മണിപ്പൂർ: കലാപം തടയുന്നതില്‍ സർക്കാർ പരാജയം,സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് സിപിഎം പിബി
ദില്ലി: മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ . മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകമാണ്. നിരവധി പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും നേരെ ആക്രമമുണ്ടായി. കലാപം തടയുന്നതില്‍ ബിജെപി സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്ര -- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ക്രമസമാധാനം ഉറപ്പിക്കണം. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
അതേസമയം കലാപബാധിതമായ മണിപ്പൂരിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എംപി ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത് നൽകി. തീവ്ര വിഭാഗീയ അക്രമങ്ങൾ നടക്കുന്ന മണിപ്പൂരിൽ പൗരന്മാരുടെ ജീവൻ അപകടത്തിലാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ വരുന്നുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി പേർ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നു എന്നും വി ശിവദാസൻ എംപി അമിത് ഷായ്ക്ക് നൽകിയ കത്തിൽ എഴുതി.

അതേസമയം സമുദായിക സംഘർഷം കത്തിപ്പടരുന്ന മണിപ്പൂരിൽ കേന്ദ്രസര്‍വകലാശാലയിലെ 9 മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. 9 വിദ്യാര്‍ഥികളക്കും നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍ കേരളത്തിലെത്തുക. തിങ്കളാഴ്‌ച ഉച്ചക്ക് 2:30നാണ് വിമാനം. സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം മാറിയാണ് മണിപ്പൂർ സർവകലാശാലയിലെ വിദ്യാര്‍ഥികളുടെ താമസം.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളാണ് വിദ്യാർഥികൾ. സര്‍വകലാശാലയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാര്‍ഗങ്ങള്‍ തേടാനോ സാധിക്കില്ല. സര്‍വകലാശാലയ്ക്കുള്ളിലും ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്.
സര്‍വകലാശാലയും ഹോസ്റ്റലും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനാവാതെ ക്യാമ്പസില്‍ ശേഷിക്കുന്നവര്‍ക്കായി സര്‍വകലാശാല അധികൃതര്‍ ഗസ്റ്റ്ഹൗസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവിടെയാണ് നിലവില്‍ വിദ്യാര്‍ഥികളുള്ളത്.












Click it and Unblock the Notifications