മുതലപ്പൊഴിയിലെത്തിയ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാർ;ഷോ ഇറക്കരുതെന്ന് മന്ത്രി, പ്രതിഷേധം
തിരുവനന്തപുരം: മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായ മുതലപ്പൊഴി സന്ദർശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി ശിവന്‍കുട്ടിയെയും ആന്റണി രാജുവിനെയും ജി ആര്‍ അനിലിനെയുമാണ് നാട്ടുകാർ തടഞ്ഞത്. നാട്ടുകാർ മന്ത്രിമാരോട് ചോദ്യം ഉയർത്തിയതോടെ ഷോ കാണിക്കരുതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി.
വൈകീട്ടോടെയായിരുന്നു പ്രദേശത്ത് മന്ത്രിമാർ എത്തിയത്. ഇവർ കാറിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ തന്നെ നാട്ടുകാർ തടയുകയായിരുന്നു. പ്രദേശത്ത് അപകടങ്ങൾ സ്ഥിരം സംഭവമായിട്ടും മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമാണ് നാട്ടുകാർ ഉയർത്തിയത്. കാണാതായവരുടെ മൃതശരീരമെങ്കിലും തിരികെയെത്തിക്കുമോയെന്ന് നാട്ടുകാരിൽ ഒരു സ്ത്രീ ചോദിച്ചതോടെ ഷോ കാണിക്കരുതെന്ന് മന്ത്രി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.

'അടുത്ത വർഷം മരണം വല്ലതും സംഭവിക്കുമോ സാറെ എന്നാണ് ഞാൻ ചോദിച്ചത്. അപ്പോഴാണ് ഷോ കാണിക്കാതെ മാറി പോകണമെന്ന് മന്ത്രി പറഞ്ഞത്. ആരാണ് ഷോ കാണിച്ചത്. അഞ്ച് മിനിറ്റ് പോലും ആ മന്ത്രി അവിടെ നിന്നിട്ടില്ല. ഞങ്ങള് ചോദിക്കുമ്പോൾ മറുപടി നൽകേണ്ട മന്ത്രി ഞങ്ങൾ ഒരു ചോദ്യം ചോദിച്ചപ്പോഴേക്ക് പേടിച്ച് ഓടിപ്പോയി കഴിഞ്ഞു. ഞങ്ങളുടെ ആളുകളെ കുരുതികൊടുക്കാൻ വെച്ചിരിക്കുകയാണോ?', ചോദ്യമുയർത്തിയ സ്ത്രീ പറഞ്ഞു.
അതേസമയം പ്രതിഷേധം അവസാനിപ്പിക്കണമെന്നും സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി ആന്റണി രാജി ജനങ്ങൾക്ക് ഉറപ്പ് നൽകി. മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തിൽ മന്ത്രിമാർ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു.
അതിനിടെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തിൽ ഫാദർ യൂജിൻ പെരേരക്കെതിരെ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മന്ത്രിമാർ അടങ്ങുന്ന സംഘത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് യൂജിൻ പെരേരയാണെന്ന് മന്ത്രി ആരോപിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പുരോഹിതനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണുണ്ടായതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
വിഴിഞ്ഞം സമരത്തിന്റെ പേരിലെ കലാപ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും ഫാദർ യൂജിനാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തീരദേശ പള്ളികൾ അനധികൃത പണപ്പിരിവ് നടത്തുകയാണെന്നും മന്ത്രി വിമർശിച്ചു.
ഇന്ന് പുലർച്ചയോടെയായിരിന്നു മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാല് മത്സ്യതൊഴിലാളികളെ കാണാതായത. ഇതിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ ഒരാഴ്ചക്കിടയിലുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.












Click it and Unblock the Notifications