ഉപതിരഞ്ഞെടുപ്പ്: നാല് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്, മൂന്നെണ്ണം യുഡിഎഫും, ബിജെപിക്ക് ഒന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 19 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി എല്‍ ഡി എഫ്. എല്‍ ഡി എഫ് 10 സീറ്റും യു ഡി എഫ് 8 സീറ്റും നേടിയപ്പോള്‍ ബി ജെ പി ഒരു സീറ്റില്‍ വിജയിച്ചു. എല്‍ ഡി എഫ് നാല് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ എല്‍ ഡി എഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തു. എല്‍ ഡി എഫ് സിറ്റിങ് സീറ്റിലാണ് ബി ജെ പിയുടെ ഏക വിജയം. യു ഡി എഫിന്റേയും ജനപക്ഷത്തിന്റേയും ഒരോ സീറ്റുകളും ബി ജെ പിയുടെ രണ്ടും സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് എല്‍ ഡി എഫിന് ഒമ്പത് സീറ്റും, യു ഡി എഫിന് ഏഴ് സീറ്റും ബി ജെ പിക്ക് രണ്ട് സീറ്റും ജനപക്ഷത്തിന് ഒരു സീറ്റും ഉണ്ടായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. ജില്ലയിലെ പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ കനാറയില്‍ കോണ്‍ഗ്രസും സിറ്റിങ് സീറ്റില്‍ വിജയിച്ചു.

കൊല്ലം ജില്ലയിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ വാർഡ് ബി ജെ പി സിറ്റിങ് സീറ്റ് എല്‍ ഡി എഫ് പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലയിലെ മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി പി എം സിറ്റിങ് സീറ്റ് കോണ്‍ഗ്രസും പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ മുനിസിപ്പല്‍ ഓഫീസ് വാർഡ് എല്‍ ഡി എഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.
കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തന്‍തോട് വാർഡ് കോണ്‍ഗ്രസും മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട വാർഡ് സി പി എമ്മും നിലനിർത്തി. അതേസമയം, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുനിലം വാർഡ് ജനപക്ഷത്ത് നിന്നും സി പി എം പിടിച്ചെടുത്തു. എറണാകുളം ജില്ലയിലെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല വാർഡ് ബി ജെ പിയില്‍ നിന്നും സി പി എം പിടിച്ചെടുത്തു.
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂര്‍ വാർഡ് യു ഡി എഫ് നിലനിര്‍ത്തി. മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം വാർഡ് സി പി എമ്മില്‍ നിന്ന് യു ഡി എഫും കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല വാർഡ് എല്‍ ഡി എഫില്‍ നിന്നും ബി ജെ പിയും പിടിച്ചെടുത്തു. ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ് വാർഡ് എല്‍ ഡി എഫും കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം വാർഡ് യു ഡി എഫും നിലനിർത്തി.
കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍ യു ഡി എഫും വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം സീറ്റ് എല്‍ ഡി എഫും നിലനിർത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട് വാർഡ് യു ഡി എഫില്‍ നിന്ന് സി പി എം പിടിച്ചെടുത്തു. കണ്ണൂർ കോർപ്പറേഷനിലെ പള്ളിപ്രം നിലനിർത്തിയ യു ഡി എഫ് ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാർഡി സി പി എമ്മില്‍ നിന്നും പിടിച്ചെടുത്തു.
അതേസമയം, 19 വാർഡുകളിലെ വിധിയില്‍ ഭരണ മാറ്റത്തിന് സാധ്യതയുണ്ടായിരുന്നത് കോട്ടയം നഗരസഭയില്‍ മാത്രമായിരുന്നു. സിറ്റിങ് സീറ്റില്‍ യു ഡി എഫ് വിജയിച്ചതോടെ ഇരു മുന്നണികളും വീണ്ടും ഒപ്പത്തിനൊപ്പം എത്തി. നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു നഗരസഭയില്‍ യു ഡി എഫ് അധികാരത്തിലെത്തിയത്.












Click it and Unblock the Notifications