പാലക്കാട് മിൻഹാജ്, ചേലക്കരയിൽ എൻകെ സുധീർ; വയനാട് പ്രിയങ്കക്ക് പിന്തുണ; കളത്തിലിറങ്ങി പിവി അൻവറും
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പിവി അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. പാലക്കാട് ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് ആണ് സ്ഥാനാർത്ഥി. ചേലക്കരയിൽ മുൻ എഐസിസി അംഗം എൻകെ സുധീർ മത്സരിക്കും. വയനാട്ടിൽ മത്സരിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധിക്ക് പിന്തുണ നൽകുമെന്നും പിവി അൻവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി പി എമ്മിനും കോൺഗ്രസിനുമെതിരെ വാർത്താസമ്മേളനത്തിൽ അൻവർ ആഞ്ഞടിച്ചു. ബിജെപിക്കെതിരെ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ പാലക്കാട് അവതരിപ്പിക്കാൽ എൽ ഡി എഫും യു ഡി എഫും തയ്യാറാണോയെന്ന് അൻനർ ചോദിച്ചു.
'പാലക്കാട് ഡി എം കെ മത്സരിച്ചാൽ ബി ജെ പിക്ക് വഴിതുറക്കുമെന്നാണ് എൽ ഡി എഫും യു ഡി എഫും പ്രചരിപ്പിക്കുന്നത്. ആരാണ് ബി ജെ പിയെ കേരളത്തിൽ പ്രമോട്ട് ചെയ്യുന്നത്. ബി ജെ പിയെ തടുക്കേണ്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്. പാലക്കാട് ബി ജെ പി ജയിച്ചാൽ അതിന്റെ ഉത്തരവാദി പിവി അൻവറാകുമോ? എൽ ഡിഎ ഫിനേയും യു ഡി എഫിനേയും വെല്ലുവിളിക്കുന്നു, ബി ജെ പിയോടുള്ള നിലപാട് സത്യസന്ധമാണെങ്കിൽ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ പാലക്കാട് പ്രഖ്യാപിക്കട്ടെ. അതിന്റെ മുന്നണി പടയാളിയായി താനും ഡി എം കെയും മുൻപിലുണ്ടാകും.

പാലക്കാട് ഒരാൾ തോൽക്കുകയോ ജയിക്കുകയോ ചെയ്താൽ യു ഡി എഫിനോ എൽ ഡി എഫിനോ രാഷ്ട്രീയപരമായി നഷ്ടം ഇപ്പോൾ സംഭവികാനില്ല. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ എന്തുകൊണ്ട് അവർക്ക് ബി ജെ പിക്കെതിരെ ഒരുമിച്ച് സ്ഥാനാർത്ഥിയെ നിർത്തിക്കൂട? പാലക്കാട് എന്ത് സംഭവിക്കുമെന്നാണ് നമ്മൾക്ക് കാണാം. കോൺഗ്രസിനേയും സി പി എമ്മിനേയും ജനങ്ങൾ തള്ളും', വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു.
ഡി എം കെയെ സംബന്ധിച്ച് കേരളത്തിലെ പൊളിറ്റിക്കൽ നെക്സസിനെ പൊളിക്കാൻ കിട്ടിയ രാഷ്ട്രീയ അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പ്. നാടിനെ സ്നേഹിക്കുന്ന വർഗീയതയെ എതിർക്കുന്ന എല്ലാവരും ഡിഎംകെ മുന്നോട്ട് വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ചേലക്കരയിലും പാലക്കാടും ബാക്ക് ഫയറിങ് നടന്നിരിക്കും . 23 ന് വോട്ടെണ്ണുമ്പോൾ ജനങ്ങളുടെ മനസ് എന്താണെന്ന് കേരളം കാണണം', പി വി അൻവർ പറഞ്ഞു.
അതിനിടെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരേയും വാർത്താസമ്മേളനത്തിൽ അൻവർ ആരോപണം ഉന്നയിച്ചു. ' ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഒരുപാട് മാനസിക പീഡനങ്ങൾക്ക് ഇരയായി ഒരു എഡിഎം ജീവനൊടുക്കിയ വാർത്തയാണ്. ഞാൻ മനസിലാക്കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിൽ വെറുതെ വന്ന് സംസാരിച്ചതല്ല. കേരളത്തിലെ വിവിധ ജില്ലകളിൽ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് നിരവധി പെട്രോൾ പമ്പുകളിൽ നിക്ഷേപമുണ്ട്. നിരവധി ബിനാമികളും ഉണ്ട്. അതിൽ ഒരു ബിനാമിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ്.
എഡിഎം സത്യസന്ധനായി പ്രവർത്തിച്ച വ്യക്തിയാണ്. അദ്ദേഹം പി ശശിയുടെ ഇടപെടൽ പല അവസരങ്ങളിലും എതിർത്തിട്ടുണ്ട്. ശശിയുടെ ഇംഗിതത്തിന് പൂർണമായും വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു നവീൻ. സമ്മർദ്ദം സഹിക്ക വയ്യാതെയാണ് അദ്ദേഹം സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങി പോയത്. ആ പോകുന്ന സമയത്ത് പണിക്കൊടുക്കാൻ വേണ്ടിയാണ് ദിവ്യ കയറി വന്ന് മനപ്പൂർവ്വം ആരോപണം ഉന്നയിച്ചത്. സ്ഥലം മാറി വരുന്നത് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനാണെന്ന് പൊതുസമൂഹത്തെ അറിയിക്കാൻ ശശി ദിവ്യയെ ഉപയോഗിക്കുകയായിരുന്നു. ഇദ്ദേഹം അഴിമതിക്കാരനാണെന്ന് പരാതി ലഭിച്ചിരുന്നതായി രേഖ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസും പൊളിറ്റിക്കൽ സെക്രട്ടറിയും. എഡിഎമ്മിന്റെ മരണത്തിൽ സിപിഎമ്മിനാണ് യഥാർത്ഥത്തിൽ ഉത്തരവാദിത്തം. പൊളിറ്റിക്കൽ സെക്രട്ടറിയെ ഈ നിലയിൽ വളരാൻ അനുവദിച്ചത് സിപിഎമ്മാണ്. അവർ അതിന് ഉത്തരം നൽകണം', അൻവർ പറഞ്ഞു.












Click it and Unblock the Notifications