'പത്മജയെ ബിജെപിയിൽ എത്തിക്കാൻ ഇടനിലക്കാരനായത് ലോക്നാഥ് ബെഹ്റ'; വെളിപ്പെടുത്തി കെ മുരളീധരൻ
തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബി ജെ പിയിലേക്ക് പോയതിന് പിന്നിൽ ചരടുവലിച്ചത് മുൻ ഡി ജി പി ലോക്നാഥ് ബെഹ്റയാണെന്ന വെളിപ്പെടുത്തലുമായി സഹോദരനും വടകര എംപിയുമായ കെ മുരളീധരൻ. ഏഷ്യാനെറ്റ് ന്യൂസ് പോയന്റ് ബ്ലാങ്കിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. പത്മജയുടെ ബിജെപി പ്രവേശvത്തിൽ ഇടനിലക്കാരനായി നിന്നത് മുൻ ഐ പി എസ് ഓഫീസറാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കെ മുരളീധരന്റെ പ്രതികരണം.
'ചാനലിൽ ബ്രേക്കിങ് ന്യൂസ് പോയപ്പോഴാണ് ഞാനും സംഭവം അറിയുന്നത്. ഉടനെ തന്നെ വിളിച്ച് നോക്കിയപ്പോൾ കിട്ടുന്നില്ല. കിട്ടാതിരുന്നപ്പോൾ എനിക്ക് സംശയം തോന്നി. ഞാൻ പോകുന്നില്ല എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് ഫേസ്ബുക്കിൽ വിശദീകരണ പോസ്റ്റ് വന്നപ്പോൾ പലരും ആശ്വസിച്ചെങ്കിലും എനിക്ക് ആശ്വാസം തോന്നിയില്ല. കാരണം ഞാൻ വിളിച്ചപ്പോൾ അപ്പോഴും ഫോണെടുക്കുന്നില്ലായിരുന്നു. അതോടെ എന്തോ നടക്കുന്നുണ്ടെന്ന് എനിക്ക് സംശയം തോന്നിയിരുന്നു', മുരളീധരൻ പറഞ്ഞു.

പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നിൽ മുൻ ഐപിഎസ് ഓഫീസറാണെന്ന വി ഡി സതീശന്റെ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ ' പിണറായിയുമായും മോദിയുമായും ബന്ധമുള്ള ലോക്നാഥ് ബെഹ്റയാണ് പിന്നിൽ. എനിക്ക് പേര് മറച്ചുവെയ്ക്കുന്നതിന് യാതൊരു മടിയുമില്ല. കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ബെഹ്റ എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണറാണ്. അന്നദ്ദേഹം വീട്ടിൽ നിത്യസന്ദർശകനാണ്. നല്ലൊരു ബന്ധമുണ്ട്. ഈ ബന്ധം അദ്ദേഹം മുതലെടുത്ത് കാണും', കെ മുരളീധരൻ പറഞ്ഞു.
അതിനിടെ ബിജെപി പ്രവേശത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ പത്മജ പ്രതികരിച്ചു. പാർട്ടി വിട്ടതിന് പിന്നാലെ നന്നായി ചീത്ത കേൾക്കുന്നുണ്ടെന്നും താൻ കഴിവില്ലാത്തയാളാണെന്ന് സമ്മതിച്ചാൽ പ്രശ്നമില്ലല്ലോയെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു. 'നമസ്‌കാരം. ഞാന്‍ രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട്. എനിക്ക് ഒരു വിഷമവും തോന്നാറില്ല. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസ്സവും പറഞ്ഞോണ്ട് ഇരിക്കേണ്ട. അത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ വിചാരിക്കും അപ്പോള്‍ അതിൽ വല്ല കാര്യവുമുണ്ടോ എന്ന് ? ഞാന്‍ ഒരു കഴിവുമില്ലാത്ത ആളാണ് എന്ന് സമ്മതിക്കുന്നു. അപ്പോള്‍ പിന്നെ കുഴപ്പമില്ല അല്ലെ ?' എന്നാണ് പത്മജ ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications