'പാര്‍ട്ടി പറഞ്ഞാല്‍ ചാണ്ടി മത്സരിക്കും, കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍'; മറിയം ഉമ്മന്‍
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കുടുംബത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ തന്നെയായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍. കോണ്‍ഗ്രസ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ പേര് പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിയം ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറിയം ഉമ്മന്റെ പ്രതികരണം.
അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി. ഈ സമയത്ത് ഒന്നും തന്നെ പ്രതികരിക്കാനില്ലെന്നാണ് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. നിങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെടുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എനിക്ക് ഒന്നും പറയാനില്ലെന്നാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.

യു ഡി എഫ് നേതൃത്വങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന അനുസരിച്ച് പുതുപ്പള്ളിയില്‍ ഏറ്റവും കൂടുതല്‍ സാധ്യത ചാണ്ടി ഉമ്മന് തന്നെയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി യു ഡി എഫ് ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് തന്നെയായിരിക്കും പുതുപ്പള്ളിയിലും ഉണ്ടാകുക. അങ്ങനെയാണെങ്കില്‍ ചാണ്ടി ഉമ്മന് തന്നെയായിരിക്കും നറുക്ക് വീഴുക.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ എത്ര മണിക്കൂറാണ് എന്ന പ്രശ്‌നം മാത്രമെയുള്ളൂ എന്നാണ് വി ഡി സതീശന്‍ പറഞ്ഞു. ഇന്നു തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നില്ല. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉജ്ജ്വല വിജയം നേടുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
'ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ജനങ്ങളുടെ മനസിലുണ്ട്. ഈ സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങള്‍ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിനങ്ങളാണ് വരാന്‍ പോകുന്നത്. സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഒന്നു കൂടി തുറന്നു കാട്ടാനും വിചാരണ ചെയ്യാനുമുള്ള അവസരമാക്കി ഉപതെരഞ്ഞെടുപ്പിനെ മാറ്റും. വിജയിക്കാന്‍ വേണ്ടി മാത്രമല്ല, രാഷ്ട്രീയമായി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ വിചാരണ ചെയ്യാനുള്ള അവസരമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ കാണുന്നത്'- വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, ഇന്ന് വൈകീട്ടോടെയാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2023 സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ആഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന ആഗസ്റ്റ് 18ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു. ഇതു സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്റ്റ് 10ന് പുറപ്പെടുവിക്കും.












Click it and Unblock the Notifications