ആറ്റിങ്ങലില്‍ യുഡിഎഫിന് പരാജയ ഭീതി: അടൂർ പ്രകാശിന്റെ വാദം പൊളിഞ്ഞെന്ന് സിപിഎം
തിരുവനന്തപുരം: ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിൽ ഒന്നരലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ആരോപണം പൊളിഞ്ഞെന്ന് സി പി എം. അടൂർ പ്രകാശിൻ്റെ പരാതി പരിശോധിച്ചപ്പോൾ 390 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞതെന്നും ഇത് നേരത്തെ തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ നടപടി സ്വീകരിച്ചവയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌കൗളാണ് ഇത് വ്യക്തമാക്കിയതെന്നും സി പി എം സംസ്ഥാന സമിതിയംഗം ആനാവൂർ നാഗപ്പന്‍ വ്യക്തമാക്കി.
പരാജയഭീതിപൂണ്ട കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുൻകൂർ ജാമ്യമായിരുന്നു ഒന്നരലക്ഷത്തിൽ കൂടുതൽ ഇരട്ടവോട്ടുകൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ചേർത്തിട്ടുണ്ട് എന്നത്. ഇത് രാഷ്ട്രീയ പ്രചരണമായി ഉയർത്തിക്കൊണ്ട് വരികയും ചെയ്‌തു. തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ ഫിസിക്കൽ പരിശോധന നടത്തിയതോടെയാണ് ആരോപണം തെറ്റാണെന്ന് തെളിഞ്ഞത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തുടരെ തുടരെ ഉയർത്തിയും ജാതികാർഡിറക്കിയും വസ്തുതാവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിച്ചും ജനങ്ങളെ വീണ്ടും കമ്പളിപ്പിക്കാനാണ് ആറ്റിങ്ങലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രമിക്കുന്നത്. ആറ്റിങ്ങലിൽ ഇത്തവണ ഇതൊന്നും വിലപോവില്ല എന്നതാണ് വസ്തുത.
എം.പി എന്ന നിലയ്ക്ക് ജനങ്ങൾക്ക് വേണ്ടിയോ മണ്ഡലത്തിലോ ഒരു കാര്യവും ചെയ്യാത്ത ആളാണ് അടൂർ പ്രകാശ്. നിർണ്ണായകമായ സമയങ്ങളിൽ പാർലമെൻറിലും കേരളത്തിനെതിരായ നിലപാടുമായി ബിജെപിയെ സഹായിച്ച ആളാണ് ആറ്റിങ്ങലിലെ സിറ്റിംഗ് എം.പി. തങ്ങൾക്ക് പറ്റിയ ആ ഒരു കൈയ്യബദ്ധം തിരുത്താൻ ഒരുങ്ങുകയാണ് ആറ്റിങ്ങലിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടിന് ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു അടൂർ പ്രകാശിന്റെ ആരോപണം. കള്ളവോട്ട് ചെയ്യാതെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ ഡി എഫിന് ജയിക്കാന്‍ ആകില്ല. മണ്ഡലത്തില്‍ 1,70,000ല്‍ അധികം വ്യാജ വോട്ടുകള്‍ നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. എല്‍ ഡി എഫിന് യു ഡി എഫിനെ ചതിയിലൂടെ മാത്രമേ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളു. കള്ളവോട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications