മഞ്ജുവാര്യര്‍ തന്നത് ഭയങ്കര തെളിവുകള്‍; പൃഥ്വിരാജ് ഒന്നും മാറ്റിപ്പറഞ്ഞില്ല, പക്ഷേ... ടിബി മിനി പറയുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കത്തില്‍ കേട്ട ഉറച്ച ശബ്ദം മഞ്ജുവാര്യരുടേത് ആയിരുന്നു. സംഭവം നടന്ന ഉടനെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാവര്‍ക്കും മുമ്പില്‍ വച്ച് മഞ്ജു പറഞ്ഞ വാക്കുകള്‍ കേസിന്റെ ഗതി തന്നെ മാറ്റി മറിച്ചു എന്ന് പറയാം. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. അക്രമികള്‍ നിയമത്തിന് മുന്നിലെത്തണമെന്നും അവര്‍ പറഞ്ഞു.
ഈ യോഗത്തില്‍ നടന്‍ ദിലീപും സംസാരിച്ചിരുന്നു. സംഭവം നടന്ന ഉടനെ കേസില്‍ ദിലീപിന്റെ പേര് വലിയ തോതില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. പിന്നീടാണ് നേരിയ തോതില്‍ സംസാരം തുടങ്ങിയത്. വലിയ ഞെട്ടലുണ്ടാക്കിയ സംഭവം എന്നായിരുന്നു ദിലീപ് കൊച്ചിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞത്. അഞ്ചാം മാസം ദിലീപ് കേസില്‍ അറസ്റ്റിലായി.

സിനിമാ പ്രവര്‍ത്തകര്‍ രണ്ട് ചേരിയായി തിരിയുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗ് ഉണ്ടായി. ദിലീപിനെ പിന്തുണയ്ക്കുന്നവരും രംഗത്തുവന്നു. നടിക്ക് നീതി കിട്ടണം എന്ന് എല്ലാവരും ആവശ്യപ്പെടുമ്പോഴും ദിലീപ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന അഭിപ്രായവും ചിലര്‍ പങ്കുവച്ചു. കേസിലെ സാക്ഷികളില്‍ ഒരാളായിരുന്നു മഞ്ജുവാര്യര്‍.
മഞ്ജുവാര്യരുടെ പിന്തുണ
മഞ്ജുവാര്യര്‍ കേസിന്റെ എല്ലാ ഘട്ടത്തിലും ഭയങ്കരമായ തെളിവുകളാണ് കൈമാറിയത് എന്ന് നടിയുടെ അഭിഭാഷക ടിബി മിനി പറയുന്നു. എല്ലാം പറയാന്‍ പറ്റില്ല. എട്ടാം തിയ്യതിക്ക് ശേഷം അക്കാര്യങ്ങളെല്ലാം താന്‍ പറയും. അത്രയും സപ്പോര്‍ട്ടീവ് ആയിട്ടാണ് മഞ്ജുവാര്യര്‍ ഇടപെട്ടത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അവര്‍ നിലകൊണ്ടത് എന്നും ടിബി മിനി പറയുന്നു.
പലതും നഷ്ടമാകുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് മഞ്ജുവാര്യര്‍ നടിക്കൊപ്പം നിന്നത്. നടിയെ പ്രൊട്ടക്ട് ചെയ്യുക എന്ന ഉത്തരവാദിത്തം മഞ്ജു നിര്‍വഹിച്ചു. ഗീതുമോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയ കഴിവുള്ള ഒത്തിരി നടിമാര്‍ക്ക് അവസരങ്ങള്‍ ഇല്ലാതായി. പൃഥ്വിരാജ് മാത്രമാണ് ഇരയോടൊപ്പം ഉണ്ട് എന്ന് പ്രഖ്യാപിച്ച ആള്‍ എന്നും ടിബി മിനി പറയുന്നു.
പൃഥ്വിരാജ് ഒന്നും മാറ്റിപ്പറഞ്ഞില്ല. എന്നാല്‍ വേണ്ടത്ര പിന്തുണ പൃഥ്വിരാജില്‍ നിന്ന് ലഭിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് താന്‍ പറയും. ആ പ്രൊഫഷനില്‍ ഇരയ്ക്ക് നല്‍കാവുന്ന ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. അത് പൃഥ്വിരാജ് നല്‍കിയില്ല. ആരും അതിന് ശ്രമിച്ചില്ല. നടിക്ക് പിന്നീട് ആരും അവസരം നല്‍കിയില്ല. ലാലിന്റെ കുടുംബം മൊത്തം സാക്ഷികളായിരുന്നു. അവരെല്ലാം അവസാനം വരെ കൂടെ നിന്നുവെന്നും ടിബി മിനി പറഞ്ഞു.












Click it and Unblock the Notifications