തളിക്കുളത്തെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് സൂചന: മര്‍ദിച്ചിരുന്നുവെന്ന് മകന്റെ കുറ്റസമ്മതം!
തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം പുതുക്കുളം കിഴക്ക് എടത്തിരുത്തി കൊട്ടുക്കല്‍ സത്യന്റെ (65) മരണം കൊലപാതകമെന്ന് സൂചന. ഹൃദയത്തിനും തലയ്ക്കുേറ്റ ക്ഷതമാണ് മരണകാരണമെന്ന് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു. ഇരു വശങ്ങളിലെയും വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇടുപ്പിനും തുടയിലും മുറിവേറ്റ പാടുകളുണ്ട്.
ഇഷ്ടികകൊണ്ട് താന്‍ അച്ഛനെ മര്‍ദിച്ചതായി മകന്‍ സലീഷ് പോലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് സൂചന. പോലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ബുധനാഴ്ച വൈകിട്ട് നാലോടെയാണു സംഭവം. ഈസമയം അച്ഛനും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

പുറത്തുപോയ ഭാര്യ മാലതിയും മകള്‍ സലീജയും അഞ്ചരയോടെ വീട്ടിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടപ്പ് മുറിയില്‍ സത്യനെ കണ്ടെത്തുകയായിരുന്നു. മകന്‍ സലീഷ് വീട്ടിലുണ്ടായിരുന്നെങ്കിലും പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ ഇയാള്‍ തയാറായില്ല. മാലതിയും സലീജയും ചേര്‍ന്ന് സത്യനെ കുളിപ്പിച്ചെങ്കിലും രക്തസ്രാവം നിലച്ചില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാടാനപ്പള്ളിയിലെ ക്ലിനിക്കിലും ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പേ മരിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടനെ വീട്ടില്‍ നിന്നുതന്നെ സലീഷിനെ വാടാനപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.
മര്‍ദിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ ആദ്യം പറഞ്ഞത്. പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് മര്‍ദനം നടത്തിയത് സലീഷിന് സമ്മതിക്കേണ്ടി വന്നത്. ഇയാള്‍ പല ദിവസങ്ങളിലും പിതാവിനെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വാടാനപ്പള്ളി എസ്ഐ ഡി ശ്രീജിത്തിനാണ് കേസന്വേഷണ ചുമതല. ഇരിങ്ങാലക്കുട ഡി വൈഎസ്പി ഫേമസ് വര്‍ഗീസ്, വലപ്പാട് സി ഐ ടികെ ഷൈജു എന്നിവരും സ്ഥലത്തെത്തിയിരുന്നു. അതിനിടെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സത്യന്റെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.
തളിക്കുളം പുതുക്കുളത്ത് എടത്തിരുത്തി കൊട്ടുക്കല്‍ സത്യന് മൃഗീയ പീഡനമാണ് ഏല്‍ക്കേണ്ടിവന്നതെന്നാണ് സൂചന. ശരീരത്തിലാകെ മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നെന്ന് ആശുപത്രിയിലെത്തിച്ച നാട്ടുകാര്‍ പറഞ്ഞു. ക്രൂര മര്‍ദനം നടന്നിട്ടുണ്ടാകുമെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പോലീസിനോട് പറഞ്ഞതായും സൂചനയുണ്ട്. പ്രതി ഇഷ്ടികകൊണ്ട് ഇടിച്ചതിനു പുറമെ തള്ളിയിടുകയും കൈമുട്ടുകൊണ്ട് ഇടിച്ചതായും സൂചനയുണ്ട്.സംഭവം നടക്കുമ്പോള്‍ മകന്‍ സലീഷ് മദ്യലഹരിയിലായിരുന്നു.സത്യനും മദ്യം കഴിച്ചിട്ടുണ്ടായിരുന്നു. ഡ്രൈവറാണ് മരിച്ച സത്യന്‍. പോലീസ് കസ്റ്റഡിയിലുള്ള സലീഷ് നിര്‍മാണ തൊഴിലാളിയാണ്.












Click it and Unblock the Notifications