കേരളത്തിൽ ബിജെപിയുടെ പുതുതന്ത്രം, ഓരോ പ്രവർത്തകനും ചോര നീരാക്കണം, പേജ് പ്രമുഖ് പദ്ധതി
Recommended Video

പത്തനംതിട്ട: ദശാബ്ദങ്ങളോളം സിപിഎം ഭരണത്തിലിരുന്ന ത്രിപുര പിടിച്ചെടുത്ത ചരിത്രമാണ് കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബിജെപിക്ക് മുന്നിലുളള പ്രചോദനം. ഒരിക്കലും നിയമസഭ പോലും കാണില്ലെന്ന് എതിരാളികള്‍ എഴുതി തള്ളിയ ഇടത്ത് നിന്ന് ആദ്യമായി ഒരു എംഎല്‍എയെ 2016ല്‍ ബിജെപി കേരള നിയമസഭയില്‍ എത്തിച്ചു.
ലോക്‌സഭയിലേക്കും ഇത്തവണ കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കും എന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് ബിജെപി. പാര്‍ട്ടിക്ക് സാധ്യമായ എല്ലാ വഴികളും അതിന് തേടുന്നു. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും പയറ്റിയ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

പച്ച തൊടാതെ കേരളം
ബിജെപിയുടെ ചാണക്യതന്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന അമിത് ഷാ അങ്കം കുറിച്ച ഇടത്തൊക്കെ ഭരണം പിടിച്ച ചരിത്രമേ ബിജെപിക്കുണ്ടായിട്ടുളളൂ. എന്നാല്‍ കേരളത്തില്‍ മാത്രം ഇതുവരെ പച്ച പിടിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും മാറി മാറി പരീക്ഷിക്കുന്ന കേരളം ഒരിക്കലും ബിജെപി എന്ന മൂന്നാമന് ഇടം കൊടുത്തില്ല.

പേജ് പ്രമുഖ പദ്ധതി
എന്നാല്‍ ശബരിമല വിഷയത്തോടെ കരുത്തുറ്റ മൂന്നാമത്തെ ശക്തിയായി ബിജെപി കേരളത്തില്‍ മാറിയിരിക്കുന്നു. അനുകൂലമായ കാലാവസ്ഥയെ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കൊണ്ട് വോട്ടാക്കി മാറ്റാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും പരീക്ഷിച്ച് വിജയിച്ച പേജ് പ്രമുഖ പദ്ധതിയാണ് കേരളത്തിലും ബിജെപി നടപ്പിലാക്കുന്നത്.

വീട് കയറി വോട്ടുറപ്പിക്കണം
ഓരോ മണ്ഡലത്തിലേയും ഓരോ വോട്ടും ബിജെപിക്ക് തന്നെ എന്നുറപ്പിക്കാനുളളതാണ് ഈ പദ്ധതി. വോട്ടര്‍ പട്ടികയിലെ ഒരു പേജിന്റെ ചുമതല ഒരു പ്രവര്‍ത്തകന് എന്ന രീതിയില്‍ വീതിച്ച് നല്‍കും. 30 വോട്ടര്‍മാരുടെ പേരുകളാണ് ഒരു പേജിലുണ്ടാവുക. ഇവരുടെ വീടുകളില്‍ നിരന്തരം സന്ദര്‍ശനം നടത്തി വോട്ടുറപ്പിക്കുക എന്നതാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.

ബൂത്തിൽ എത്തിക്കുന്നത് വരെ
ഈ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ ബൂത്തില്‍ എത്തിക്കുന്നത് വരെയുളള ഉത്തരവാദിത്തം അതാത് പേജ് പ്രമുഖന്മാര്‍ക്കാണ്. വീട് കയറി വോട്ട് ചോദിക്കുന്നതോടെ പണി തീരുന്നില്ല. പേജ് പ്രമുഖന്മാര്‍ക്ക് കേന്ദ്രം ഒരു പ്രത്യേക നമ്പര്‍ നല്‍കിയിട്ടുണ്ട്.

കേന്ദ്രത്തിന് മിസ്ഡ് കോൾ
ഓരോ വീട്ടിലേയും വീട്ടുകാരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഈ നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിപ്പിക്കണം. മഹാസമ്പര്‍ക്ക പരിപാടി എന്നാണിതിന് പേരിട്ടിരിക്കുന്നത്. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെയും മിസ്ഡ് കോള്‍ അടിച്ച് അംഗങ്ങള്‍ ആയവരേയും നേരിട്ട് കണ്ട് വോട്ട് തങ്ങളുടെ പെട്ടിയിില്‍ തന്നെയാണ് എന്ന് പ്രവര്‍ത്തകര്‍ ഉറപ്പിക്കണം.

പട്ടിക സംസ്ഥാനത്തിന് കൈമാറി
ഇത്തരത്തില്‍ 15 ലക്ഷം ഗുണഭോക്താക്കളിലേക്കും 22 ലക്ഷം മിസ്ഡ് കോള്‍ അംഗങ്ങളിലേക്കും എത്തുക എന്നാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും പദ്ധതിയുടെ പേരും ഇവര്‍ താമസിക്കുന്ന ഏരിയയും ബൂത്ത് നമ്പറും അടക്കമുളള വിവരങ്ങളുടെ പട്ടിക കേന്ദ്ര കമ്മിറ്റി സംസ്ഥാനത്തിന് കൈമാറിക്കഴിഞ്ഞു.

ഐടി സെൽ പിടികൂടും
ഇനി ഈ പട്ടികയില്‍ ഉളളവരെക്കൊണ്ട് മിസ്ഡ് കോള്‍ അടിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചുമതലയുളള പ്രവര്‍ത്തകന് പണിയാകും. ഐടി സെല്‍ ഇവരെ കയ്യോടെ പിടികൂടും. താഴെത്തട്ട് മുതല്‍ എല്ലാവരും എല്ല് മുറിയെ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാനാണ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ബിജെപിക്കാരുടെ എല്ല് വെള്ളമാകും എന്ന കാര്യത്തില്‍ സംശയമില്ല.

ഫോട്ട് എടുത്ത് അയക്കണം
എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഫോട്ടോ എടുത്ത് നേതൃത്വത്തിന് അയക്കുക കൂടി വേണം. ഈ സമ്പര്‍ക്ക പരിപാടിക്ക് കഴിഞ്ഞ ദിവസം തന്നെ തുടക്കമിട്ടു. മാര്‍ച്ച് 12ന് ഇത് പൂര്‍ത്തിയാക്കണം. അതേസമയം പേജ് പ്രമുഖന്മാരുടെ യോഗത്തിലേക്ക് ദേശീയ നേതാക്കളേയും ബിജെപി മുഖ്യമന്ത്രിമാരെയും എത്തിക്കാനും തീരുമാനമായിട്ടുണ്ട്.

യോഗി അടക്കം കേരളത്തിലേക്ക്
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തനംതിട്ടയിലെ യോഗത്തില്‍ 14ാം തിയ്യതി പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍ കോട്ടയത്തും രവിശങ്കര്‍ പ്രസാദ് കൊച്ചിയിലും യോഗത്തില്‍ പങ്കെടുക്കും. പിന്നാലെ മറ്റ് നേതാക്കളും മറ്റ് മണ്ഡലങ്ങളിലേക്ക് എത്തും. ചുമതലയുളള വോട്ടര്‍ പട്ടിക പേജും വിവരങ്ങളുമായാണ് പ്രവര്‍ത്തകര്‍ യോഗത്തിന് എത്തേണ്ടത്.












Click it and Unblock the Notifications