കൊടുംക്രൂരത, കുഴിച്ചുമൂടിയത് 20 തെരുവുനായ്ക്കളെ, മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി
തിരുവനന്തപുരം: വള്ളക്കടവില്‍ ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവം അതിക്രൂരമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംഭവത്തില്‍ അന്വേഷണം നടത്തി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി അറിയിച്ചു. സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്.
ചൊവ്വാഴ്ച്ച വള്ളക്കടവ് പിഡി നഗറില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണത്തിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നായ്ക്കളെ കുഴിച്ചിട്ട സ്ഥലം മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു.വിമാനത്താവളത്തില്‍ ഉള്ളില്‍ നിന്നും പുറത്തുനിന്നും പിടികൂടിയതെന്ന് കരുതുന്ന ഇരുപതോളം നായ്ക്കളെയാണ് കുഴിച്ചുമൂടിയതായി നായപിടുത്തക്കാരന്‍ വകുപ്പിനെ അറിയിച്ചത്.

അതേസമയം നായ്ക്കളെ കൊലപ്പെടുത്തിയും, ജീവനോടെയും കുഴിച്ചുമൂടി എന്നാണ് വിവരം. പിടികൂടിയ നായ്ക്കളെ ദത്ത് നല്‍കാന്‍ കൊണ്ടുപോകുന്നു എന്ന വ്യാജനയാണ് കുഴിച്ചുമുടിയത്. നായ്ക്കളെ ഇയാള്‍ കുഴിച്ചുമൂടിയ സ്ഥലത്ത് നിന്ന് എട്ട് നായ്ക്കളുടെ ശരീരാവശിഷ്ടങ്ങള്‍ വകുപ്പിന് ലഭിച്ചു. ഏഴോളം ശരീരാവശിഷ്ടങ്ങള്‍ അഴുകിയ നിലയിലാണ്. വിമാനത്താവള അതോറിറ്റിയുടെ വാഹനത്തിലാണ് നായ്ക്കളെ കുഴിച്ചുമൂടിയ സ്ഥലത്ത് എത്തിച്ചതെന്ന് വകുപ്പിലെ ജീവനക്കാര്‍ പറഞ്ഞു.
മൃഗങ്ങളോട് ഇത്തരത്തിലലുള്ള ക്രൂരമായ നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും, കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.മൃഗസംരക്ഷണ സംഘടനയുടെ പരാതിയില്‍ വലിയതുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വന്ധ്യംകരണം ചെയ്ത നായ്ക്കളും ഇങ്ങനെ കുഴിച്ചുമൂടിയതില്‍ ഉള്‍പ്പെടുന്നു. സംഭവം അറിഞ്ഞ ഉടന്‍ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക സംഘത്തെ സ്ഥലത്തേക്ക് അയച്ചു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
ജൂലൈ 26നു ഒന്‍പതും പിറ്റേദിവസം പതിനൊന്നും നായ്ക്കളെയാണ് പിടികൂടിയത്. പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആന്തരികാവയങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രാസ പരിശോധനയ്ക്കായി ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ക്ക് അയക്കാന്‍ നടപടികള്‍ സ്വീകരിച്ചു.












Click it and Unblock the Notifications