അർജുനെ തേടി മൽപയും സംഘവും ഇന്ന് കൂടുതൽ പോയിന്റുകളിലേക്ക്; പ്രതിസന്ധി തീർത്ത് ഗംഗാവലിയിലെ ഒഴുക്ക്
ബെംഗളൂരു: കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും. ഗംഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്ന് ഇറങ്ങും. ഗംഗാവലി പുഴയിൽ ഒഴുക്ക് തുടരുന്നതിനാൽ ദൗത്യം എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് അധകൃതർ. അതേസമയം ഇന്ന് ദൗത്യത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഉഡുപ്പി ജില്ലാ കലക്ടർ സർക്കാരിന് കൈമാറും.
പശ്ചിമഘട്ടത്തിന് മുകളിൽ നിന്ന് താഴേക്ക് പതിക്കുന്നതാണ് ഗംഗാവലി നദി. മഴയായാൽ വളരെ അധികം ഒഴുക്ക് അനുഭവപ്പെടാറുണ്ട് ഇവിടെ. അതുകൊണ്ട് തന്നെ പരിസരവാസികളൊന്നും ഈ സമയം പുഴയിൽ ഇറങ്ങാറില്ല. ഇപ്പോഴും 5 നോട്സിന് മുകഴിലാണ് പുഴയിലെ ഒഴുക്ക്. പുഴയുടെ ഒഴുക്ക് 2.5 നോട്സ് ആകാതെ ഇവിടേക്ക് ഇറങ്ങുന്നത് അപകടമാണ്. മുങ്ങൽ വിദഗ്ധർ പോലും ഇപ്പോൾ ഇറങ്ങിയാൽ ഒഴുക്കിൽ പെടാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

കുത്തൊഴുക്കിലും 'ഉഡുപ്പി അക്വാ മാൻ' എന്നറിയപ്പെടുന്ന ഈശ്വർ മൽപ ശനിയാഴ്ച പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. ഏഴ് തവണ പുഴയിൽ മുങ്ങി തിരഞ്ഞെങ്കിലും ലോറി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഈശ്വരപ്പ ഒഴുക്കിൽപ്പെട്ടിരുന്നു. ഏകദേശം 150 മീറ്ററോളം ഒഴുകിപ്പോയ ഈശ്വരപ്പയെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. അതേസമയം മാൽപെയുടെ പരിശോധനയിൽ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയിരുന്നു.
ലോറിയുണ്ടെന്ന് കരുതുന്ന നാലാം പോയിന്റിലാണ് ഇന്നലേയും പരിശോധന നടന്നത്. ഇവിടെ മണ്ണിടിച്ചിലിനെ തുടർന്ന് അടിഞ്ഞ പാറകഷ്ണങ്ങളുടേയും ചെളിയുടേയും ഇടയിൽ പുതഞ്ഞ് കിടക്കുകയാണ് ലോറിയെന്നാണ് നിഗമനം. ലോറി പകുതി തകർന്നിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കാബിനും ലോറിയുടെ പിൻഭാഗവും വേർപെട്ട നിലയിലാണെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. ലോറിക്കരികിൽ ഇതുവരേയും എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പുഴയിലെ മണ്ണും ചളിയും ട്രജർ ബാർജുകൾ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള ആലോചനയിലാണ് അധികൃതർ. ഗോവയിൽ നിന്നാണ് ബാർജുകൾ എത്തിക്കേണ്ടത്. ഈ റൂട്ടിൽ മഴ തുടരുന്നതിനാൽ റോഡ് അടച്ചിരിക്കുകയാണ്. അതിനാൽ ബാർജുകൾ എത്തിക്കുന്ന കാര്യത്തില് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
അതേസമയം കേരളത്തിൽ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരിൽ തുടരുകയാണ്. രക്ഷാദൗത്യം വിലയിരുത്താൻ രാവിലെ 10 മണിക്ക് ഉന്നതതല യോഗം ചേരുന്നുണ്ട്. യോഗത്തിൽ മന്ത്രി എകെ ശശീന്ദ്രനും പങ്കെടുക്കും.












Click it and Unblock the Notifications