മാനസികരോഗിയായ യുവാവിന്റെ മരണം: കൊലപാതകമെന്ന് സംശയം, മരണം ഒറ്റയ്ക്ക് താമസിക്കവേ!
വിഴിഞ്ഞം: അടിമലത്തുറയിൽ മാനസിക രോഗിയായ യുവാവ് വീട്ടിൽ മരിച്ച സംഭവം കൊലപാതകമെന്ന് നാട്ടുകാർ. അടിമലത്തുറ പുറം പോക്കുപുരയിടത്തിൽ വിനിത ഹൗസിൽ പരേതനായ വിൻസന്റിന്റെയും നിർമ്മലയുടെയും മകൻ വിനുനെയാണ് (25) തിങ്കളാഴ്ച വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് യുവാവ് മാതാവ് നിർമ്മലയെ ആക്രമിച്ചിരുന്നു. തുടർന്ന് ഇവർ സമീപത്തു താമസിക്കുന്ന മകൾ വിനിതയുടെ കൂടെ താമസമാക്കി. ഇതിനുശേഷം വിനു തനിച്ചായിരുന്നു താമസം.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30ന് വീട്ടിൽ നിന്ന് നിലവിളി കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. എന്നാൽ ഇടയ്‌ക്കിടയ്‌ക്ക് ഇതുപോലുള്ള നിലവിളിയുള്ളതിനാൽ നാട്ടുകാർ കാര്യമായെടുത്തില്ല. വിനുവിനെ ഞായറാഴ്‌ചയും പുറത്തു കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ തിങ്കളാഴ്‌ച വൈകിട്ട് വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് തലയിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ദിനിലിന്റെ നേതൃത്വത്തിൽ പൊലീസെത്തി വീടും പരിസരവും പരിശോധിച്ചു. വിഴിഞ്ഞം പൊലീസും ഫോറൻസിക് വിദഗ്‌ദ്ധരും ഇന്നലെ രാവിലെയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications