

ഉജ്ജ്വലമായ മരണക്കുറിപ്പ്

ഉജ്ജ്വലമായ മരണക്കുറിപ്പ്

മരിച്ചു കിടക്കുമ്പോൾ പോലും, "എനിക്കാരുണ്ട്?'', ''ഞങ്ങൾക്കാരുണ്ട്?'', എന്ന നിലവിളികൾ മാത്രമേ മരണവീട്ടിൽ നിന്നും കേട്ടിട്ടുള്ളൂ.. ഒറ്റക്കൊരാൾ ഈ ഭൂമിയിൽ നിന്നും കടന്നു പോകുമ്പോൾ, അയാൾക്കാരുണ്ട് ? എന്ന ആകുലതയൊന്നും നിലവിളികളിൽ കാണാറില്ല... ലിനി വ്യത്യസ്തയാകുന്നതും അവിടെയാണ്. തൻ്റെ അസാന്നിധ്യത്തെ പ്രിയപ്പെട്ടവർ എങ്ങനെ മറികടക്കുമെന്ന വേവലാതി... അവർ തനിച്ചാകരുതെന്ന കരുതൽ... എത്ര ഉജ്ജ്വലമായ മരണക്കുറിപ്പായിരുന്നു അത്.

മഹത്വവത്ക്കരിക്കേണ്ടത് തന്നെയാണ്

മഹത്വവത്ക്കരിക്കേണ്ടത് തന്നെയാണ്

മരണമടുത്തെത്തുമ്പോഴും, അത് തിരിച്ചറിയുമ്പോഴും ഇത്ര സമചിത്തതയോടെ അതിനെ നേരിടാൻ എല്ലാവർക്കും കഴിയണമെന്നില്ല. വേണ്ടത്ര മുൻകരുതലില്ലാത്തതു കൊണ്ടാണ് ലിനി മരണപ്പെട്ടത്, അതിനെ മഹത്വവത്കരിക്കേണ്ടതില്ല എന്നൊക്കെയുള്ള മഹദ്വചനങ്ങൾ കണ്ടു.. നേഴ്സിങ്ങ് വേതനമുള്ള തൊഴിൽ മാത്രമാണ്, സേവനമല്ല എന്ന വാക്കുകളും കേട്ടു. ലിനിയുടെ മരണം മഹത്വവത്കരിക്കേണ്ട ഒന്നു തന്നെയാണ്. ലിനിയെപ്പോലുള്ളവരുടെ സേവനത്തെ ' വേതനത്തിനു വേണ്ടി മാത്രം ചെയ്യുന്ന തൊഴിലായി 'അധിക്ഷേപിക്കരുത്.

ആ മഹത്വം തിരിച്ചറിയണം

ആ മഹത്വം തിരിച്ചറിയണം

നേഴ്സിങ്ങിനെ ഒരു മോശം തൊഴിലായി കാണുന്ന നിരവധി പേർ നമ്മുടെ നാട്ടിലിപ്പോഴുമുണ്ട്. നേഴ്സുമാരുടെ "കൊടുംക്രൂരതകളെപ്പറ്റി " വീഡിയോ ഇറക്കിക്കളിക്കുന്നവരുണ്ട്. ഉറക്കം പോലുമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്സുമാരെയും ഡോക്ടർമാരേയും ചേർത്ത് ഗോസിപ്പ് കഥകളിറക്കി ആനന്ദമൂർച്ഛയടയുന്ന വികൃതജന്മങ്ങളുണ്ട്... അവരെപ്പോലുള്ളവരൊക്കെ തിരിച്ചറിയണം.. ഈ തൊഴിലിൻ്റെ മഹത്വം.. അതിന് അവരെ അൽപ്പം മഹത്വവൽക്കരിച്ചാലും തെറ്റില്ല!

Recommended Video

cmsvideo
Nipah Virus : മരണക്കിടക്കയിൽ ലിനിയുടെ കത്ത് വൈറൽ | Oneindia Malayalam
കെട്ടിപ്പിടിച്ച് രോഗം മാറ്റൂ പ്ലീസ്

കെട്ടിപ്പിടിച്ച് രോഗം മാറ്റൂ പ്ലീസ്

സന്ദർഭവശാൽ അനിൽ പള്ളൂരിൻ്റെ വരികൾ കൂടി കൂട്ടിച്ചേർക്കുന്നു! "കെട്ടിപ്പിച്ചു അസുഖം മാറ്റുന്ന അമ്മമാരോടും ഓതിയ വെള്ളം അണ്ണാക്കിൽ ഒഴിച്ച് അസുഖം മാറ്റുന്ന സിദ്ധന്മാരോടും കെട്ടിപിടിച്ചു സ്തോത്രം പറഞ്ഞു രോഗശമനം നൽകുന്ന പാസ്റ്റര്മാരോടും നിപ വൈറസ് ബാധയേറ്റ രോഗികളുടെ അടുത്തു പോയി അസുഖം ഭേദമാക്കാൻ അവരുടെ അനുയായികൾ ഒന്ന് അഭ്യർത്ഥിക്കണം ...പ്ലീസ്" എന്നാണ് ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

അവസാനത്തെ ഉമ്മ പോലും..

അവസാനത്തെ ഉമ്മ പോലും..

ലിനിയ്ക്ക് സാമൂഹ്യ പ്രവർത്തകയായ അശ്വതി ജ്വാലയും ആദരാജ്ഞലികൾ അർപ്പിച്ചിട്ടുണ്ട്. അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: സജീഷേട്ടാ..I'm almost on the way.. മരണക്കിടക്കയിൽ നിന്ന് തന്റെ പ്രിയപ്പെട്ടവനായി ഇങ്ങനെയൊരു കുറിപ്പെഴുതാനേ ലിനിയ്ക്ക് സാധിച്ചുള്ളൂ. പ്രിയപ്പെട്ടവളുടെ കണ്ണടയും വരെ അവളുടെയരികിൽ കൊതി തീരെ ഒന്നിരിക്കാൻ സജീഷിന് സാധിച്ചില്ല. പ്രിയപ്പെട്ട അമ്മയ്ക്ക് അവസാനമായൊരു ഉമ്മ കൊടുക്കാൻ ആ പിഞ്ചുകുഞ്ഞുങ്ങൾക്കും കഴിഞ്ഞില്ല.

കണ്ണീരിൽ ഒഴുക്കിക്കളയേണ്ടതല്ല

കണ്ണീരിൽ ഒഴുക്കിക്കളയേണ്ടതല്ല

പരസ്പരം സ്നേഹം കൊണ്ട് പൊതിഞ്ഞിട്ടും തമ്മിൽ കാണാതെ പിരിയേണ്ടി വന്ന അപൂർവ്വമായ ദുർവിധിയ്ക്കിരയായി ആ കൊച്ചു കുടുംബം. ലിനിയുടെ മരണം വെറുതെ കണ്ണുനീരിൽ കഴുകിക്കളയേണ്ടതല്ല. അസുഖബാധിതരായവരെ പരിചരിക്കുന്നതിനിടെയാണ് ലിനിയ്ക്ക് രോഗം പിടിപെട്ടതും മരണത്തിന് കീഴടങ്ങിയതും. സ്വന്തം ജീവൻ പോലും നോക്കാതെ സമൂഹത്തിനായി കർമ്മനിരതയായതിന്റെ ഫലമാണ് ലിനിയുടെ ദുർവ്വിധി. അതിർത്തിയിൽ ശത്രുക്കളോട് പോരാടുന്നതിനിടെ ജീവൻ നഷ്ടപ്പെടുന്ന ജവാന്മാരോളം തന്നെ ത്യാഗപൂർണ്ണമാണ് ഇത്തരം മാരകരോഗങ്ങൾ ബാധിക്കുന്നവരെ ചികിത്സിക്കുന്ന ലിനിയെപ്പോലുള്ള നഴ്സുമാരുടെ ജീവിതവും.

നീതി നേടിക്കൊടുക്കണം

നീതി നേടിക്കൊടുക്കണം

അതുകൊണ്ടുതന്നെ ആ കുടുംബത്തെ സമാശ്വസിപ്പിക്കുകയും അവർക്ക് നീതി നേടിക്കൊടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തർക്കും ഉണ്ട്. മാലാഖയെന്ന വിളിപ്പേരിൽ നികത്താവുന്ന നഷ്ടമല്ല അവർക്കും അവരുടെ കുടുംബത്തിനും ഉണ്ടായിരിക്കുന്നത്. കാണാൻ സാധിക്കാതെ പോയ സഹോദരിക്ക് ഒരിക്കൽക്കൂടി പ്രണാമം എന്നാണ് അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Deepa Nishanth'a facebook post about Lini's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X