ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം; ഡബ്ല്യുസിസി ഹർജിയിൽ ഹൈക്കോടതി
കൊച്ചി; ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. ഡബ്ല്യുസിസിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർനശന നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ ഉണ്ട്. ഏത് തൊഴിൽ മേഖലയിലായാലും സ്ത്രീകൾക്കെതിരായ ചൂഷണം നടന്നാൽ അത് പരിഹരിക്കാനും തടയയുന്നതിനും വേണ്ടി സംവിധാനങ്ങൾ ആവശ്യമാണ്. സ്ത്രീകൾ കൂടുതലായി ദോലി ചെയ്യുന്ന സിനിമാ മേഖലയിലും ഈ നിയമം ബാധകമാണെന്ന് ഹൈക്കോടതി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018 ലാണ് ഡബ്ല്യു സി സി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മറ്റ് തൊഴിലിടങ്ങളിലെന്ന പോലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്നതായിരുന്നു ഡബ്ല്യുസിസിയുടെ ആവശ്യം.വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.
വിധി സന്തോഷം തരുന്നതാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ പ്രതികരിച്ചു. അതേസമയം പുതിയതായി എന്തെങ്കിലും നടപ്പായി എന്ന് തോന്നിയിട്ടില്ലെന്നും നിലനിൽക്കുന്ന നിയമങ്ങൾ നടപ്പാക്കുകയെന്നതാണ് ഡബ്ല്യു സി സിയുടെ ആവശ്യമെന്നും അവർ പറഞ്ഞു. വിധിയുടെ പകർപ്പ് കിട്ടിയാൽ മാത്രമേ കൂടുതലായി പ്രതികരിക്കാൻ സാധിക്കൂവെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം വിധി വന്നെങ്കിലും ആശങ്കയുണ്ടെന്ന് സംവിധായക വിധു വിൻസെന്റ് പറഞ്ഞു. വിധി നടപ്പാക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. സിനിമ സംഘടനകൾ ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നതെന്നും അവർ പറഞ്ഞു.
ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഫിലിം ചേംബർ സംസ്ഥാന പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞു. നിയമം നടപ്പാക്കാൻ വലിയ ബുദ്ധിമുട്ടുകൾ ഇല്ല. പുതിയ സിനിമകൾ രജിസ്റ്റർ ചെയ്യുമ്പോൾ ആഭ്യന്തര പരാതി പരിഹാര സെല്ല് സംബന്ധിച്ച വിവരങ്ങൾ നൽകുന്ന രീതിയിൽ ഇത് നടപ്പാക്കാം. അല്ലേങ്കിൽ ഫിലിം ചേംബർ മുഖേനയും നടപ്പാക്കാമെന്നും ജി സുരേഷ് കുമാർ പറഞ്ഞു.
ഡബ്ല്യു സി സിയുടെ ഒരു ആവശ്യങ്ങളും ഞങ്ങൾ ചർച്ച ചെയ്യാതിരുന്നിട്ടില്ല. എല്ലാവരും വ്യക്തിപരമായി പരിചയമുള്ളവരാണ്. കത്തെഴുതുന്നതിന് പകരം നേരിട്ട് ആവശ്യങ്ങൾ ഉന്നയിക്കാം. അത് ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ്, സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.












Click it and Unblock the Notifications