ഇനി മില്‍മയുടെ പാല്‍പ്പൊടിയും; കേരളത്തിലെ ആദ്യത്തെ പാല്‍പ്പൊടി യൂണിറ്റ് മലപ്പുറത്ത് ആരംഭിക്കാന്‍ മില്‍മ
മലപ്പുറം: കേരളത്തില്‍ ആദ്യമായി പാല്‍പ്പൊടി യൂണിറ്റ് ആരംഭിക്കാന്‍ മില്‍മ. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്ക് അടുത്ത് മൂര്‍ക്കനാട്ടില്‍ ആണ് മില്‍മയുടെ മെഗാ പൗഡറിംഗ് യൂണിറ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ യൂണിറ്റാകുന്ന ഇത് തന്നെയായിരിക്കും സംസ്ഥാനത്തെ ഏക പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയും. 12.5 ഏക്കറിലാണ് യൂണിറ്റ് സ്ഥാപിക്കുന്നത്. 2023 മാര്‍ച്ചോടെ യൂണിറ്റ് തുടങ്ങാനാകും എന്നാണ് മില്‍മ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
100 കോടി രൂപ മുതല്‍ മുടക്കിലാണ് പാല്‍പ്പൊടി യൂണിറ്റ് ആരംഭിക്കുന്നത്. നേരത്തെ ആലപ്പുഴയില്‍ മില്‍മയ്ക്ക് ചെറിയ ചെറിയ പൗഡറിംഗ് യൂണിറ്റ് ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് താഴിട്ടിട്ട് വര്‍ഷങ്ങളായി. കൊവിഡ് മഹാമാരി സമയത്ത് വില്‍ക്കാന്‍ കഴിയാതെ ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ മില്‍മയ്ക്ക് ദിവസവും മിച്ചം വന്ന സാഹചര്യമുണ്ടായിരുന്നു. മിച്ചം വരുന്ന പാല്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും കൊണ്ടുപോയാണ് പൊടിയാക്കിയിരുന്നത്.

എന്നാല്‍ പിന്നീട് ഇതും അധികം മുന്നോട്ട് പോയില്ല. ഇതോടെയാണ് മില്‍മ പുതിയ പൗഡറിംഗ് യൂണിറ്റിന്റെ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. സ്വീഡിഷ് ബഹുരാഷ്ട്ര കമ്പനിയായ ടെട്രാ പാക്ക് ആണ് മില്‍മയ്ക്കായി ആധുനിക പാല്‍പ്പൊടി നിര്‍മ്മാണ യന്ത്രങ്ങള്‍ നിര്‍മ്മിക്കുക. ഈ യന്ത്രങ്ങള്‍ക്ക് മാത്രം 51 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ പദ്ധതി വിഭാവനം ചെയ്തത് 54.5 കോടി രൂപയ്ക്കായിരുന്നു.
എന്നാല്‍ ഭാവിയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും എന്ന് മുന്നില്‍ കണ്ടാണ് മില്‍മ 100 കോടി രൂപയുടെ പദ്ധതിയിലേക്ക് മാറിയത്. മലബാറില്‍ ഡയറി പ്ലാന്റില്ലാത്ത ഏക ജില്ല മലപ്പുറം ആണ്. ഇതിനാലാണ് പൗഡറിങ് യുണിറ്റിനായി മൂര്‍ക്കനാട് തിരഞ്ഞെടുത്തതെന്ന് മില്‍മ ചെയര്‍മാന്‍ കെ. മണി അറിയിച്ചു. ഒരു കിലോ പാല്‍പ്പൊടി ഉണ്ടാക്കാന്‍ 10 ലിറ്റര്‍ പാലാണ് ആവശ്യം. പാലിന് മാത്രം ഒരു കിലോ ഗ്രാമിന് 360 രൂപ വരുമെന്നിരിക്കെ വിപണിയില്‍ ലഭ്യമായ ജനപ്രിയ ബ്രാന്‍ഡുകളുമായി മില്‍മ കടുത്ത മത്സരം നേരിടേണ്ടി വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍
രണ്ട് മാസത്തിനുള്ളില്‍ പാല്‍ പൊടിയാക്കാനുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളും ഇതോടൊപ്പം തന്നെ നടക്കുന്നതായിരിക്കും. നിലവില്‍ മില്‍മ കേരളത്തില്‍ ദിവസേന 15 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്, ഇതില്‍ പകുതിയിലേറെയും മലബാറില്‍ നിന്നാണ്. പൗഡറിങ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രതിദിനം 17 ലക്ഷം ലിറ്റര്‍ വരെ സംഭരിക്കാനാകുമെന്ന കണക്കുകൂട്ടല്‍.












Click it and Unblock the Notifications