സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്‌തെന്ന് പരാതി; രേഖകള്‍ സഹിതം യുഡിഎഫ് പ്രവര്‍ത്തകര്‍
കൊല്ലം: കായംകുളത്ത് സിപിഐ കൗണ്‍സിലര്‍ മുഹമ്മദ് ജലീല്‍ കള്ളവോട്ട് ചെയ്‌തെന്ന് യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതി. രണ്ടു ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. 89, 82 ബൂത്തുകളില്‍ കൗണ്‍സിലര്‍ വോട്ട് ചെയ്തുവെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. വോട്ടിങ് രേഖകള്‍ സഹിതം യുഡിഎഫ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കൊല്ലം നഗരത്തിലെ പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളിലെ ബൂത്തിലും കള്ളവോട്ട് ചെയ്തുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മഞ്ജു എന്ന യുവതിയുടെ വോട്ട് അവര്‍ രേഖപ്പെടുത്തും മുമ്പ് ആരോ ചെയ്തു. വോട്ട് ചെയ്യണമെന്ന് മഞ്ജു നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കി. മലപ്പുറം പാതാക്കര ബൂത്തിലും കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപണമുണ്ട്.

വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോവളത്തെ വോട്ടിങ് യന്ത്രത്തിലെ ഗുരുതര പിഴവ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. അന്വേഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവളം ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ വോട്ടുകള്‍ താമരയ്ക്ക് പോകുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വിവാദമായത്. ചൊവ്വര മാധപുരത്തെ 151ാം ബൂത്തിലാണ് ഇത്തരത്തില്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് വോട്ടര്‍മാര്‍ പറയുന്നു. നേരത്തെ 76 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരാതി ആദ്യം ഉന്നയിച്ചത്. പ്രിസൈഡിങ് ഓഫീസറെ വിവരം അറിയിച്ചു. വോട്ടിങ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ തെളിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധം തുടങ്ങി. എല്‍ഡിഎഫ് പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് വോട്ടിങ് മെഷീന്‍ മാറ്റി മറ്റൊന്ന് വച്ചു. വീണ്ടും പോളിങ് ആരംഭിച്ചു. ആലപ്പുഴയിലെ ചേര്‍ത്തലയിലും സമാനമായ ആരോപണം ഉയര്‍ന്നു.
സംസ്ഥാനത്തെ വോട്ടിങ് മെഷീനില്‍ വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പറഞ്ഞു. രാവിലെ ഒമ്പതുമണിയോടെ കേരളത്തിലെ പോളിങ് 12 ശതമാനമായി. ആദ്യമൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 19 ശതമാനമാണ് പോളിങ്. നാലര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 30 ശതമാനമായി.












Click it and Unblock the Notifications