'ഒന്നുമറിയാതെ ആകാശത്തേക്ക് വെടിവെയ്ക്കുന്ന കമ്മിയോ, കൊങ്ങിയോ ഒന്നുമല്ല ഞാന്‍';മറുപടിയുമായി ഷോൺ ജോർജ്
പാലക്കാട്; മലമ്പുഴ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് നേരിട്ട വിമർശനത്തിന് മറുപടിയുമായി പി സി ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ്. ഒന്നുമറിയാതെ ആകാശത്തേക്ക് വെടിവെക്കുന്ന കമ്മിയോ, കൊങ്ങിയോ അല്ല താനെന്നും കാര്യങ്ങൾ പഠിച്ച് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്ന ഒരു പൊതുപ്രവർത്തകനാണെന്നും ഷോൺ പറഞ്ഞു. വിമർശനങ്ങൾ ഉണ്ടാകുമ്പോൾ അതിനെ അസഹിഷ്ണുതയോടെ കാണുകയല്ല ചെയ്യേണ്ടത് മറിച്ച് ഉൾക്കൊള്ളുവാനും മനസ്സിലാക്കാനും തിരുത്തുവാനുമുള്ള ബോധം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഉണ്ടാവണമെന്നും ഷോൺ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

ആദ്യം ഷോൺ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു ''പാറ ഇടുക്കിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കാൻ പറ്റാത്തവർ എങ്ങനെ കേരളത്തെ രക്ഷിക്കും..#save കേരള
കേരള അഗ്നിശമന സേനയുടെ പേര് ഇപ്പോൾ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് എന്നാണ് അതിൽ നിന്നും റെസ്ക്യൂ ഒഴിവാക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു...'. ഈ പോസ്റ്റിനെതിരെ ആയിരുന്നു വിമർശനങ്ങൾ ഉയർന്നത്.
പുതിയ കുറിപ്പിന്റെ പൂർണരൂപം വായിക്കാം- ഞാൻ ഇന്ന് രാവിലെ ഇട്ട താഴെ കാണുന്ന പോസ്റ്റിന് കീഴെ വലിയ വിമർശനവുമായി വന്ന സഹോദരങ്ങൾ അറിയാൻ...ഒന്നുമറിയാതെ ആകാശത്തേക്ക് വെടിവെക്കുന്ന കമ്മിയോ, കൊങ്ങിയോ ഒന്നുമല്ല ഞാൻ.. കാര്യങ്ങൾ പഠിച്ച് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്ന ഒരു പൊതുപ്രവർത്തകനാണ്. ഞാനിത് പറയാൻ കാരണം സമാനമായ സാഹചര്യം ഇന്ത്യയൊട്ടാകെ ഉണ്ടായപ്പോൾ ദുരന്തത്തെ നേരിടുവാൻ എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന ദുരന്തനിവാരണ സേന രൂപികരിക്കണമെന്ന് കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 2012-ൽ നിവേദിത പി ഹരൻ ഐ.എ.എസ്. ദുരന്ത നിവാരണ അതോറിറ്റിയുടെ സെക്രട്ടറിയും ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യൂ മന്ത്രിയുമായിരുന്ന കാലത്താണ് ഇത്തരത്തിലൊരു സേന കേരളത്തിൽ രൂപീകരിക്കുന്നതിന് പ്രൊപോസൽ നൽകിയത്.
ഞാൻ അന്ന് യുവജനക്ഷേമ ബോർഡിന്റെ ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എനിക്ക് നേരിട്ട് അറിവുള്ളതുമാണ്. അതിനുശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും 3.5 കോടി രൂപ ചെലവിൽ മുന്നൂറോളം പോലീസ് സേനാംഗങ്ങളെ റാപ്പിഡ് ആക്ഷൻ റെസ്പോൺസ് ടീം എന്ന നിലയിൽ തെരഞ്ഞെടുക്കുകയും അവർക്ക് ട്രെയിനിങ് നൽകുകയും ചെയ്തു. 100 പേർ എപ്പോഴും ഈ സേനയിൽ ഉണ്ടാകണം എന്ന് പറഞ്ഞു കൊണ്ട് വീണ്ടും രണ്ടു കോടി രൂപ അവരുടെ ട്രെയിനിങിനായി അനുവദിച്ചെങ്കിലും ആ പണം കൈപ്പറ്റാൻ ആഭ്യന്തര വകുപ്പ് തയ്യാറായില്ല.തുടർന്ന് ട്രെയിനിംഗ് പ്രോഗ്രാമുകൾ നടന്നില്ല.
കാലക്രമേണ നൂറ് എന്നുള്ളത് 50 ആയി, 25 ആയി,ആറായി ഇപ്പോൾ ട്രെയിനിങ് ലഭിച്ച 300 പേരടങ്ങുന്ന കേരളത്തിൽ ഉണ്ടാകേണ്ട സംസ്ഥാന ദുരന്തനിവാരണ സേനയിൽ ഇന്ന് ഒരാൾ പോലും ഇല്ല എന്നുള്ളതാണ് എന്റെ വിമർശനത്തിന്റെ അടിസ്ഥാനം. ഇന്ന് ആ സേന ഉണ്ടായിരുന്നെങ്കിൽ ആ ചെറുപ്പക്കാരൻ ഇത്രയേറെ മണിക്കൂർ കുടിവെള്ളം പോലും കിട്ടാതെ അവിടെ കുടുങ്ങി കിടക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു. അതിന് കാരണം സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും കഴിവുകേട് തന്നെയാണ്.
Recommended Video
ഇന്ന് സേനയെത്തി ബാബു എന്ന ചെറുപ്പക്കാരനെ രക്ഷിച്ചു, ഏറെ സന്തോഷം. വിമർശനങ്ങൾ ഉണ്ടാകുമ്പോൾ അതിനെ അസഹിഷ്ണുതയോടെ കാണുകയല്ല ചെയ്യേണ്ടത് മറിച്ച് ഉൾക്കൊള്ളുവാനും മനസ്സിലാക്കാനും തിരുത്തുവാനുമുള്ള ബോധം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഉണ്ടാവണം. എന്റെ പ്രതികരണങ്ങൾ തുടരുക തന്നെ ചെയ്യും...
അഡ്വ ഷോൺ ജോർജ്












Click it and Unblock the Notifications