
'ഇതാ വേറൊരു സത്യം, ഇതും മാതൃഭൂമി തന്നെ'; മാതൃഭൂമി വാർത്തയെ വീണ്ടും കീറി മുറിച്ച് എംബി രാജേഷ്
കോഴിക്കോട്: മാതൃഭൂമി വാർത്തയെ വീണ്ടും കീറി മുറിച്ച് സിപിഎം നേതാവ് എംബി രാജേഷ്. ഊരാളുങ്കലുമായി ബന്ധപ്പെട്ട വാർത്തയെ കുറിച്ചാണ് രാജേഷിന്റെ പ്രതികരണം. ഊരാളുങ്കലിനെതിരെ യുഡിഎഫ് നേതാക്കൾ അടക്കം രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. എന്നാൽ 2015ൽ ഊരാളുങ്കലിനെ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡറാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആണെന്ന് മാതൃഭൂമി വാർത്തയെ ഉദ്ധരിച്ച് രാജേഷ് ചൂണ്ടിക്കാട്ടുന്നു.
എംബി രാജേഷിന്റെ പേസ്ബുക്ക് പോസ്റ്റ്: '' ഇതാ വേറൊരു സത്യം. ഇതും മാതൃഭൂമി തന്നെ. ( 13 .12, പേജ് 9.) " തൊഴിലാളി ക്ഷേമത്തിനായി വാഗ്ഭടാനാന്ദൻ തുടക്കമിട്ട സ്ഥാപനമാണ് ഊരാളുങ്കൽ. ഗുണനിലവാരം ഉറപ്പാക്കി നിശ്ചിത സമയത്തിനു മുമ്പേ ഏറ്റെടുത്ത പണി തീർത്തു നൽകിയാണ് അത് ജന വിശ്വാസവും പേരുമുണ്ടാക്കിയത്. ഏറ്റെടുത്ത പണികളിലൊന്നിൽ പോലും പേര് ദോഷമോ പരാതിയോ ഉണ്ടാക്കിയിട്ടില്ല."
അപ്പോൾ നശിപ്പിക്കാൻ കാരണങ്ങളെന്തൊക്കെ? 1.ഗുണനിലവാരം ഉറപ്പാക്കുന്നു,
2. സമയത്തിനു മുമ്പേ പണി തീർക്കുന്നു, 3. ജന വിശ്വാസവും പേരു മുണ്ടാക്കി,
4. പോരാത്തതിന് പണികളിലൊന്നും പേരുദോഷമോ പരാതിയോ ഉണ്ടാക്കിയില്ല.
മാത്രമല്ല, വേറൊരു മഹാപരാധം കൂടിയുണ്ട്. കുറഞ്ഞ തുകക്ക് പണി പൂർത്തിയാക്കിയാൽ ബാക്കി സർക്കാരിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്യും. ചെയ്തിട്ടുണ്ട്.
ഇങ്ങനൊരു സ്ഥാപനം -അതും തൊഴിലാളികളുടെ സ്ഥാപനം -ബി.ജെ.പി.യുടെ കേന്ദ്ര സർക്കാർ വെച്ചുപൊറുപ്പിക്കുമോ? കോർപ്പറേറ്റ് ഭീമൻമാർക്ക് കഴിയാത്തത് തൊഴിലാളികളുടെ സൊസൈറ്റി ചെയ്യുകയോ? ആരവിടെ? (ഇഡി കുന്തവുമായി പ്രവേശിക്കുന്നു). കുറ്റപത്രം സമർപ്പിക്കാൻ മേൽപറഞ്ഞ 'കുറ്റങ്ങൾ' ധാരാളമല്ലോ?
ഇനി ബാക്കി സത്യം മാതൃഭൂമി തന്നെ പറയട്ടെ.
Recommended Video
1. 2015ൽ ഊരാളുങ്കലിനെ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡറാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ
2. ടെൻഡറില്ലാതെ കരാർ നൽകാവുന്ന അക്രഡിറ്റഡ് ഏജൻസിയായി ഊരാളുങ്കലിനെ നിശ്ചയിച്ചതും ഉമ്മൻ ചാണ്ടി.
3. ഐ.ടി.അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിന് നൽകിയതോ? അതും 2016 ജനുവരിയിൽ ഉമ്മൻ ചാണ്ടി.
4. ഉമ്മൻ ചാണ്ടി സർക്കാർ ഊരാളുങ്കലിന് ആകെ നൽകിയ കരാർ എത്ര? 1050 കോടിയുടെ!!
പക്ഷേ ഇപ്പോൾ ഇഡിക്കൊപ്പം ഊരാളുങ്കലിനെ തകർക്കാനും LDF സർക്കാരിനെ ആക്രമിക്കാനും നടക്കുന്നതോ യു ഡി എഫും. അതാണ് രാഷ്ട്രീയം!
(ചിത്രം - മാതൃഭൂമി വാർത്ത)
ഇന്ന് വേറൊരു വലിയ സത്യം കൂടി മാതൃഭൂമി ചെറുതായി എഴുതിയിട്ടുണ്ട്. അത് പിന്നെ''.