തോമസ് ഐസക്, സ്വരാജ്, ജലീൽ, ശൈലജ..; കച്ചകെട്ടി സിപിഎം, ലോകസഭയിലേക്ക് കരുത്തർ ഇറങ്ങും
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയ സാധ്യമമാത്രം ലക്ഷ്യം വെച്ച് സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി എൽഡിഎഫ്. ഇത്തവണ മന്ത്രിമാർ അടക്കമുള്ളവരെ കളത്തിലിറക്കാനാണ് സിപിഎം ആലോചന. മുതിർന്ന നേതാക്കളായ തോമസ് ഐസക്, എളമരം കരീം, എ വിജയരാഘവൻ, പികെ ശ്രീമതി, കെകെ ശൈലജ കൂടാതെ മന്ത്രി കെഎം രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. യുവാക്കളേയും ഇവർക്കൊപ്പം രംഗത്തിറക്കിയേക്കും.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിൽ എംഎ ആരിഫിലൂടെ ആലപ്പുഴ മാത്രമായിരുന്നു എൽഡിഎഫിന് ലഭിച്ചത്. ഇത്തവണയും ആരിഫ് തന്നെയാകും ഇവിടെ മത്സരിക്കുക. കഴിഞ്ഞ തവണ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് കോട്ടയത്ത് വിജയിച്ച തോമസ് ചാഴിക്കാടൻ മുന്നണി മാറിയതോടെ എൽഡിഎഫിലാണ്. അദ്ദേഹത്തിന് തന്നെയായിരിക്കും വീണ്ടും സീറ്റ്. കേരള കോൺഗ്രസ് എമ്മിൽ നിന്നും ജോസ് കെ മാണി മത്സരിക്കണമെന്ന ആഗ്രഹം സിപിഎം പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫിൽ നിന്നും പിജെ ജോസഫ് മത്സരിച്ചാൽ ഒരുപക്ഷേ ജോസ് കെ മാണി തന്നെ കോട്ടയത്ത് ഇറങ്ങിയേക്കും.

പുതുപ്പള്ളിയിൽ മൂന്നാമതും പരാജയം രുചിച്ച ജെയ്ക്ക് സി തോമസിനെ ചാലക്കുടിയിൽ നേതൃത്വം പരിഗണിക്കുന്നുണ്ട്. മുൻ മന്ത്രി സി രവീന്ദ്രനാഥിനും ഇവിടെ സാധ്യത ഏറെയാണ്. ആലത്തൂരിൽ എ വിജയരാഘവനാണ് സാധ്യത കൂടുതൽ. മന്ത്രി രാധാകൃഷ്ണനേയും ഇവിടെ നിന്ന് പരിഗണിക്കുന്നുണ്ട്. പാലക്കാട് മണ്ഡലത്തിൽ നിന്നും സിപിഎമ്മിന്റെ തീപ്പൊരി നേതാവ് എം സ്വരാജിനെ പരിഗണിക്കാൻ സാധ്യതയുണ്ട്.
എറണാകുളം മണ്ഡലത്തിൽ തോമസ് ഐസക്കിനാണ് സാധ്യത. പത്തനംതിട്ടയിലും അദ്ദേഹത്തിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജിനാണ് സാധ്യത കൂടുതൽ. ആറ്റിങ്ങലിൽ നിലവിലെ രാജ്യസഭ എംപിയായ എഎ റഹീം, കൊല്ലത്ത് മുകേഷ് എംഎൽഎ എന്നിവരെയാണ് പരിഗണിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനകീയ മുഖമായ കെകെ ശൈലജയെ കണ്ണൂരിൽ നിന്നായിരിക്കും സിപിഎം മത്സരിപ്പിച്ചേക്കുക. നിലവിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ഇവിടെ നിന്നുള്ള എംപി. എന്നാൽ ഇത്തവണ അദ്ദേഹം വീണ്ടും ഇറങ്ങാനുള്ള സാധ്യത കുറവാണ്. ശൈലജ ഇറങ്ങിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് സിപിഎം കരുതുന്നുണ്ട്. കാസർഗോഡ് മണ്ഡലത്തിൽ എംവി ബാലകൃഷ്ണനെ പരിഗണിച്ചേക്കും. മലപ്പുറത്ത് എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വിപി സാനു വീണ്ടും മത്സരിച്ചേക്കും. പൊന്നാനിയിൽ കെടി ജലീലീനാണ് സാധ്യത.












Click it and Unblock the Notifications