ലുലു കോഴിക്കോട് പ്രതീക്ഷിച്ചു; പക്ഷെ കിട്ടിയത് കോട്ടയത്ത്: പ്രവചനങ്ങള്‍ തെറ്റിച്ച് അച്ഛായന്മാരുടെ തട്ടകം
കേരളത്തില്‍ ലുലു ഗ്രൂപ്പ് നിർണ്ണായക ചുവടുവെപ്പുകള്‍ നടത്തിയ വർഷമാണ് 2024. രണ്ട് പുതിയ മാളുകള്‍ തുറന്ന ഗ്രൂപ്പ് കൊട്ടിയത്തും തൃശൂരിലും ഹൈപ്പർമാർക്കറ്റിലൂടേയും സാന്നിധ്യം ഉറപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ആരംഭിച്ച മാളാണ് ഇതില്‍ ആദ്യം തുറന്നത്. മലബാറുകാർക്കുള്ള ഓണ സമ്മാനം എന്ന പ്രഖ്യാപനത്തോടെയാണ് എം എ യൂസഫലി മാള്‍ നാടിന് സമർപ്പിച്ചത്.
കോഴിക്കോട് മാങ്കാവില്‍ 1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ലുലു മാള്‍ പ്രവർത്തിക്കുന്നത്. കൊച്ചിയിലേയും തിരുവനന്തപുരത്തേയും പോലെ വലിയ മാള്‍ എന്നതിന് പകരം പാലക്കാടിന് സമാനമാ മിനിമാള്‍ ചിന്താഗതിയിലാണ് കോഴിക്കോട്ടെ മാള്‍ നിർമ്മിച്ചിരിക്കുന്നത്. മിനിമാളാണെങ്കിലും എല്ലാവിധ സജ്ജീകരണങ്ങള്‍ ഇവിടേയും തയ്യാറാണ്.

കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാളായി ഡിസംബർ 14 നാണ് കോട്ടയത്തെ മാള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. മണിപ്പുഴയില്‍ എം സി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മാളിന് 2.2 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. കോട്ടയത്തേതും മിനി മാള്‍ തന്നെയാണ്.
ലുലു ഗ്രൂപ്പ് ഈ വർഷം രണ്ട് മാളുകള്‍ തുറക്കാന്‍ പോകുന്നുവെന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചർച്ചകളും തുടങ്ങിയിരുന്നു. കോട്ടയത്തേതിനേക്കാള്‍ തിരക്ക് അനുഭവപ്പെടുക കോഴിക്കോടായാരിക്കും എന്ന രീതിയിലായിരുന്നു ചർച്ചകള്‍. കോട്ടയത്തുകാർ പണം ചിലവഴിക്കാന്‍ അല്‍പം മടിയുള്ളവരാണ്, അതിനാല്‍ തന്നെ അവർ എങ്ങനെയാകും മാളിനെ സ്വീകരിക്കുകയെന്ന് കണ്ടറിയണമെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.
എന്നാല്‍ കോഴിക്കോടിന് പിന്നാലെ കോട്ടയത്തെ മാളും പ്രവർത്തനം ആരംഭിച്ചപ്പോള്‍ നേർ വിപരീതമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഉദ്ഘാടനം ചെയ്ത അന്ന് മുതല്‍ കോട്ടയം മാളില്‍ നിലയ്ക്കാത്ത തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. അതായത് കോട്ടയത്തുകാർ ലുലുമാളിനെ ഏറ്റെടുത്ത് കഴിഞ്ഞു. കോട്ടയത്തുകാരെ കൃത്യമായി അറിഞ്ഞുകൊണ്ടുള്ള ഉല്‍പന്ന വൈവിധ്യമാണ് മാളിനെ ഏറെ ശ്രദ്ധേയമാക്കുന്നത്.
കോഴിക്കോട് മാളിലും തിരക്കുണ്ടെങ്കിലും അത് പ്രതീക്ഷിച്ച അത്രയുണ്ടോ എന്നുള്ളത് സംശയമാണ്. നഗരത്തില്‍ നിന്ന് അല്‍പം മാറി സ്ഥിതി ചെയ്യുന്നതും മറ്റ് നിരവധി മാളുകള്‍ ആളുകള്‍ പ്രധാനമായും എത്തുന്ന ബസ് സ്റ്റാന്‍ഡിന് സമീപത്ത് തന്നെയുള്ളതും കോഴിക്കോട് ലുലു വിന് തിരിച്ചടിയാണ്. എങ്കിലും വൈകുന്നേരങ്ങളില്‍ മാളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വർധനവ് ഉണ്ടാകുന്നുണ്ട്.
അതേസമയം, കേരളത്തിലെ ലുലുവിന്റെ അടുത്ത രണ്ട് പ്രധാനപ്പെട്ട പദ്ധതികള്‍ വരുന്നത് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും തിരുരിലുമാണ്. രണ്ടിടത്തേയും നിർമ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടും ഹൈപ്പർമാർക്കറ്റുകളാണെന്നാണ് സൂചന. ഇതോടൊപ്പം തന്നെ ലുലു കണക്ടും ഇവിടെ തയ്യാറാക്കിയേക്കും. അടുത്ത വർഷം പകുതിയോടെയായിരിക്കും രണ്ട് സ്ഥാനങ്ങളുടേയും ഉദ്ഘാടനം.
കൊട്ടിയം ഡ്രീംസ് മാളിലെ ഹൈപ്പർമാർക്കറ്റിലൂടെ ജില്ലയില്‍ സാന്നിധ്യം അറിയിച്ച ലുലു കൊല്ലത്ത് പുതിയ മാള്‍ നിർമ്മിച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ലുലു ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇതോടൊപ്പം തന്നെ പത്തനാപുരത്ത് ലുലു ഹൈപ്പർമാർക്ക് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ മന്ത്രിയും സ്ഥലം എം എല്‍ എയുമായ കെബി ഗണേഷ് കുമാറും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications