മെഡിക്കല്‍ പ്രവേശനത്തിന് ഇനി ഒറ്റപരീക്ഷമതിയെന്ന്, സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തേണ്ടെന്ന്
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷയെന്നാല്‍ ഇതൊരു കടമ്പയാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പരീക്ഷ നടത്തുന്നതായിരുന്നു പതിവ്. പല സ്ഥാപനങ്ങളും സ്വന്തം നിലയ്ക്കും പരീക്ഷ നടത്താനുള്ള അനുമതി നേടുകയും വിവാദങ്ങളില്‍പ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇനി രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഒറ്റപരീക്ഷ മാത്രം മതിയെന്ന് തീരുമാനം.
രാജ്യത്തെ എല്ലാ മെഡിക്കല്‍ കൊളെജുകളിലേയും പ്രവേശനം അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം നടത്തിയാല്‍ മതിയെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. വ്യാഴാഴ്ച ദില്ലിയില്‍ ചേര്‍ന്ന യോഗത്തിലാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്.

മെഡിക്കല്‍ കൗണ്‍സില്‍ എടുത്ത ഈ തീരുമാനം നടപ്പിലാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താനുള്ള അനുമതി ഇല്ലാതാകും. മാനേജ്‌മെന്‍റ്മെഡിക്കല്‍ കൊളെജുകള്‍ സ്വന്തം നിലയ്ക്ക് നടത്തുന്ന പരീക്ഷകളും ഇതോടെ ഇല്ലാതാകും. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ നടപ്പാക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവശനം നല്‍കണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം മുമ്പ് സുപ്രീം കോടതി തള്ളിയിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ നിലവിലുണ്ട്. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പൊതുപരീക്ഷയെക്കുറിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ആലോചിച്ചത്.












Click it and Unblock the Notifications