ബിജെപിയില്‍ പൊട്ടിത്തെറി; കുമ്മനത്തെ മാറ്റണം, ശ്രീപ്രകാശിന് യോഗ്യതയില്ല!! മൊത്തം അഴിച്ചുപണിയും

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കാത്ത ബിജെപിയില്‍ പോര് കനത്തു. നേതൃത്വത്തിനെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേതൃത്വത്തെ മാറ്റണമെന്നും മൊത്തം അഴിച്ചുപണിയണമെന്നും നേതൃയോഗങ്ങളില്‍ അഭിപ്രായമുയര്‍ന്നു.

സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കൈക്കൊണ്ട തീരുമാനം ചോദ്യം ചെയ്യപ്പെട്ടു. മലപ്പുറത്ത് മല്‍സരിച്ച അഡ്വ.എന്‍ ശ്രീപ്രകാശിനെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ത്തിയതെന്ന് നേതാക്കള്‍ ചോദിച്ചു.

ശരിയായ ചര്‍ച്ച നടക്കുന്നില്ല

മലപ്പുറത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോള്‍ സ്വീകരിച്ച മാനദണ്ഡം അറിഞ്ഞാല്‍ കൊള്ളാമെന്നാണ് മലപ്പുറത്തും മറ്റു ജില്ലകളില്‍ നിന്നുമുള്ള നേതാക്കള്‍ സംസ്ഥാന നേതാക്കളോട് ചോദിച്ചത്. എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു

കാര്യങ്ങള്‍ ആരൊക്കെയോ ചര്‍ച്ച ചെയ്തു തീരുമാനിച്ച് അടിച്ചേല്‍പ്പിക്കുകയാണ്. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ അതിന് യോജിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. കെട്ടിയിറക്കല്‍ നയമാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തലുണ്ടായി.

 കിട്ടിയത് ആയിരം വോട്ട്

മലപ്പുറത്ത് ശ്രീപ്രകാശിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ ആയിരം വോട്ട് മാത്രമാണ് അധികം നേടാനായത്. ഇതാണ് നേതാക്കള്‍ ക്ഷുഭിതരാകാന്‍ കാരണം. രാജ്യം ഒട്ടുക്കും ബിജെപി തരംഗം ആഞ്ഞടിക്കുമ്പോള്‍ മലപ്പുറത്ത് അതുണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ചര്‍ച്ച നടക്കുന്നത് ഫോണിലൂടെ

തുറന്ന ചര്‍ച്ച നടക്കുന്നില്ല. മലപ്പുറത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോഴും അതുണ്ടായില്ല. ഫോണിലൂടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും നടപ്പാക്കുകയുമാണ് ചെയ്യുന്നത്. അത് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നും നേതാക്കള്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ സജീവമല്ല

മുതിര്‍ന്ന തലമുറ നേതാക്കള്‍ സജീവമല്ല. എല്ലാവരും പാര്‍ട്ടിയില്‍ തന്നെയുണ്ടെങ്കിലും നിര്‍ജീവമാണ്. പുതിയ നേതൃത്വത്തിന് രാഷ്ട്രീയ പരിചയം കുറവാണ്. രാഷ്ട്രീയ പരിചയമുള്ളവരെ ഇനിയും മാറ്റി നിര്‍ത്തുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും നേതാക്കള്‍ പറഞ്ഞു.

പ്രവര്‍ത്തന രീതി മാറ്റണം

നിലവില്‍ പ്രവര്‍ത്തിക്കുന്ന രീതി മാറ്റണം. പ്രവര്‍ത്തന ശൈലി ശരിയല്ല. അടിമ-ഉടമ സമ്പ്രദായമാണിപ്പോള്‍. അത് തുടര്‍ന്നുകൊണ്ടുപോവാന്‍ സാധിക്കില്ല. സംസ്ഥാന നേതൃത്വം മുകളിലിരുന്ന് ഉത്തരവിടുക മാത്രമാണ് ചെയ്യുന്നത്. പ്രവര്‍ത്തകര്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി.

പ്രചാരണം ശരിയായില്ല

മലപ്പുറം തിരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് പ്രചാരണ യോഗങ്ങളില്‍ പറയാന്‍ പാടില്ലായിരുന്നു. ഒരിക്കലും ജയിക്കാത്ത മണ്ഡലത്തില്‍ പരമാവധി വോട്ട് പിടിക്കാന്‍ ശ്രമിക്കണമായിരുന്നു. അത് കിട്ടാതെ പോയത് നേതൃത്വത്തിന്റെ കഴിവുകേടാണെന്നാണ് ആരോപണം.

എല്ലാം ഏറ്റെടുത്ത് കുമ്മനം

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ന്യായീകരണങ്ങളും പൊതു ജനങ്ങള്‍ക്കിടയില്‍ പറയാമെങ്കിലും പ്രവര്‍ത്തകര്‍ നിരാശരാണെന്നും മലപ്പുറത്തു നിന്നുള്ള നേതാക്കള്‍ തുറന്നടിച്ചു.

ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം പരിഗണിച്ചില്ല

മലപ്പുറത്ത് ശോഭാ സുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് സ്വീകരിച്ചില്ല. പകരം നിര്‍ത്തിയത് മുമ്പ് മല്‍സരിച്ച് പരാജയപ്പെട്ട വ്യക്തിയെ തന്നെ. സ്ഥാനാര്‍ഥി ബീഫ് രാഷ്ട്രീയം പറഞ്ഞതും വീഴ്ചയാണെന്നും കുറ്റപ്പെടുത്തലുണ്ടായി.

വേണ്ടത്ര വോട്ട് കിട്ടിയില്ല

ഉത്തര്‍ പ്രദേശില്‍ മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മലപ്പുറത്ത് അത് നേടാനായില്ല. മലപ്പുറത്ത് ഹിന്ദു വോട്ടുകള്‍ നേടാനായി എന്നാണ് നല്‍കുന്ന വിശദീകരണം. ഹിന്ദു വോട്ടുകള്‍ മാത്രം നേടുകയാണോ പാര്‍ട്ടി നയമെന്നും ചോദ്യങ്ങളുയര്‍ന്നു.

English summary
BJP district leaders attacked state president Kummanam Rajashekharan in State exicutive meeting discussion about Malappuram byelection
Please Wait while comments are loading...