മീശ പ്രസിദ്ധീകരിച്ച് 15 മിനിറ്റിനുള്ളില്‍ വന്നത് 2000 തെറിവിളികള്‍; രവി ഡിസി
കൊച്ചി: എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ അധിക്ഷേപം നേരിടേണ്ടി വന്നു എന്ന് പ്രസാധകന്‍ രവി ഡി സി. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകം പ്രസിദ്ധീകരിച്ച് ആദ്യത്തെ പതിനഞ്ച് മിനിറ്റിനുള്ളില്‍ 2000 ത്തോളം തെറിവിളികള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്നു എന്നും എന്നാല്‍ മലയാളി സമൂഹം പുസ്തകത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എന്നും ഡിസി ബുക്ക്‌സ് ഉടമ രവി ചൂണ്ടിക്കാട്ടി.

എത്ര കോപ്പികള്‍ വിറ്റു എന്നതിലല്ല, മലയാളി എങ്ങനെ ഇതിനെ കാണുന്നു എന്നതാണ് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോകോള്‍ഡ് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം സമൂഹം പുസ്തകത്തെ എങ്ങനെയാണ് കാണുന്നത് എന്ന് വിവാദം ഉണ്ടാക്കുന്നവര്‍ ശരിക്കും മനസിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. എന്ത് എഴുതണമെന്ന് ആരെങ്കിലും തീരുമാനിക്കല്‍ ശരിയല്ലെന്ന് നോവലിനെതിരെയുള്ള ഹര്‍ജി പരിഗണിച്ച അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് കേസ് പിന്‍വലിക്കാന്‍ പരാതിക്കാരനെ അനുവദിച്ചിരുന്നില്ല. അത്തരത്തില്‍ വിധി പറയാന്‍ സുപ്രീംകോടതി വരെ ധൈര്യം കാണിച്ചു എന്നും രാജ്യത്തെ പ്രസാധകരെല്ലാം ആഘോഷിച്ചിരുന്ന വിധിയാണിത് എന്നും രവി പറഞ്ഞു. മീശ ഒരു ഫിക്ഷനാണ്. നിക്കോസ് കസാന്‍ദസ്‌ക്കീസിന്റെ പുസ്തകവും ടി ജെ ജോസഫിന്റെ പുസ്തകവും ഡി സി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത്.

സ്വാതന്ത്ര്യത്തിന് ശേഷം മലയാളത്തില്‍ ഇതുവരെ ഇല്ലാത്ത സെന്‍സറിങ്ങാണ് കൊണ്ടുവരുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചില്ലായിരുന്നെങ്കില്‍ മലയാളത്തിലെ എഴുത്തുകാര്‍ക്ക് പിന്നീട് എഴുതാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായേനെ എന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാര്‍ സെല്‍ഫ് സെന്‍സറിംഗിന് വിധേയമാകുന്ന അവസ്ഥ വന്ന് കൊണ്ടിരിക്കുന്ന സമയത്താണ് മീശ പ്രസിദ്ധീകരിച്ചത്.

മീശയ്ക്ക് ജെ സി ബി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇറങ്ങിയിട്ടുള്ള ഗൗരവകരമായ വായന അര്‍ഹിക്കുന്ന പുസ്തകമാണ് മീശ എന്നും അദ്ദേഹം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം നിലനിര്‍ത്തണം എന്ന വാശിയോടെ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഒരു എഴുത്തുകാരനും സെല്‍ഫ് സെന്‍സറിങ്ങിന് വിധേയമാകരുതെന്നതാണെന്ന് മീശ പ്രസിദ്ധീകരിച്ചതിന് പിന്നിലുള്ള ചേതോവികാരം എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications