കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ഇടതു സ്ഥാനാര്‍ഥിയായി; കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ എംബി ഫൈസല്‍, വിജയം എളുപ്പം?

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എംബി ഫൈസല്‍ ആണ് മല്‍സരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റുമായ എംബി ഫൈസല്‍ ആണ് മല്‍സരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മലപ്പുറത്ത് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന് ശേഷമാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മുന്‍ എംപിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ടികെ ഹംസയുടേയും ജില്ലാ പഞ്ചായത്ത് അംഗം റഷീദലിയുടെയും പേര് പരിഗണിച്ചിരുന്നെങ്കിലും എംബി ഫൈസലിനാണ് നറുക്ക് വീണത്.

ടികെ ഹംസ മല്‍സരിക്കില്ല, നറുക്ക് മാറി

ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഇതുവരെയുള്ള ധാരണകള്‍ മാറ്റിയെഴുതപ്പെട്ടിരിക്കുകയാണ്. ടികെ ഹംസ മല്‍സരിക്കുമെന്നായിരുന്നു ഒടുവിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം എംബി ഫൈസല്‍ മല്‍സരിച്ചാല്‍ മതിയെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു.

 കുഞ്ഞാലിക്കുട്ടി നേരത്തെ റെഡി

ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കാന്‍ മുസ്ലിംലീഗ് നേരത്തെ തീരുമാനിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി എന്‍ ശ്രീപ്രകാശാണ് മല്‍സരിക്കുന്നത്. ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായിരിക്കുകയാണ്.

സ്ഥാനാര്‍ഥി ശക്തനാണോ?

എംബി ഫൈസല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ പോന്ന എതിര്‍സ്ഥാനാര്‍ഥിയല്ലെന്ന് ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് റഷീദലിയുടെയും ടികെ ഹംസയുടേയും പേര് ചര്‍ച്ചയ്ക്ക് വന്നത്. എന്നാല്‍ ചര്‍ച്ചകളില്‍ ഫൈസലിനെ മല്‍സരിപ്പിക്കാനാണ് തീരുമാനമുണ്ടായിരിക്കുന്നതെന്നാണ് കോടിയേരി വിശദീകരിച്ചത്.

പച്ചക്കോട്ട കാക്കാന്‍ കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനോട് കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളുമായി ലീഗ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന മുസ്ലിം ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

റഷീദലിയെ പരിഗണിച്ചിരുന്നു

നിയമസഭാ തിരഞ്ഞെടുപ്പില്‍ മങ്കടയില്‍ മിന്നും പ്രകടനം കാഴ്ചവച്ച ജില്ലാ പഞ്ചായത്ത് അംഗം റഷീദലിയെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം ആദ്യം ആലോചിച്ചിരുന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ അഡ്വ. മുഹമ്മദ് റിയാസിന്റെ പേരും പരിഗണനയില്‍ വന്നിരുന്നു. എന്നാല്‍ എല്ലാവരുടെയും പേര് വെട്ടി ഫൈസല്‍ മല്‍സരിച്ചാല്‍ മതിയെന്നാണ് ഒടുവില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം.

രണ്ടുലക്ഷം ഭൂരിപക്ഷമുണ്ടാക്കാന്‍ പദ്ധതി

കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം ശക്തനായ എതിരാളിയല്ല എംബി ഫൈസല്‍. ഇനി ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് മുസ്ലിം ലീഗിന്റെ അടുത്ത ലക്ഷ്യം. 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് ജയിച്ചിരുന്നത്. കുഞ്ഞാലിക്കുട്ടി അത് മറികടക്കണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. രണ്ടുലക്ഷത്തിന്റെ ഭൂരിപക്ഷമെങ്കിലും നേടണമെന്നാണ് നേതൃത്വങ്ങളുടെ ആഗ്രഹം.

അസ്വാരസ്യങ്ങള്‍ തീര്‍ത്തു

നിയോജകമണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി കമ്മിറ്റികളുടെ യോഗം ലീഗ് വിളിച്ചുചേര്‍ത്തിരുന്നു. പാര്‍ട്ടി നേതൃത്വത്തെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്. കോണ്‍ഗ്രസുമായി പല പഞ്ചായത്തുകളിലും പ്രശ്‌നങ്ങളുണ്ട്. അതു പറഞ്ഞുതീര്‍ത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വേഗത്തില്‍

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12നാണ് നടക്കുക. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേഗത്തിലാക്കിയത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈയിലാണ്. അതിന് മുമ്പ് ഇലക്ട്രല്‍ കോളജില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സ്ഥലങ്ങള്‍

മലപ്പുറത്തിന് പുറമെ കശ്മീരിലെ ശ്രീനഗര്‍, അനന്ത്‌നാഗ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 12 നിയമസഭാ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത്രയും സീറ്റുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ഒഴിഞ്ഞുകിടക്കുകയാണ്. തമിഴ്നാട്ടില്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗറിലും ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്.

English summary
MB Faisal to be contest in Malappuram, byelection in April 12. IUML is planning to field PK kunchalikutty from Malappuram LS seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X