തിരുവനന്തപുരത്ത് 'സ്റ്റാർ' സ്ഥാനാർത്ഥിയെ ഇറക്കില്ല, ബിജെപിയുടെ നീക്കം മറ്റൊന്ന്,കാരണം

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ മണ്ഡലങ്ങളിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം . കഴിഞ്ഞ തവണ മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ഇക്കുറി അതിശക്തനെ തന്നെ ഇറക്കിയാൽ മണ്ഡലം കൂടെ പോരുമെന്ന് നേതൃത്വം കരുതുന്നുണ്ട്. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ പേര് തുടക്കത്തിൽ ഇവിടെ ചർച്ചയായിരുന്നുവെങ്കിലും അദ്ദേഹത്തെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് സാധ്യത ഏറെ എന്നാണ് റിപ്പോർട്ടുകൾ.തൃശൂരിൽ മത്സരിപ്പിക്കാനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ നേതാക്കളെ ഇറക്കി മണ്ഡലം പിടിക്കാൻ ബിജെപി തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

തരൂർ ലോക്സഭയിലേക്ക് മത്സരിക്കില്ല?
കഴിഞ്ഞ മൂന്ന് ലോക്സഭ തിരഞ്ഞെടുപ്പിലും ശശി തരൂർ ആണ് തിരുവനന്തപുരം മണ്ഡലത്തിൽ വിജയിച്ചത്. ഇത്തവണ പക്ഷേ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുമോയെന്നതാണ് ചോദ്യം. താൻ ലോക്സഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ തരൂരിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തരൂരിന്റെ സംസ്ഥാന പര്യടവും വിവിധ സുമാദയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുന്നത് തിരിച്ചടിയായേക്കുമെന്ന ആശങ്ക തരൂരിനുണ്ട്.

ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്
നിയമസഭ തിരഞ്ഞെടുപ്പാണ് തരൂർ ലക്ഷ്യം വെയ്ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹവും തരൂർ പ്രകടിപ്പിച്ച് കഴിഞ്ഞതാണ്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തരൂരിന് മികച്ച വിജയം സമ്മാനിച്ച നിയമസഭ മണ്ഡലങ്ങളിൽ ഒന്നായ വട്ടിയൂർക്കാവാണ് തരൂർ നോട്ടം വെയ്ക്കുന്നത്. തരൂരിനെ പിന്തുണയ്ക്കുന്ന കെ മുരളീധരൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെ വട്ടിയൂർക്കാവിൽ വലിയ വിജയം നേടാനകുമെന്ന് തരൂർ കരുതുന്നുണ്ട്.

അവസരമായി കണ്ട് ബി ജെ പി
അതേസമയം തരൂർ മത്സരിക്കാൻ ഇല്ലെങ്കിൽ അത് തങ്ങൾക്കുള്ള അവസരമായിട്ടാണ് ബി ജെ പി കണക്കാക്കുന്നത്. ദേശീയ നേതാക്കളെ ആരെയെങ്കിലും ഇറക്കിയാൽ കാര്യങ്ങൾ അനുകൂലമാകുമെന്ന് ബി ജെ പി കരുതുന്നു. ക്രിസ്ത്യൻ വോട്ടുകൾ കൂടി മറിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും പാർട്ടി കരുതുന്നുണ്ട്. നിലവിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിങ്ങനെ പ്രമുഖരുടെ പേരുകളാണ് ബി ജെ പിയിൽ ചർച്ചയാകുന്നത്.

സ്ഥിതിഗതികൾ മാറി മറിയും
എന്നാൽ 'സ്റ്റാർ' മത്സരാർത്ഥികളെ ഇറക്കുന്നത് സ്ഥിതിഗതികൾ മാറി മറിയുന്നതിന് കാരണമാകുമോയെന്ന ആശങ്കയും ബി ജെ പിക്കുണ്ട്. പ്രമുഖനെ ബി ജെ പി ഇറക്കുന്നതോടെ സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പാക്കാൻ പടലപിണക്കങ്ങൾ എല്ലാം മറന്ന് കോൺഗ്രസ് നേതാക്കൾ കൈകോർക്കും. മാത്രമല്ല ഇടതുപക്ഷവും ബി ജെ പിയുടെ പരാജയം ഉറപ്പാക്കാൻ കോൺഗ്രസിന് അനുകൂലമായി വോട്ട് മറിച്ചേക്കും. അതിനാൽ പ്രമുഖനെ ഇറക്കാതിരിക്കുന്നതാവും ഗുണം ചെയ്യുകയെന്നാണ് നേതൃത്വം ആലോചിക്കുന്നത്.

താരമണ്ഡലമായേക്കില്ല
നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട് രാഹുൽ ഗാന്ധി മത്സരിച്ചതോടെ രാഹുൽ ഇഫക്ടിൽ ലോക്സഭ യു ഡി എഫ് തൂത്തുവാരിയിരുന്നു കാഴ്ച. ബി ജെ പി ദേശീയ നേതാക്കാൾ എത്തുന്നത് സമാന ട്രന്റിന് വഴിവെയ്ക്കുമോയെന്ന ആലോചനയിൽ അത്തരമൊരു പരീക്ഷണത്തിന് ബി ജെ പി തയ്യാറായാൽ മാത്രമായിരിക്കും ദേശീയ നേതാക്കൾ തിരുവനന്തപുരത്തേക്ക് എത്തിയേക്കുക. എന്നാൽ രാഹുൽ തീർത്ത തരംഗം കേരളം പോലൊരു സംസ്ഥാനത്ത് ബി ജെ പിക്ക് തീർക്കാനാകില്ലെന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരം താരമണ്ഡലമാകാൻ സാധ്യതയില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications