'പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്‌റ', തെളിവ് കൈയിലുണ്ടെന്ന് സുധാകരന്‍
കണ്ണൂര്‍: മുന്‍ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനത്തില്‍ ദൂതനായത് മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയാണ് എന്ന് കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. ലോക്‌നാഥ് ബെഹ്‌റ വീട്ടില്‍ പോയി സംസാരിച്ചതിന് തെളിവുണ്ട് എന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ബെഹ്‌റ വീട്ടില്‍ പോയി സംസാരിച്ചതിന്റെ ചിത്രങ്ങള്‍ പാര്‍ട്ടിയുടെ കയ്യിലുണ്ട്. സി പി എമ്മിന് വേണ്ടിയാണ് ലോക്‌നാഥ് ബെഹ്‌റ ദൂതനായത്. സി പി എമ്മുമായും ബി ജെ പിയുമായും ബന്ധം പുലര്‍ത്തുന്ന ആളാണ് ബെഹ്റ. പത്മജ വേണുഗോപാല്‍ പോയത് യു ഡി എഫിന് ചെറിയ പ്രയാസം പോലും ഉണ്ടാക്കില്ല', കെ സുധാകരന്‍ പറഞ്ഞു. വടകരയെക്കാള്‍ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം പ്രയോജനപ്പെടുത്താന്‍ കഴിയുക തൃശ്ശൂരിലാണെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരനെ കവച്ച് വെക്കാനൊരു സ്ഥാനാര്‍ത്ഥി തൃശൂരില്‍ ഇല്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. പാര്‍ട്ടിയുടെ വാക്കാണ് തനിക്ക് വലുത് എന്നും സ്വയം ഇറങ്ങിപ്പോകാന്‍ അവകാശമില്ലാത്തതിനാലാണ് മത്സരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ ഷാഫി പറമ്പലിനെ കൊണ്ടുവന്നത് വളരെ റിസ്‌കെടുത്താണ് എന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പത്മജയുടെ ബി ജെ പി പ്രവേശനത്തില്‍ സി പി എമ്മിനെ കുറ്റപ്പെടുത്തിയിരുന്നു.
പത്മജയുടെ സഹോദരനും എം പിയുമായ കെ മുരളീധരനും ഇക്കാര്യം ശരി വെച്ചിരുന്നു. പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് ബെഹ്‌റയാണ് എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്‌റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ട് എന്നാണ് മുരളി പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും നല്ല ബന്ധമുളള ബെഹ്‌റയാണ് ബി ജെ പിക്കായി ചരടുവലി നടത്തിയത് എന്നാണ് മുരളീധരന്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പത്മജയെ ബി ജെ പിയില്‍ എത്തിച്ചത് എന്നായിരുന്നു സതീശന്റെ ആരോപണം.
പത്മജ ബി ജെ പിയില്‍ ചേര്‍ന്നതില്‍ ഏറ്റവും ആഹ്‌ളാദം സി പി എമ്മിനാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. പത്മജ വ്യാഴാഴ്ചയാണ് ബി ജെ പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട അവഗണനമൂലമാണ് പാര്‍ട്ടി വിട്ടത് എന്നായിരുന്നു പത്മജയുടെ പ്രതികരണം.












Click it and Unblock the Notifications