കേരളത്തിലും മാവോയിസ്റ്റുകള്‍ സായുധ ആക്രമണത്തിന്... വയനാട്ടില്‍ വെടിവപ്പ്
വെള്ളമുണ്ട: സിപിഐ മാവോയിസ്റ്റ് സംഘടന കേരളത്തിലും സായുധ ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നതിന്റെ സൂചനയായി വയനാട് വെടിവപ്പ്. മാവോയിസ്റ്റുകളെ പിടികൂടാനായി നിയോഗിക്കപ്പെട്ട ദൗത്യസേനയായ തണ്ടര്‍ ബോള്‍ട്ടിന് നേരെയാണ് മാവോയിസറ്റുകള്‍ വെടിയുതിര്‍ത്തത്.
ഡിസംബര്‍ 7 ന് വൈകീട്ടോടെ വെള്ളമുണ്ടയിലെ ചപ്പ കോളനിക്കടുത്ത് വച്ചായിരുന്നു സംഭവം. വെള്ളമുണ്ടയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് തണ്ടര്‍ബോള്‍ട്ടിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദൗത്യസേനാംഗങ്ങള്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിനിടെയായിരുന്നു വെടിവപ്പ്.

ദൗത്യസേനക്ക് നേരെ മാവോയിസ്റ്റുകളാണത്രെ ആദ്യം വെടിയുതിര്‍ത്തത്. പിന്നീട് സേന തിരിച്ചും വെടിയുതിര്‍ത്തു. എന്നാല്‍ പിന്നീട് മാവോയിസ്റ്റുകള്‍ പിന്‍വലിയുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. കാട്ടിനുള്ളിലേക്ക് കടന്ന മാവോവാദികളെ പോലീസിന് പിന്തുടരാന്‍ പോലും കഴിഞ്ഞില്ല.
പ്രത്യേക പരിശീലനം ലഭിച്ചവരാണ് തണ്ടര്‍ബോള്‍ട്ടിലുള്ളത്. എന്നാല്‍ മാവോയിസ്റ്റുകള്‍ കയറി ഒളിക്കുന്ന കാട്ടിലേക്ക് കയറി പരിശോധന നടത്താന്‍ ദൗത്യസേനകക് കഴിഞ്ഞില്ലെന്ന് പറയുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ വനങ്ങളിലെ മാവോയിസ്റ്റ് സാന്നിധ്യം എത്രത്തോളമുണ്ടെന്ന് പോലും ദൗത്യസേനക്കോ രഹസ്യാന്വേഷണ വിഭാഗത്തിനോ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.
രാത്രി തന്നെ പോലീസ് പ്രദേശത്ത് വന്‍ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ഡിസംബര്‍ എട്ടിന് തുടരുകയാണ്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. കേരളത്തിലെ വിവിധ മേഖലകളിലായി ഇതുവരെ കണ്ടതായി പറയപ്പെടുന്ന മാവോയിസ്റ്റുകളെല്ലാം ചെറു സംഘങ്ങളാണ്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. എന്നിട്ടും പോലീസിന് ഇവരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.












Click it and Unblock the Notifications