മദ്യപിച്ച് വാഹനമൊടിച്ച് അപകടം; വണ്ടി നിര്‍ത്താതെ പോയ പൊലീസുകാരെ പിടികൂടി, വീണ്ടും പരാതികളുയരുന്നു
ആലപ്പുഴ: സംസ്ഥാനത്ത് പൊലീസിനെതിരെയുള്ള പരാതി വര്‍ധിക്കുന്നു. പരാതികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചിരുന്നു അതിന് പിന്നാലെ വീണ്ടും മൂന്ന് പരാതികളാണെത്തിയത്. മദ്യപിച്ചോടിച്ച കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ എഎസ്‌ഐയും സംഘവുമാണ് അറസ്റ്റിലായിരിക്കുന്നത്.
മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്‌ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി തൃശ്ശൂര്‍ കണ്ണാറയിലാണ് സംഭവം. ലില്‍ജിത്ത് (24), കാവ്യ (22) എന്നിവരെയാണ് എസ്‌ഐയും സംഘവും ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. ഇവരുടെ കാലിന് സാരമായി പരിക്കേറ്റു.

മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും പ്രശാന്തിനും സംഘത്തിനുമെതിരെ പൊലീസ് കേസെടുത്തു. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കും കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെയും കാലൊടിഞ്ഞിരിക്കുകയാണ്. മുട്ടിന് ഗുരുതരമായ പരിക്കേറ്റതിനാല്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചു. കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാള്‍ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു ഇവര്‍. അപകടം നടന്ന് മുന്നോട്ട് പോയ കാര്‍ ഒരു കിലോമീറ്റര്‍ ദൂരെ നിര്‍ത്തി. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് എഎസ്‌ഐയും സംഘവും കാര്‍ നിര്‍ത്തിയത്. നാട്ടുകാര്‍ പിന്നാലെയെത്തി പിടികൂടി. പ്രകോപിതരായ നാട്ടുകാരില്‍ നിന്ന് പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ പതുവര്‍ഷത്തലേന്ന് ബൈക്കില്‍ പോയ മത്സ്യത്തൊഴിലാളി യുവാവിനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി മര്‍ദിച്ചതായി പരാതിയും പൊലീസിനെതിരെ ഉയര്‍ന്നിരിക്കുകയാണ്. പരുക്കേറ്റ നീര്‍ക്കുന്നം മാടവന തോപ്പില്‍ അമല്‍ ബാബു (29) മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.വണ്ടാനം കിണറുമുക്കിനു സമീപം ബൈക്കില്‍ പോകുമ്പോള്‍ പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ലെന്നും തിരികെവരുമ്പോള്‍ ലാത്തിയെറിഞ്ഞു വീഴ്ത്തുകയായിരുന്നുവെന്നും അമല്‍ ബാബു നല്‍കിയ പരാതിയില്‍ പറയുന്നത്. പിന്നീട് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്. അമലിനെ മര്‍ദിച്ചിട്ടില്ലെന്നും അമിതവേഗത്തില്‍ പോയപ്പോള്‍ ബൈക്ക് നിയന്ത്രണം തെറ്റി വീണാണു പരുക്കേറ്റതെന്നും പുന്നപ്ര പൊലീസ് പറഞ്ഞു. ഇയാളെ സ്റ്റേഷനിലെത്തിച്ച ശേഷം ജാമ്യത്തില്‍ വിട്ടുവെന്നും പൊലീസ് വിശദീകരിച്ചു.

അതേസമയം പെലീസിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന്‌കൊണ്ടിരിക്കുകയാണ് ഇടുക്കി ജില്ലാ സമ്മേളനത്തിലും പൊലീസിനെതിരെ വിമര്ശനം ഉയര്‍ന്നിരുന്നു. പൊലീസിന്റെ നില വിട്ട പെരുമാറ്റം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ വിമര്‍ശനം. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഘടകകക്ഷി നേതാക്കള്‍ പണം നല്‍കി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യങ്ങള്‍ നേടുന്നുണ്ടെന്ന് പ്രതിനിധികള്‍ സമ്മനേളനത്തില്‍ കുറ്റപ്പെടുത്തിുകയായിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മാവേലി എക്‌സ്പ്രസില്‍ നടന്ന സംഭവവും വന്‍ ചര്‍ച്ചക്കാണ് വഴിവെച്ചത്. മദ്യപിച്ച് മോശമായി പെരുമാറിയെന്ന് പറഞ്ഞ് ഒരു യുവാവിനെ പൊലീസ് ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുന്നതും തുടര്‍ന്ന് അദ്ദേഹത്തെ ചവിട്ട്‌കൊണ്ട് തന്നെ തള്ളി മാറ്റുകയും തുടര്‍ന്ന് അദ്ദേഹത്തെ വടകര സ്റ്റേഷനില്‍ ഇറക്കി വിടുകയുമായിരുന്നു ചെയ്തിരുന്നത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങലില്‍ വാര്‍ത്ത വന്ന് വിഷയം ചര്‍ച്ചയായതോടെ യുവാവിനെ ചവിട്ടിയ എഎസ്‌ഐക്കെതിരെ നടപടി സ്വീകരിക്കുകയും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും ചെയ്തിരുന്നു. പൊലീസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചതിന്റെ അന്ന് രാവിലെയാണ് ഈ സംഭവം നടന്നത്.

കൂടാതെ കഴിഞ്ഞ ദിവസം സ്വീഡിഷ് പൗരനെതിരെ പൊലീസ് പ്രവര്‍ത്തിച്ചതും പൊലീസിനെ വന്‍ വിമര്‍ശത്തിനിടയാക്കിയിരുന്നു. കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞതും ബില്‍ ചോദിച്ചതും. എന്നാല്‍ ബില്‍ ബീവറേജസില്‍ നിന്ന് എടുക്കാന്‍ മറന്നുവെന്നാണ് സ്റ്റീഫന്‍ നല്‍കിയ മറുപടി. തുടര്‍ന്ന് മദ്യം ഉപേക്ഷിക്കണമെന്ന് പൊലീസ് സ്റ്റീഫനോട് പറയുകയുമായിരുന്നു. തുടര്‍ന്ന് സഹികെട്ട സ്റ്റീഫന്‍ മദ്യം മറിച്ച് കളയുകയും പ്ലാസ്റ്റിക് കുപ്പി ബാഗിലിട്ട് കൊണ്ടിപോകുകയുമായിരുന്നു.

സംഭവം ചര്‍ച്ചയായതോടെ വിഷയത്തില്‍ മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ഇടപെട്ടു. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തത്. വിവാദം തണുപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടി സ്റ്റീവനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നടപടിക്കെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. വിദേശിയെ തൊട്ടിട്ടില്ലെന്നും മദ്യം കളയാനും ആവശ്യപ്പെട്ടില്ലെന്നും നടപടി പിന്‍വലിക്കണമെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളുകയാണ് സ്റ്റീവന്‍. മദ്യം കളയാന്‍ ആവശ്യപ്പെട്ട പൊലീസ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്റ്റീഫന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാനത്തെ ക്രമസമാധാന നിലയാണ് ചര്‍ച്ച ചെയ്തത്. ആലപ്പുഴയിലുണ്ടായ എസ്ഡിപിഐ ബിജെപി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പോലീസ് നടപടികളും യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. . എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ആലപ്പുഴ സംഭവത്തിലെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതേസമയം കണ്ണൂരില്‍ മാവേലി എക്‌സ്പ്രസ്സില്‍ വച്ചുണ്ടായ സംഭവം പക്ഷേ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല.












Click it and Unblock the Notifications