ലോക്സഭ തിരഞ്ഞെടുപ്പ്; തൃശൂർ അടക്കം 7 സീറ്റുകൾ വേണമെന്ന് ബിഡിജെഎസ്, ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ 7 സീറ്റുകൾ വേണമെന്ന് ബി ജെ പി ദേശീയ നേതൃത്വത്തോട് ബി ഡി ജെ എസ്. തൃശൂർ അടക്കമുള്ള സീറ്റുകളാണ് ആവശ്യപ്പെട്ടത്. എന്നാൽ ബി ജെ പി എ ക്ലാസ് എന്ന വിലയിരുത്തുന്ന മണ്ഡലങ്ങൾ തരാനാവില്ലെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ദിവസം ബി ഡി ജെ എസ് അധ്യക്ഷനും എൻ ഡി എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി ഡൽഹിയിലെത്തി ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് സീറ്റാവശ്യം ഉന്നയിച്ചത്.തൃശൂരിന് പുറമേ വയനാട്, ചാലക്കുടി, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ സീറ്റുകളായിരുന്നു ആവശ്യപ്പെട്ടത്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസിനാണ് തൃശൂർ സീറ്റ് നൽകിയതെന്നും എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം താൻ വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുകയായിരുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ബി ജെ പിക്ക് ഇക്കുറി വിജയ സാധ്യത ഉണ്ടെന്ന് കണക്കാക്കുന്ന തൃശൂർ ഉൾപ്പെടെയുള്ള സീറ്റുകൾ നൽകാനാകില്ലെന്നാണ് നേതൃത്വം വ്യക്തമാക്കിയതെന്നാണ് വിവരം.
തൃശൂരിൽ കഴിഞ്ഞ തവണ സുരേഷ് ഗോപിയായിരുന്നു മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏറെ വൈകിയായിരുന്നു സുരേഷ് ഗോപിയെ ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ വൈകിയത്തിയിട്ടും മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടി ടിഎന്‍ പ്രതാപനായിരുന്നു ഇവിടെ വിജയിച്ചത്.
അതേസമയം ഇത്തവണ സുരേഷ് ഗോപിയെ തന്നെ തൃശൂരിൽ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് ബി ജെ പി. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ സജീവമായ ഇടപെടലുകളായിരുന്നു സുരേഷ് ഗോപി നടത്തിയത്. മണ്ഡലത്തിൽ സുരേഷ് ഗോപിക്ക് വലിയ സ്വീകാര്യതയുണ്ടെന്നും നേതൃത്വം കരുതുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തവണ സുരേഷ് ഗോപിയിലൂടെ അട്ടിമറി ഉണ്ടാക്കാമെന്നും ബി ജെ പി കരുതുന്നുണ്ട്.
ഇത്തവണ കേരളത്തിൽ നിന്നും 5 സീറ്റുകളിൽ വലിയ പ്രതീക്ഷയാണ് ബിജെപി പുലർത്തുന്നത്. ഇതിൽ തൃശൂരിനെ കൂടാതെ തിരുവനന്തപുരത്തും ബി ജെ പി അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. പ്രമുഖ നേതാവിനെ തന്നെ മണ്ഡലത്തിൽ ഇറക്കി സാഹചര്യം അനുകൂലമാക്കാനുള്ള ആലോചനകളാണ് പാർട്ടിയിൽ നടക്കുന്നത്. ദേശീയ നേതാക്കളെ തന്നെ നേതൃത്വം അവതരിപ്പിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications