മതിലു പൊളിയുമെന്നുറപ്പായപ്പോൾ പുതിയ നീക്കം; മനിതി സംഘത്തിന് പിന്നിൽ സർക്കാർ ഗൂഢാലോചന
പത്തനംതിട്ട: ശബരിമല ദർശനത്തിനായി മനിതി സംഘടനയുടെ നേതൃത്വത്തിൽ എത്തിയ യുവതികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പമ്പയിൽ ഉയരുന്നത്. ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘടനാ പ്രവർത്തകർ. പതിനൊന്നംഗ യുവതി സംഘമാണ് തമിഴ്നാട്ടിൽ നിന്നും ദർശനത്തിനായി എത്തിയത്.
ആചാരലംഘനമുണ്ടായാൽ നടയടയ്ക്കണമെന്ന് മുൻനിലപാടിൽ മാറ്റമില്ലെന്നാണ് പന്തളം രാജകുടുംബം. തങ്കഅങ്കി ഘോഷയാത്ര പുറപ്പെടുന്ന ദിവസം തന്നെ സ്ത്രീകൾ ദർശനത്തിനായി എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ പ്രതികരിച്ചത്. ശബരിമലയിൽ മനിതി സംഘത്തെ എത്തിച്ചതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു.

പിന്മാറാതെ മനിതി
ശബരിമല ദർശനം നടത്തിയ ശേഷം മാത്രമെ മടങ്ങുവെന്ന നിലപാടിലാണ് മനിതി സംഘടനാ പ്രവർത്തകർ. ആക്ടിവിസ്റ്റുകളായല്ല വിശ്വാസികളായാണ് ദർശനത്തിനെത്തിയത് എന്നാണ് ഇവർ പറയുന്നത്. പുലർച്ചെ 3.30ന് പമ്പയിലെത്തിയ ഇവർക്ക് നേരെ നാമജപ പ്രതിഷേധവുമായി ശബരിമല കർമ സമിതി പ്രവർത്തകർ എത്തുകയായിരുന്നു. നാൽപ്പതിലേറെ യുവതികൾ ദർശനത്തിനായി ഇനിയും എത്തുമെന്നാണ് മനിതി ഭാരവാഹികൾ അറിയിക്കുന്നത്.

അനുനയശ്രമം പാളി
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനായി എത്തുമെന്ന് മനിതി സർക്കാരിനെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സുരക്ഷയൊരുക്കേണ്ട നിയമപരമായ ബാധ്യത പോലീസിനുണ്ട്. പോലീസ് അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും തിരിച്ചു പോകാൻ യുവതികൾ തയാറായിട്ടില്ല. സുരക്ഷ നൽകാനാകില്ലെന്ന് പോലീസ് പറയുകയാണെങ്കിൽ മാത്രമെ മടങ്ങുവെന്നാണ് ഇവരുടെ നിലപാട്.

വെട്ടിലായി പോലീസ്
മനിതി സംഘടനയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി തീരുമാനമെടുത്തതോടെ പോലീസ് വെട്ടിലായി. ക്രമസമാധാനപാലനം പോലീസിന്റെ ഉത്തരവാദിത്തമാണെന്ന നിലപാടിലാണ് സമിതി. മനിതി സംഘത്തിൻരെ കാര്യത്തിൽ ശബരിമല നിരീക്ഷക സമിതി തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം മന്ത്ര കടകംപള്ളി സുരേന്ദ്രന്റെ നിലപാട്. പമ്പയിലെ ശക്തമായ പ്രതിഷേധവും വൻ ഭക്തജനത്തിരക്കും പോലീസിനെ കുഴപ്പിക്കുകയാണ്.

നക്സലൈറ്റുകൾ
മലകയറാനെത്തിയ യുവതി സംഘത്തിൽ നക്സലൈറ്റുകൾ ഉണ്ടെന്ന് സംശയിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ ആരോപിക്കുന്നു. ചിത്തിര ആട്ട വിശേഷ സമയത്ത് സ്ത്രീകൾ സന്നിധാനത്തിന് എത്തിയപ്പോൾ തന്ത്രിയും രാജകുടുംബവും നിലപാട് വ്യക്തമാക്കിയിരുന്നു. ആചാരലംഘനം നടന്നാൽ നട അടയ്ക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് രാജകുടുംബം ആവർത്തിക്കുന്നത്.

വിശ്വാസികളോടുള്ള വെല്ലുവിളി
മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികൾക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. വഴിനീളെ പൊലീസ് അകമ്പടിയും നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്റെ തെളിവാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആരോപിക്കുന്നു.

വിഐപി പരിഗണന
കേന്ദ്രമന്ത്രിക്കുവരെ കൊടുക്കാത്ത വിഐ പി പരിഗണനയാണ് ഇത്തരം ആചാരലംഘകർക്കു നൽകിയത്. വിശ്വാസികളെ വഴിയിൽ ലാത്തിച്ചാർജ്ജു ചെയ്യുകയും ചെയ്തു. കേരളത്തിൽ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സർക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയൻ സർക്കാർ ഉത്തരം പറയേണ്ടിവരും. മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി രംഗത്തുവന്നിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റ ഫേസ്ബുക്ക് കുറിപ്പ്












Click it and Unblock the Notifications