ലുലു മാളിലെ പാർക്കിങ് ഫീ തുടരും: റദ്ദാക്കണമെന്ന ആവശ്യം തള്ളി കോടതി; കാരണം ഇതാണ്
ഷോപ്പിങ് കോംപ്ലക്‌സ് അടക്കമുള്ള കെട്ടിടങ്ങളുടെ പാര്‍ക്കിങ് മേഖലയില്‍നിന്ന് ഫീസ് പിരിക്കുന്നതിനെതിരെ ശബ്ദമുയർത്തിക്കൊണ്ടി നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും രംഗത്ത് വരുന്നത് നാം കണ്ടിട്ടുണ്ട്. ഷോപ്പിങിന് വരുന്ന ആളുകളുടെ വാഹനങ്ങള്‍ക്ക് സൌജന്യമായി പാർക്കിങ് അനുവദിക്കേണ്ടത് കെട്ടിടം ഉടമകളുടെ ബാധ്യതയല്ലേയെന്നാണ് ഇത്തരം ആളുകളുടെ ചോദ്യം.
ചിലർ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കോടതി കയറിയെങ്കിലും നിരന്തരം തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ കൊച്ചിയിലെ ലുലു മാളിനെതിരായ പരാതിയിലും കോടതി സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. എടപ്പള്ളിയിലെ ലുലു ഷോപ്പിങ് മാളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും ജസ്റ്റിസ് ശ്യാം കുമാർ വി എമ്മും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.

പാർക്കിങ് ഫീസ് ഈടാക്കണോ വേണ്ടയോ എന്ന് മാളിന്‍റെ ഉടമസ്ഥന് തീരുമാനിക്കാം എന്നായിരുന്നു ഹർജിക്കാരന്‍ നല്‍കിയ പരാതിയില്‍ നേരത്തെ സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഈ വിധിക്കെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി ഇപ്പോള്‍ തള്ളിയത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ കൊച്ചി ലുലു മാളിന്റെ ആകെ വിസ്തൃതി ഏകദേശം 68,000 ചതുരശ്ര മീറ്ററാണ്.
മാളിന്റെ ബേസ്മെന്റിൽ 1083 പാർക്കിങ് സ്ലോട്ടുകൾ നിയമപ്രകാരം ഉണ്ട്. ഇതിനു പുറമേ, മാളിനോട് ചേർന്ന് പ്രത്യേക മൾട്ടി-ലെവൽ പാർക്കിങ് സൗകര്യവും ഉണ്ട്. ഇത് അടക്കം ആകെ 4387 പാർക്കിങ് സ്ലോട്ടുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്.
അതേസമയം, കെട്ടിടങ്ങള്‍ക്ക് നിശ്ചിത പാര്‍ക്കിങ് സൗകര്യം വേണമെന്നേ കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് ചട്ടത്തില്‍ പറയുന്നുള്ളൂവെന്നു വിലയിരുത്തിയായിരുന്നു ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിള്‍ ബെഞ്ച് നേരത്തെ ലുലു മാളിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. നഗര്‍ പഞ്ചായത്ത് കേസില്‍ മറ്റൊരാളുടെ സ്ഥലം അനുമതിയില്ലാതെയും ഫീസ് നല്‍കാതെയും ഉപയോഗിക്കുക എന്നത് ആരുടെയും മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതും കേരള ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടി.
നിലവിലുള്ള നിയമപ്രകാരം തന്നെയാണ് ലുലു മാള്‍ ബേസ്മെന്റ് പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതെന്നും കോടതി വിലയിരുത്തി. നിയമപ്രകാരം ഇവിടെ 1083 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് വേണ്ടത്. അവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍നിന്ന് ഫീസ് ഈടാക്കുന്നത് നിയമപരമാണ്. കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കണമെങ്കില്‍ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 475-ാം വകുപ്പ് പ്രകാരം ലൈസന്‍സ് എടുത്താല്‍ മതിയെന്നും കോടതി അന്ന് ചൂണ്ടിക്കാണ്ടി.
പാര്‍ക്കിങ് സൗകര്യം ലഭ്യമാക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും അതിനാല്‍ ഫീസ് ഇടാക്കാനാകില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യം പാര്‍ക്കിങ് ബില്‍ഡിങ് ആയേ കണക്കാക്കാനാകൂവെന്നും കോടതി നിരീക്ഷിച്ചു. കളമശ്ശേരി സ്വദേശി ബോസ്‌കോ ലൂയിസ്, തൃശ്ശൂര്‍ സ്വദേശി പോളി വടക്കന്‍ തുടങ്ങിയവരായിരുന്നു ലുലു മാള്‍ അധികൃതർ പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്.
പരാതിക്കാർക്ക് വേണ്ടി ജേക്കബ് തോമസ് ഹാജരായപ്പോള്‍ മറുപക്ഷത്ത് കെ ആർ. ദീപ (ഗവൺമെന്റ് പ്ലീഡർ), എസ്. ശ്രീകുമാർ (സീനിയർ), പി. മാർട്ടിൻ ജോസ്, മഞ്ജുനാഥ് മേനോൻ, പ്രജിത്ത് പി., ഗിതേഷ് ആർ., ശചിൻ ജേക്കബ് അമ്പാട്ട്, ഹരികൃഷ്ണൻ എസ്., അജയ് ബെൻ ജോസ്, ആന ലിന്ഡ എഡൻ, ഹനി പി. നായർ, തോമസ് പി. കുരുവിള (ലുലു മാൾ) എന്നിവരും ഹാജരായി












Click it and Unblock the Notifications