ജിഷ്ണുവിന്റേത് ' വെറും ആത്മഹത്യ ' യാക്കാന്‍ പിണറായി പൊലീസ്..എഫ്‌ഐആറില്‍ പിഴവുകളേറെ.. !!

  • Posted By:
Subscribe to Oneindia Malayalam

തൃശ്ശൂര്‍ : പാമ്പാടി നെഹ്‌റു കോളേജില്‍ മാനോജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ മരണത്തെ നിസ്സാരവല്‍ക്കരിച്ച് പൊലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. സഹപാഠിയുടെ മൊഴിമാത്രം ആധാരമാക്കി തയ്യാറാക്കിയെന്ന് ആരോപിക്കപ്പെടുന്ന എഫ്‌ഐആറില്‍ പിഴവുകളേറെ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേസ് അട്ടിമറിക്കാനാണ് ജിഷ്ണുവിന്റെ മൃതദേഹം പിജി വിദ്യാര്‍ത്ഥിയെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചത് എന്ന് ജിഷ്ണുവിന്റെ കുടുംബം തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

റിപ്പോർട്ടിൽ മുറിവില്ല

ആത്മഹത്യ ചെയ്തു എന്ന് പറയുന്ന ജിഷ്ണുവിന്റെ മുഖത്ത് കണ്ടെത്തിയ മുറിവ് മര്‍ദനമേറ്റതിന്റെതാണ് എന്ന് നേരത്തെ തന്നെ ജിഷ്ണുവിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.ഈ മുറിവുകളെക്കുറിച്ച് പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ യാതൊരു വിധ പരാമര്‍ശവുമില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിൽ മുറിവുണ്ട്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷ്ണുവിന്റെ മുഖത്തെ മുറിവ് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ദേഹത്ത് പലയിടത്തും മര്‍ദനമേറ്റതെന്ന് പറയപ്പെടുന്ന പാടുകളെക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല.

ഇടിമുറി മുക്കി

നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളെ ഇടിമുറിയില്‍ വെച്ച് കോളേജ് അധികൃതര്‍ മര്‍ദ്ദിക്കുന്നുവെന്നതിന് തെളിവായാണ് ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എഫ്‌ഐആറില്‍ ഇത് പരാമര്‍ശിക്കാത്തത് നെഹ്‌റു കോളേജിന് പഴുതുകള്‍ നല്‍കുന്നതാണെന്ന് ആരോപണമുണ്ട്.

അസാധാരണമായി ഒന്നുമില്ലേ?

ജിഷ്ണു കുളിമുറിയില്‍ തൂങ്ങിമരിച്ചു എന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ കൃത്യമായി ഏത് ഭാഗത്ത് എന്നുപോലും പറയുന്നില്ല. അസാധാരണമായി ഒന്നുമില്ലാത്ത ഒരു ആത്മഹത്യ എന്ന രീതിയിലാണ് പോലീസും ഡോക്ടര്‍മാരും ജിഷ്ണുവിന്റെ മരണത്തെ കൈകാര്യം ചെയ്തത് എന്നതിന് തെളിവുകളേറെയാണ്.

മരണകാരണം ഉറപ്പിച്ചു

ജിഷ്ണുവിന്റെ മരണകാരണം കോപ്പിയടി ആരോപണത്തിലെ മനോവിഷമമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സാധാരണയായി മരണകാരണം എഫ്‌ഐആറില്‍ സൂചിപ്പിക്കുന്ന പതിവില്ല എന്നതും കേരള പൊലീസ് ഈ കേസില്‍ തിരുത്തിയിരിക്കുന്നു.

സഹപാഠിയുടെ മൊഴി മാത്രം മതിയോ?

ജിഷ്ണുവിന്റെ സഹപാഠിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് ജിഷ്ണുവിന്റേത് ആത്മഹത്യയാണെന്നും അത് കോപ്പിയടിയുമായി ബന്ധപ്പെട്ട അപമാനത്താല്‍ ആണെന്നും പൊലീസ് ഉറപ്പിച്ചിരിക്കുന്നത്. കോപ്പിയടിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് റിപ്പോര്‍ട്ടില്‍ വേണ്ടതിലധികം ഊന്നല്‍ നല്‍കിയെന്നും ആരോപണമുണ്ട്.

ഗൌരവത്തിലല്ലെന്ന് ആരോപണം

പോസറ്റ്‌മോര്‍ട്ടം നടന്നത് വേണ്ടത്ര ഗൗരവത്തിലല്ല എന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ആയിരുന്നില്ല ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ശരീരത്തിലെ മുറിവുകളും പാടുകളും ഡോക്ടര്‍മാരില്‍ സംശയമുണ്ടാക്കുകയോ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുകയോ ചെയ്തില്ല.

തുടക്കത്തിലേ പിഴകൾ

അതേസമയം കേസിന്റെ അന്വേഷണം സംബന്ധിച്ചും സംശയങ്ങളും ആശങ്കകളും ഉയര്‍ന്നു വന്നിരുന്നു. കേസിന്റെ അന്വേഷണം സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത് സര്‍ക്കാരിന് തന്നെ നാണക്കേടുണ്ടാക്കി.ഇതിന് പുറകേയാണ് സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള എഫ്‌ഐആര്‍ റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നത്.

ആരെ രക്ഷിക്കാനാണ് പൊലീസേ

സംസ്ഥാനത്ത് രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചതാണ് ജിഷ്ണുവിന്റെ മരണം. അത്തരമൊരു കേസിന്റെ അന്വേഷണത്തില്‍ പിണറായി സര്‍ക്കാരും കേരള പൊലീസും അലംഭാവമാണ് കാണിക്കുന്നത് എന്നാണ് എഫ്‌ഐആര്‍ റി്‌പ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ആരോപണമുയരുന്നത്.

സംശയങ്ങൾ മാത്രം ബാക്കി

പ്രതിസ്ഥാനത്തുള്ള നെഹ്‌റു കോളേജിനെ സംരക്ഷിക്കാനാണ് ശ്രമമെന്നും ആരോപണം ഉയരുന്നുണ്ട്. നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളെ പീഡനത്തിന് വിധേയമാക്കുന്നത് മുന്‍മന്ത്രിയുടെ മകന്റെ നേതൃത്വത്തിലാണ് എന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തല്‍ കൂടി ചോര്‍ത്തു വായിക്കുമ്പോള്‍ പൊലീസ് ആര്‍ക്കൊപ്പമാണ് എന്ന സംശയവുമുയരുന്നു.

English summary
Reports says that there are a lot of loop holes in FIR in Jishnu case. The scars found on Jishnu's body is not mentioned in the FIR.
Please Wait while comments are loading...